Malayalam
അന്ന് ചേട്ടനെ തല്ലിയതിന് ലാലുചെയ്തത് അതായിരുന്നു, കുട്ടിക്കാലത്തേ ഒരു കുസൃതിക്കുടുക്ക; പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് മുത്തശ്ശി
അന്ന് ചേട്ടനെ തല്ലിയതിന് ലാലുചെയ്തത് അതായിരുന്നു, കുട്ടിക്കാലത്തേ ഒരു കുസൃതിക്കുടുക്ക; പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് മുത്തശ്ശി
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 61ാം ജന്മദിനമായ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആഘോഷങ്ങളുടെയും ആശംസകളുടെയും വസന്തകാലമാണ്.
1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാന്‍ മോഹന്‍ലാല്‍ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. വില്ലനായി എത്തി നായകനായി വളര്‍ന്ന് മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടാന്‍ അദ്ദേഹത്തിനായി. ഇപ്പോഴിതാ ജന്മദിനത്തോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ മുത്തശ്ശി അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
കുട്ടിക്കാലത്തേ ഒരു കുസൃതിക്കുടുക്ക ആയിരുന്നു ലാലുവെന്ന് മുത്തശ്ശി പറയുന്നു. ഞങ്ങളെയൊക്കെ പിടിച്ചിരുത്തികൊണ്ട് ചുമ്മാ സിനിമ കാണിക്കുകയൊക്കെ ചെയ്യും. ചെറുപ്പത്തില്‍ എന്നെയും അവന്റെ അമ്മയെയും ഇരുത്തി അഭിനയിച്ച് കാണിക്കും. ചെറുപ്പത്തില്‍ തന്നെ വലിയ കളിക്കാരന് ആയിരുന്നു. ഇപ്പോഴും എന്റെ അടുത്തുവന്നാല്‍ കാലു തിരുമ്മണം അവന്, എപ്പോള്‍ വന്നാലും എന്റെ കൂടെ വന്ന് കിടക്കുകയും ഉറങ്ങാന്‍ സമയത്ത് കാലു തിരുമ്മുകയും ചെയ്യാറുണ്ട് എന്നും മുത്തശ്ശി പറയുന്നു.
ഒരിക്കല്‍ ഒരാള്‍ മുണ്ട് അലക്കികൊണ്ട് വീട്ടില്‍ വന്നപ്പോള്‍ ലാലുവും ചേട്ടന് പ്യാരിയും മുറ്റത്ത് കളിക്കുകയാണ്. ഇത് കണ്ടപ്പോള്‍ വന്ന ആള് ചോദിച്ചു ഇത് എന്തൊരു കുഞ്ഞുങ്ങള്‍ ആണെന്ന്. അത് കേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നിട്ട് പ്യാരിയെ ഞാന്‍ അടി വെച്ചുകൊടുത്തു. പ്യാരിക്ക് അടി കൊടുത്തപ്പോള്‍ അവന് ഇലന്തൂര്‍ക്ക് പോവുകയാണെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി.
ഇത് കണ്ടതോടെ എന്റെ ചേട്ടന് പോയി ഞാനും ഇനി ഇവിടെ നിക്കില്ലെന്ന് ലാലു പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പ്യാരി തിരികെ വീട്ടിലെത്തി. പിറകെ തനിക്ക് പോണം എന്ന് പറഞ്ഞു വഴക്കിട്ട് അവനും എത്തി. ഇങ്ങനെയൊക്കെയുളള ചില്ലറ കുസൃതികളും മറ്റും അവന്റെ കൈയ്യിലുണ്ടായിരുന്നു.
ചെറുപ്പത്തില്‍ ഒരുപാട് കുസൃതികള്‍ ലാലു ഒപ്പിച്ചിട്ടുണ്ടെന്നും മുത്തശ്ശി ഗൗരിക്കുട്ടിയമ്മ പറഞ്ഞു. കൂട്ടുകാരന്റെ അച്ഛന് അസുഖമാണ് എന്ന് പറഞ്ഞ് ലാലു അമ്മയോട് പൈസ വാങ്ങിപ്പോയി. കൂട്ടുകാരന് ലാലുവിന്റെ അച്ഛന് അസുഖമാണെന്ന് പറഞ്ഞ് അവന്റെ വീട്ടിന്നും പൈസ വാങ്ങിച്ചു. പൈസ വാങ്ങിച്ചതിന് പിന്നാലെ പിളേളരെ കണ്ടില്ല. ഒരു ദിവസമെങ്ങാന്‍ കഴിഞ്ഞ് പിറ്റേദിവസം ഇങ്ങ് വന്നു.
വന്ന് കഴിഞ്ഞപ്പോ രണ്ട് പേരെയും ചേര്‍ത്ത് നിര്‍ത്തി അച്ഛനും അമ്മയും എവിടെ പോയെന്ന് ചോദിച്ചു. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇങ്ങനെയൊക്കെ കുറെ തമാശകള്‍ കാണിച്ചിട്ടുണ്ട്. കോളേജിലും വലിയ കുസൃതിയും കാര്യവുമൊക്കെയായിരുന്നു. എറണാകുളത്തുനിന്ന് ഇങ്ങോട്ട് വന്നപ്പോള്‍ ഇടപ്പളളി എത്തിയപ്പോള്‍ ഒരു സ്ത്രീ വണ്ടിയില്‍ നിന്ന് താഴെ വീണത് കണ്ടു. വണ്ടി വിട്ടങ്ങ് പോയി. അവന് ആ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോയി. രൂപയും കൊടുത്താണ് തിരിച്ചുവന്നത് എന്നും മുത്തശ്ശി അഭിമുഖത്തില്‍ പറഞ്ഞു.
നിരവധി താരങ്ങളും ആരാധകരുമാണ് മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ച് എത്തിയത്. കൃത്യം 12 മണിയ്ക്ക് തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുെ ആശംസകളുമായി എത്തി. ഇരുവരുടെയും ചിത്രങ്ങള്‍ക്കൊപ്പം ഹാപ്പി ബെര്‍ത്ത് ഡേ ഡിയര്‍ ലാല്‍ എന്ന് കുറിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ജന്മദിനം വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. സിനിമാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന് ജന്മദിനാശംസകള് നേര്‍ന്ന് എത്തിയത്.
കുട്ടിക്കാലം മുതല്‍ തന്നെ സ്കൂള്‍ നാടകങ്ങളില്‍ സജീവമായിരുന്ന മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നത് തിരനോട്ടം എന്ന ചിത്രത്തിലായിരുന്നു. ഒരു ഹാസ്യ കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്.
എന്നാല്‍ സെ്ന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയിരുന്നില്ല. ശേഷമാണ് മോഹന്‍ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലെത്തുന്നത്.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് 2001-ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്കി ഭാരത സര്‍ക്കാര്‍ ആദരിച്ചു.
2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നല്കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയും ആദരിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച്, 2019 ല്‍ പത്മഭൂഷണ്‍ ബഹുമതി നല്കി ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
