Malayalam
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ പിടിയിൽ; പിടിയിലായത് പുതിയ ചിത്രം റിലീസാവാനിരിക്കെ
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ പിടിയിൽ; പിടിയിലായത് പുതിയ ചിത്രം റിലീസാവാനിരിക്കെ
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. പിന്നാലെ ഇയാളുടെ വീട്ടിലും എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നു.
ഇതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. നാല് സിനിമകളുടെ സഹസംവിധായനായി പ്രവർത്തിച്ചിട്ടുണ്ട്. അനീഷ് അലിയുടെ ഒരു ചിത്രം റിലീസാവാനിരിക്കുന്നതായി എക്സൈസ് സംഘം പറഞ്ഞു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുമെന്നും സംഘം അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം, ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ അറസ്റ്റ് രേഖപ്പെടുത്തി തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ നിന്ന് ആയിരുന്നു ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും പിടിയിലായത്.
1.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആണ് ഇവർ പിടിയിലായത്. ഇതേ തുടർന്നാണ് സമീറിനെയും അറസ്റ്റ് ചെയ്തത്. സമീറിന്റെ ഫ്ളാറ്റിൽ നിരന്തരം ലഹരി ഉപയോഗം നടക്കുന്നതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ ഫ്‌ളാറ്റിലെ ലഹരി ഉപയോഗം തന്റെ അറിവോടെ അല്ലെന്നാണ് സമീർ നൽകിയിരിക്കുന്ന മൊഴി.
ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും പലതവണയായി സമീർ താഹിറിന്റെ ഫ്‌ളാറ്റിലേക്ക് ലഹരി ഉപയോഗിക്കാനായി എത്തിയിരുന്നെന്നാണ് എക്‌സൈസ് സംഘം വ്യക്തമാക്കുന്നത്. ഷാലിഫ് മുഹമ്മദാണ് സുഹൃത്തുക്കൾ വഴി ഇവർക്ക് കഞ്ചാവ് എത്തിച്ചത്.
അതേസമയം, കൂടുതൽ ചലച്ചിത്ര പ്രവർത്തകരിലേയ്ക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഖാലിദ് റഹ്‌മാനോട് കഥ പറയാനെത്തിയ യുവാവാണ് ഫ്‌ളാറ്റിലെ ലഹരി ഉപയോഗത്തെ കുറിച്ച് എക്‌സൈസിന് വിവരം നൽകിയതെന്നാണ് വിവരം.
