News
‘ഇത് ആഘോഷിക്കാനുള്ള സമയമല്ല, മറ്റുള്ളവരോട് സഹാനൂഭൂതി കാണിക്കാനുള്ള സമയം’; ജൂനിയര്‍ എന്‍.ടി.ആറിന്റെ ജന്മദിനത്തില്‍ പുതിയ പോസ്റ്ററുമായി അര്‍ആര്‍ആര്‍ ടീം
‘ഇത് ആഘോഷിക്കാനുള്ള സമയമല്ല, മറ്റുള്ളവരോട് സഹാനൂഭൂതി കാണിക്കാനുള്ള സമയം’; ജൂനിയര്‍ എന്‍.ടി.ആറിന്റെ ജന്മദിനത്തില്‍ പുതിയ പോസ്റ്ററുമായി അര്‍ആര്‍ആര്‍ ടീം
ജൂനിയര്‍ എന്‍.ടി.ആറിന്റെ ജന്മദിനമായ ഇന്ന് ബിഗ് ബജറ്റ് ചിത്രം ആര്‍.ആര്‍.ആറിലെ താരത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ സംവിധായകന്‍ എസ്.എസ് രാജമൗലിയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.
‘സ്വര്‍ണ്ണത്തിന്റെ ഹൃദയമുള്ളവനാണ് എന്റെ ഭീമന്‍, പക്ഷെ അവന്‍ എതിരിടാന്‍ ഇറങ്ങുമ്പോള്‍ അതിശക്തനും ധീരനുമായിരിക്കും,’ എന്ന വാചകങ്ങളോടെയായിരുന്നു പോസ്റ്റ്.
അതേസമയം ജന്മദിനത്തിന്റെയോ പോസ്റ്റര്‍ റിലീസിന്റെയോ ഭാഗമായി ആരാധകരാരും തന്നെ ആഘോഷത്തിന് നില്‍ക്കരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും ജൂനിയര്‍ എന്‍.ടി.ആറും ആര്‍.ആര്‍.ആറിന്റെ അണിയറ പ്രവര്‍ത്തകരും അറിയിച്ചിരുന്നു.
‘ഈ വെല്ലുവിളികള്‍ നിറഞ്ഞ സമയത്ത് നിങ്ങള്‍ക്ക് എനിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വീട്ടിലിരിക്കുക എന്നതാവും.
കൊവിഡ് 19നെതിരെ നമ്മുടെ രാജ്യം യുദ്ധം ചെയ്യുകയാണ്. ആരോഗ്യരംഗവും കൊവിഡ് മുന്‍നിര പോരാളികളും കൊവിഡിനെതിരെ അക്ഷീണ പ്രയത്‌നം നടത്തുകയാണ്.
നിസ്വാര്‍ത്ഥമായ സേവനമാണ് അവര്‍ കാഴ്ചവെക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി, ജീവിതമാര്‍ഗം നഷ്ടപ്പെട്ടു. ഇത് ആഘോഷിക്കാനുള്ള സമയമല്ല. മറ്റുള്ളവരോട് സഹാനൂഭൂതി കാണിക്കാനുള്ള സമയമാണ്,’ എന്നും ജൂനിയര്‍ എന്‍.ടി.ആര്‍ പറഞ്ഞു.
നേരത്തെ കൊവിഡ് വിവരങ്ങളുടെ ആധികാരികത ഉറപ്പിക്കാനും സഹായ അഭ്യര്‍ത്ഥനകള്‍ ക്രോഡീകരിക്കാനുമായി ആര്‍.ആര്‍.ആറിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് രാജമൗലി വിട്ടുനല്‍കിയിരുന്നത് വാര്‍ത്തയായിരുന്നു.
കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം 2020 ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. എന്നാല്‍ വീണ്ടും കോവിഡ് രൂക്ഷമായതോടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് റിലീസ് തിയ്യതി മാറ്റുകയായിരുന്നു. പത്ത് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.
