Malayalam
സീരിയലില്‍ സംഭവിച്ച ആ കാര്യം അതേ പോലെ ജീവിതത്തിലും നേരിട്ടു; വേദനിപ്പിക്കുന്ന അനുഭവത്തെ കുറിച്ച് സാജന്‍ സൂര്യ
സീരിയലില്‍ സംഭവിച്ച ആ കാര്യം അതേ പോലെ ജീവിതത്തിലും നേരിട്ടു; വേദനിപ്പിക്കുന്ന അനുഭവത്തെ കുറിച്ച് സാജന്‍ സൂര്യ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് സാജന്‍ സൂര്യ. മിനിസ്‌ക്രീനിലെ മിന്നും താരമായ സാജന്‍ വെള്ളിത്തിരയിലും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. അടുത്തിടെ സഹതാരം ശബരിനാഥിന്റെ വിയോഗത്തെ കുറിച്ച് പറഞ്ഞുള്ള സാജന്റെ എഴുത്തുകള്‍ ശ്രദ്ധേയമായിരുന്നു. എന്നാലിപ്പോള്‍ മറ്റൊരു വേദനയെ കുറിച്ചാണ് സാജന്‍ പറയുന്നത്. ജനിച്ച് വളര്‍ന്ന വീട് നഷ്ടപ്പെട്ടതിന്റെ വേദനയാണ് താരം പങ്കുവെക്കുന്നത്. സാജന്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന ജീവിതനൗക എന്ന സീരിയലില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുന്ന രംഗമുണ്ട്. അതില്‍ അഭിനയിച്ചതിന് ശേഷമാണ് തന്റെ യഥാര്‍ഥ ജീവിതത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവേണ്ടി വന്നതുമായിട്ടുള്ള സംഭവങ്ങളും സീരിയലിലെ രംഗവുമായുള്ള സാമ്യത്തെ കുറിച്ച് താരം പറയുന്നത്.
ജനിച്ചു വളര്‍ന്ന വീട് വിട്ട് പോകേണ്ട അവസ്ഥ അനുഭവിച്ചവര്‍ എത്ര പേരുണ്ടിവിടെ? ജീവിത സാഹചര്യത്തിന് അനുസരിച്ചും, കല്യാണം കഴിഞ്ഞ് മാറി താമസിക്കുന്നവരും അല്ലാതെ ബാല്യം, കൗമാരം, യൗവനം വരെ ചിലവഴിച്ച വീട് എന്നന്നേക്കുമായി നഷ്ടപ്പെട്ടവര്‍ക്ക് മാത്രേ അതിന്റെ വേദന അറിയൂ. മാളൂന് ഒരു വയസ്സാകുന്നതിനു മുന്നേ എനിക്കും ആ വീട് നഷ്ടപ്പെട്ടു. ഓര്‍മ്മകളെ കുറിച്ചു പറഞ്ഞാല്‍ ബാലിശമാകോ? വലിയ പറമ്പ്, മുറ്റത്തെ ടാങ്കില്‍ നിറയെ ഗപ്പികളും ഒരു കുഞ്ഞന്‍ ആമയും, മഴ പെയ്താല്‍ കൈയ്യെത്തി കോരാവുന്ന കിണര്‍ അതിലെ മധുരമുള്ള വെള്ളം, കരിക്ക് കുടിക്കാന്‍ മാത്രം അച്ഛന്‍ നട്ട ഗൗരിഗാത്ര തെങ്ങ്, ആ ചെന്തെങ്ങിന്റെ കരിക്കിന്‍ രുചി പിന്നെങ്ങും കിട്ടിയിട്ടില്ല. നിറയെ കോഴികളും കുറേ കാലം ഞാന്‍ വളര്‍ത്തിയ മുയലുകളും എന്റെ മുറിയും കീ കൊടുക്കുന്ന ഘടികാരത്തില്‍ ബാലരമയില്‍ നിന്നും കിട്ടിയ മായാവിയുടെ ഒട്ടിപ്പോ സ്റ്റിക്കറും. എഴുതിയാല്‍ കുറേ ഉണ്ട്.
അഗ്നിക്കിരയാക്കി തിരുനെല്ലിയില്‍ ഒഴുക്കിയത് കൊണ്ട് അച്ഛനുറങ്ങുന്ന മണ്ണെന്ന സ്ഥിരം സെന്റി ഇല്ല. അച്ഛന്റെ ഓര്‍മ്മകള്‍ സാന്നിധ്യം അവിടുണ്ടായിരുന്നു. ത്രിസന്ധ്യ നേരത്ത് എല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിയപ്പോള്‍ കടം മുഴുവന്‍ തീര്‍ന്നെന്ന ആശ്വാസമായിരുന്നു. ഗേറ്റ് കടക്കുവോളം. കാറില്‍ കയറി ഒന്നൂടൊന്ന് വീട്ടിലേക്ക് നോക്കിയപ്പോ തലച്ചോറില്‍ നിന്നൊരു കൊള്ളിയാന്‍ ഹൃദയത്തിലേക്ക് തുളച്ചു കയറി. എന്നെ സമാധാനിപ്പിക്കാന്‍ മോളെ ചേര്‍ത്ത് പിടിച്ച് ഭാര്യ എന്തൊക്കെയോ ചെയ്തു. ഇപ്പോ ഇത് എഴുതാന്‍ കാരണം എന്റെ ജീവിതത്തില്‍ സംഭവിച്ച അതേ സാഹചര്യം അഭിനയിക്കേണ്ടി വന്നു.. ജീവിതനൗകയില്‍. അന്നൊരു പഴയ മാരുതിയില്‍ ആയിരുന്നെങ്കില്‍ ഇന്ന് ബിലേറോയില്‍ ആയിരുന്നു ജയകൃഷ്ണനും കുടുംബവും വീടു വിട്ടിറങ്ങിയത് എന്ന് മാത്രം. ജീവിതനൗക ഇത്തരത്തില്‍ ജീവിതത്തോട് അടുത്തു നില്‍ക്കുന്ന ഒത്തിരി മുഹൂര്‍ത്തങ്ങള്‍ നല്‍കി എന്നും സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച എഴുത്തില്‍ സാജന്‍ സൂര്യ പറയുന്നു.
ഇക്കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സാജന്റെ പ്രിയ സുഹൃത്തും സീരിയല്‍ നടനുമായ ശബരിനാഥ് മരണപ്പെടുന്നത്. ജീവിതത്തില്‍ താന്‍ ഒട്ടനേകം മരണങ്ങള്‍ക്കു സാക്ഷിയായിട്ടുണ്ടെങ്കിലും, ശബരിയുടെ മരണത്തോളം ഒന്നും തന്നെ തകര്‍ത്തിട്ടില്ല എന്ന് സാജന്‍ പറഞ്ഞു. ശബരി എനിക്ക് വെറും കൂട്ടുകാരന്‍ ആയിരുന്നില്ല, എന്നെ വളരെ നന്നായി മനസ്സിലാക്കിയിട്ടുള്ള , ഏതു പാതിരാത്രിക്കും എനിക്ക് വിളിച്ചു ലോകത്തു എന്തിനെക്കുറിച്ചും സംസാരിക്കാന്‍ കഴിയുന്ന ഒരാളായിരുന്നു. ഈ നഷ്ടം എന്ന വാക്കിന്റെ ശരിക്കുള്ള അര്‍ത്ഥം എനിക്കിപ്പോള്‍ നന്നായി മനസ്സിലാകുന്നുണ്ട് എന്നും സാജന്‍ പറഞ്ഞിരുന്നു.
