News
സാമ്പത്തിക തട്ടിപ്പ് കേസ്; ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്ത് ഇഡി
സാമ്പത്തിക തട്ടിപ്പ് കേസ്; ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്ത് ഇഡി
ബോളിവുഡ് നടിയായ ജാക്വലിന് ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് താരത്തെ ചോദ്യം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖരുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി.
ഈ കേസിലെ സാക്ഷിയെന്ന നിലയിലാണ് നടിയെ ചോദ്യം ചെയ്തതെന്നാണ് വിവരം. ഇഡിയുടെ ദില്ലി യൂണിറ്റ് അഞ്ച് മണിക്കൂറോളം നടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്റെ പങ്കാളിയായിരുന്നു സുകേഷ്. ഈ കേസില്‍ ലീനാ മരിയ പോളിനെ നേരത്തെ ഇഡി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ 24ന് സുകേഷ് ചന്ദ്രശേഖര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ കടല്‍ത്തീരത്തുള്ള ബംഗ്ലാവ്, ഒരു ഡസനിലധികം ആഡംബര കാറുകള്‍, 82.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി നേരത്തെ അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു.
ഏകദേശം 200 കോടി രൂപ തട്ടിയെടുക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീവകുപ്പുകള്‍ പ്രകാരം ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ എഫ്ഐആറിനെ അടിസ്ഥാനമാക്കിയാണ് കേസ്.
തന്റെ 17 വയസ്സുമുതല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഭാഗമായ സുകേഷ് ചന്ദ്രശേഖറിനെതിരെ നിരവധി എഫ്ഐആറുകള്‍ ഉണ്ട്. ഇപ്പോള്‍ സുകേഷ് ഡല്‍ഹിയിലെ രോഹിണി ജയിലിലാണ്.
പാര്‍ട്ടി ഇലക്ഷന് ചിഹ്നവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഇതുമായി ബന്ധപ്പെട്ട പോളിംഗ് പാനല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കാന് എ.ഐ.എ.ഡി.എം.കെ ‘അമ്മ’ വിഭാഗത്തിന്റെ നേതാവ് ടിടിവി ദിനകരനില് നിന്ന് സുകേഷ് ചന്ദ്രശേഖര്‍ പണം വാങ്ങിയെന്നും ആരോപണമുണ്ട്.
2009ല്‍ ഇന്ത്യയില്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് ജാക്വിലിന് അഭിനയ മേഖലയിലേയ്ക്ക് കടന്നുവന്നത്. മര്‍ഡഡര്‍ 2, ഹൌസ്ഫുള് 2, റേസ് 2, കിക്ക് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
