News
‘തിയേറ്ററുകളില്‍ 100% കാണികള്‍ ’ ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍, എന്നാല്‍ ഈ 16 നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധം!!!
‘തിയേറ്ററുകളില്‍ 100% കാണികള്‍ ’ ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍, എന്നാല്‍ ഈ 16 നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധം!!!
കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ തിയേറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രദര്‍ശനങ്ങള്‍ക്കായി 100 ശതമാനം സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവാമെന്ന മുഖവുരയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരം വാര്‍ത്താ വിതരണ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അണ്‍ലോക്ക് പ്രക്രിയ 5.0യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതലാണ് രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ സിനിമാഹാളുകളില്‍ 50 ശതമാനം കാണികളെ മാത്രമാണ് അനുവദിച്ചിരുന്നത്. പൊങ്കല്‍ റിലീസുകളുടെ സമയത്ത് തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും കേന്ദ്രം ഇടപെട്ട് തടഞ്ഞിരുന്നു.
പകുതി സീറ്റുകളില്‍ മാത്രം കാണികളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചു കൊണ്ട് പ്രദര്‍ശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാല്‍ നിയന്ത്രണം നീക്കണമെന്ന് തീയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് തമിഴ്നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയത്. അമ്പതു ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു കൊണ്ട് നവംബര്‍ മാസം മുതലാണ് തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങിയത്. പ്രമുഖ താരങ്ങളടക്കം മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര മാനദണ്ഡം മറികടന്ന് സംസ്ഥാനം ഇത്തരത്തിലൊരു നീക്കം നടത്തിയത്. എന്നാല്‍ ഇപ്പോള്‍ 16 ഇന മാര്നിര്ദ്ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്.
- കണ്ടെയ്ന്മെന്റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ല
- തിയറ്റര്‍ ഹാളിനു പുറത്ത് കാണികള്‍ ശാരീരിക അകലം പാലിക്കണം (6 അടി)
- മാസ്ക് നിര്‍ബന്ധം
- തിയറ്റര്‍ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം.
- കാണികളെയും തിയറ്റര്‍ ജീവനക്കാരെയും തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കി, കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയറ്റര്‍ പരിസരത്തേക്ക് പ്രവേശിപ്പിക്കാവൂ.
- തിയറ്റര്‍ ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളില്‍ കാണികള്‍ക്ക് ക്യൂ നില്‍ക്കാനുള്ള സ്ഥലങ്ങള്‍ ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ രേഖപ്പെടുത്തിയിരിക്കണം.
- പ്രദര്‍ശനം കഴിഞ്ഞാല്‍, തിരക്കൊഴിവാക്കാനായി ഓരോ വരിയിലുള്ള കാണികളെ വീതം പുറത്തേക്ക് പോകാന്‍ അനുവദിക്കണം.
- തിയറ്ററുകളിലെ 100 ശതമാനം സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കാവുന്നതാണ്.
- എലിവേറ്ററുകളിലും ശാരീരിക അകലം പാലിക്കാന്‍ ഉതകുന്ന തരത്തിലേ പ്രവേശനം പാടുള്ളൂ.
- പ്രദര്‍ശനത്തിനിടയിലുള്ള ഇടവേളയില്‍ ഹാളിനു പുറത്ത് ആള്‍ക്കൂട്ടം ഉണ്ടാവാതെ സൂക്ഷിക്കണം. ഇതിനായി ഇടവേളയുടെ സമയം ദീര്‍ഘിപ്പിക്കാവുന്നതാണ്.
- ശീതീകരണ സംവിധാനം ഉപയോഗിക്കുമ്പോള്‍ താപനില 24-30 ഡിഗ്രിയില്‍ നിലനിര്‍ത്തണം.
- തിരക്കുണ്ടാവാത്ത തരത്തില്‍ മള്‍ട്ടിപ്ലെക്സുകളിലെ പ്രദര്‍ശന സമയങ്ങള്‍ ക്രമീകരിക്കണം.
- ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാണിയുടെ കോണ്ടാക്ട് നമ്പര്‍ ലഭ്യമാക്കണം.
- തിരക്ക് ഒഴിവാക്കുന്നതിന് തിയറ്ററുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ദിവസം മുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കണം, അഡ്വാന്‍സ് ബുക്കിംഗിനുള്ള സൗകര്യവും ലഭ്യമാക്കണം
- ടിക്കറ്റ് വില്‍ക്കുന്നിടത്ത് കാണികള്‍ക്ക് ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ ആവശ്യത്തിന് കൗണ്ടറുകള്‍ ഉണ്ടായിരിക്കണം.
- ഓരോ പ്രദര്‍ശനത്തിനു ശേഷവും സിനിമാഹാള്‍ അണുവിമുക്തമാക്കണം. എന്നിവയാണ് പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍
