Malayalam
‘ആഗ്രഹം കൊണ്ട് ചോദിക്കുവാ പോകാതിരുന്നൂടെ’…കരിക്കിലെ ജോര്‍ജിനോട് അപേഷയുമായി ആരാധകര്‍
‘ആഗ്രഹം കൊണ്ട് ചോദിക്കുവാ പോകാതിരുന്നൂടെ’…കരിക്കിലെ ജോര്‍ജിനോട് അപേഷയുമായി ആരാധകര്‍
By
മറ്റൊരു റിയാലിറ്റി ഷോയ്ക്കും ലഭിക്കാത്ത പിന്തുണയാണ് ബിഗ് ബോസിന്റെ എല്ലാ സീസണിലും പ്രേക്ഷകര്‍ നല്‍കുന്നത്. ഹിന്ദിയില്‍ ആരംഭിച്ച ഷോ ഇപ്പോള്‍ നിരവധി ഭാഷകളിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഏഷ്യാനെറ്റില്‍ ബിഗ്ബോസ് മലയാളത്തിന്റെ സീസണ് 3 ആരംഭിക്കുന്ന വിവരം ബിഗ്ബോസ് ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സ്റ്റാര്‍ സിംഗര്‍ സീസണ് 8 ന്റെ വേദിയില്‍ വെച്ച് മലയാളത്തിന്റെ യുവ നടന് ടോവിനോ തോമസാണ് ബിഗ് ബോസ് സീസണ് 3ന്റെ ലോഗോ റിലീസ് ചെയ്തത്. മലയാളത്തിന്റെ മൂന്നാം സീസണ് ഉടന്‍ എത്തുമെന്ന് സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ അവതാരക ജ്യൂവല്‍ മേരിയും വേദിയില്‍ വെച്ച് പ്രഖ്യാപിച്ചിരുന്നു ഇതിനു പിന്നാലെ ആരോക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്ന ചര്‍ച്ച സജീവമായി തുടരുന്നതിനിടെ കുറച്ച് താരങ്ങളുടെ പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതില്‍ കരിക്ക് എന്ന വെബ്സീരീസിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ ജോര്‍ജിന്റെയും പേര് ഉയര്‍ന്നു വന്നതോടെ ബിഗ്ബോസിലേയ്ക്ക് പോകരുത് എന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
കരിക്ക് ടീമിന്റെ തുടക്കകാലം മുതല്‍ ഏറെ ശ്രദ്ധ നേടിയ നടന്മാരിലൊരാളാണ് അനു കെ അനിയന് എന്ന ജോര്‍ജ്. തേരാപാരാ എന്ന കരിക്കിന്റെ ആദ്യ സീരീസ് വീഡിയോയിലെ കഥാപാത്രത്തിന്റെ പേരിലാണ് അനു അറിയപ്പെടുന്നത്. അനു കെ അനിയന് എന്ന് പറയുന്നതിനേക്കാള്‍ പ്രേക്ഷകര്‍ക്ക് ഏറെ അടുപ്പം തോന്നുന്നത് കരിക്ക് ജോര്‍ജ് എന്ന് പറയുമ്പോഴാണ്. എന്നാല്‍ തങ്ങളുടെ പ്രിയ താരം ബിഗ്ബോസ് പോലൊരു പരിപാടിയിലേയ്ക്ക് പോകുന്നതായുള്ള റിപ്പോര്‍ട്ടിനോട് ജോര്‍ജിന്റെ ആരാധകര്‍ പോസിറ്റീവായ പ്രതികരണമല്ല നല്‍കുന്നത്. പോകേണ്ടതില്ലെന്നും ഉള്ള സ്നേഹം അങ്ങനെ കളയരുതെന്നുമൊക്കെയുള്ള സ്നേഹനിര്ദ്ദേശങ്ങളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ജോര്‍ജ്ജേ ഇത്ര കഷ്ടപ്പെട്ടുണ്ടാക്കിയ ഇമേജ് ഒറ്റയടിയ്ക്ക് കളഞ്ഞു കുളിക്കരുതെന്നും ആരാധകര്‍ പറയുന്നുണ്ട്. അതേസമയം കരിക്ക് ടീമിന്റെ പേര് ഇതോടു കൂടി പോകുമെന്നും എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ് എന്നും ചിലര്‍ പറയുന്നു. ഒപ്പം സിനിമയിലേയ്ക്കാണ് ജോര്‍ജ്ജിന്റെ ചുവടുവെപ്പെങ്കില് എല്ലാ പിന്തുണയുമുണ്ടെന്നും ആരാധകര്‍ പറയുന്നു.
വാര്‍ത്തകള്‍ക്ക് പിന്നാലെ അനു തന്നെ രംഗത്തെത്തിയിട്ടുണ്ട്. മനസാ വാചാ കര്‍ണാടക ഞാന്‍ അറിഞ്ഞിട്ടില്ലെന്ന് വ്യാജവാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവച്ച് അനു.കെ.അനിയന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നേരത്തെ റിമി ടോമിയും ബിഗ് ബോസ് സീസണ് ത്രീയില്‍ ഉണ്ടെന്ന പ്രചരണം വ്യാജമാണെന്ന് പറഞ്ഞിരുന്നു. കനി കുസൃതി ഉള്‍പ്പെടെ ഈ പട്ടികയില്‍ പറഞ്ഞിരുന്നവരില്‍ കൂടുതല്‍ പേരും സീസണ് ത്രീയില്‍ ഇല്ലെന്നതാണ് വസ്തുത. കനി കുസൃതി, ബോബി ചെമ്മണ്ണൂര്‍, മോഹനന് വൈദ്യര്, അനാര്‍ക്കലി മരക്കാര്‍, രഹന ഫാത്തിമ, ഗോവിന്ദ് പത്മസൂര്യ, രശ്മി നായര്‍, കരിക്ക് ഫെയിം അനു.കെ.അനിയന് ഉള്‍പ്പെടെയുള്ളവര്‍ സീസണ് ത്രീയില്‍ മല്സരാര്ത്ഥികളാണെന്നായിരുന്നു പ്രചാരണം. ഏതായാലും ബിഗ്ബോസ് മലയാളം സീസണ് 3യുടെ തുടക്കത്തിനായി കാത്തിരിക്കുകയാണ് മിനിസ്ക്രീന്‍ പ്രേക്ഷകര്‍. മോഹന്‍ലാല്‍ തന്നെയാണ് പരിപാടിയുടെ അവതാരകനായി എത്തുന്നത്. ഫെബ്രുവരിയോടെ തന്നെ ബിഗ്ബോസ് മലയാളത്തിന്റെ പുത്തന്‍ സീസണിനു തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് രൂക്ഷമായതിന് പിന്നാലെ സീസണ് ടു 2020 മാര്‍ച്ച് 20ന് അവസാനിപ്പിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ സീസണുമായിരുന്നു ഇത്. അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെയും ചര്‍ച്ച ചെയ്യപ്പെട്ട ഡോ.രജത്കുമാറിനെ മത്സരാര്‍ത്ഥിയാക്കിയതും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് നേരെ രജത് ഫാന്‍സ് നടത്തിയ സൈബര്‍ ആക്രമണങ്ങളും വലിയ ചര്‍ച്ചയായി. നൂറ് ദിവസം ഫിലിം സിറ്റിയിലെ ബിഗ് ബോസ് വീട്ടില്‍ താമസിച്ച് വിവിധ മത്സരങ്ങളിലൂടെയും വോട്ടിംഗിലൂടെയും ഒന്നാമതെത്തുന്നയാളാണ് ടൈറ്റില്‍ വിന്നര്‍. സാബു മോന് ആയിരുന്നു ബിഗ് ബോസ് ആദ്യ സീസണിലെ ടൈറ്റില്‍ വിന്നര്‍.
