Malayalam
അപ്പോള്‍ പ്രധാനം ആ കാര്യം മാത്രമായിരുന്നു, എപ്പോഴും തിരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മഞ്ജു വാര്യര്‍
അപ്പോള്‍ പ്രധാനം ആ കാര്യം മാത്രമായിരുന്നു, എപ്പോഴും തിരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മഞ്ജു വാര്യര്‍
മഞ്ജു വാര്യര്‍ എന്ന നടിയോട് പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. അഭിനയജീവിതം തുടങ്ങിയ കാലം മുതല്‍ ഇതുവരെയും മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയില്‍ നിന്ന് തന്നെ മനസ്സിലാക്കാം. സാക്ഷ്യം എന്ന ചിത്രത്തില്‍ തുടങ്ങി ദ പ്രീസ്റ്റ് വരെ എത്തി നില്‍ക്കുകയാണ് മഞ്ജു. ഒരു വലിയ പ്രത്യേകത കൂടി ദ പ്രീസ്റ്റ് എന്ന ഈ ചിത്രത്തിന് ഉണ്ട്. ആദ്യമായി മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം മഞ്ജുവിന് ലഭിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ മഞ്ജു തന്റെ ആരാധകരോട് എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ ലോക്ഡൗണ്‍ കാലഘട്ടത്തെ കുറിച്ചും ലോക്ഡൗണില്‍ പ്രാധാന്യം നല്‍കിയ കാര്യങ്ങളെക്കുറിച്ചും വാചാലയായിരിക്കുകയാണ് മഞ്ജു.
ലളിതം സുന്ദരമെന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു ലോക് ഡൗണ്‍ വന്നത്. ഒരു മാസത്തിന് ശേഷം എല്ലാം ശരിയാകുമെന്നാണ് കരുതിയത്. പക്ഷെ ലോക്ക്ഡൗണ്‍ ഒമ്പത് മാസത്തേയ്ക്ക് നീണ്ടപ്പോള്‍ ജോലികളില്‍ നിന്നും മാറി നിന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രാധാന്യം കൊടുത്തുവെന്നും താരം പറയുന്നു. ലോക് ഡൗണായതോടെ തിയേറ്ററുകളും അടച്ചിട്ടിരുന്നു. ഇതോടെയായിരുന്നു സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് വേണ്ടിയാണ് മിക്ക സിനിമകളും ചിത്രീകരിച്ചത്. സാഹചര്യ സമ്മര്‍ദ്ദം കാരണമായാണ് പലരും ഒടിടി റിലീസിന് തയ്യാറായത്. ഒടിടിയിലൂടെ എപ്പോള്‍ വേണമെങ്കിലും സിനിമകള്‍ കാണാം. എന്നാല്‍ ചില സിനിമകള്‍ തിയേറ്ററില്‍ കാണുമ്പോഴായിരിക്കും കൂടുതല്‍ ആസ്വദിക്കാനാവുന്നതെന്നും മഞ്ജു വാര്യര്‍ പറയുന്നു.
കയറ്റം, ലളിതം സുന്ദരം എന്നീ രണ്ട് ചിത്രങ്ങളുടെയും നിര്‍മ്മാണ പങ്കാളി കൂടി ആയതോടെ അഭിനയം മാത്രമല്ല നിര്‍മ്മാണത്തിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ് മഞ്ജു. മഞ്ജു വാര്യരുടെ സഹോദരനും അഭിനേതാവുമായ മധു വാര്യരാണ് ലളിതം സുന്ദരം ഒരുക്കുന്നത്. ബിജു മേനോന്‍ നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. കേന്ദ്രകഥാപാത്രത്തിന്റെ ജെന്‍ഡറിന് പ്രത്യേക പ്രാധാന്യമില്ലെന്ന് നമ്മളെല്ലാവരും മനസ്സിലാക്കണമെന്ന് മഞ്ജു വാര്യര്‍ പറയുന്നു. സിനിമയുടെ പ്രമേയവും, മേക്കിങും നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കും. ഭാഷയുടെ എല്ലാ അതിരുകളും ഭേദിക്കപ്പെട്ടിരിക്കുന്നു. സിനിമ പറയുന്ന വിഷയം തന്നെയാണ് പ്രധാനം. പിന്നെ തിരക്കഥയും. ആ കാര്യങ്ങള്‍ എല്ലാം നന്നായി വന്നാല്‍ പിന്നെ ഒന്നും പേടിക്കാനില്ലെന്നും താരം പറയുന്നു. സമാനതകള്‍ എന്നെ തേടി വരുന്ന സിനിമകളെല്ലാം സ്ത്രീ കേന്ദ്രീകൃത വിഷയങ്ങളാണ്. അത്തരത്തിലുള്ള മിക്ക സിനിമകളും കഥയിലേയും മറ്റു സമാനതകള്‍ കാരണം ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്റെ മുന്നില്‍ എപ്പോഴും തിരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നു. അത്തരം സിനിമകള്‍ വിജയിക്കുന്നത് എപ്പോഴും സന്തോഷം തന്നെയാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ ഗിരിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍ പങ്കെ വെച്ച പോസ്റ്റുകളെല്ലാം തന്നെ വൈറലായിരുന്നു. അമ്മ ഗിരിജ വാര്യര്‍ കണ്ട സ്വപ്നമായിരുന്നു മഞ്ജു വാര്യര്‍ എന്ന നര്‍ത്തകി. മകളെ ചിലങ്ക അണിയിച്ചതും ഏറെ പരിമിതികള്‍ക്കിടയിലും മഞ്ജുവിന്റെ നൃത്തപഠനത്തിന് കോട്ടം തട്ടാതെ മുന്നോട്ടുപോയതും അമ്മയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് മഞ്ജു നിരവധി തവണ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ‘എന്റെ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍. ഈ സ്ത്രീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു, ജീവിതത്തില്‍ പുതിയത് എന്തെങ്കിലും തുടങ്ങാന്‍ ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിക്കുന്നു.,’ എന്നായിരുന്നു മഞ്ജു കുറിച്ചിരുന്നത്.
