News
മാസ്റ്റര്‍ റിലീസ്; സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ വിജയിയെ വെല്ലുവിളിച്ച് മാധ്യമപ്രവര്ത്തകന്
മാസ്റ്റര്‍ റിലീസ്; സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ വിജയിയെ വെല്ലുവിളിച്ച് മാധ്യമപ്രവര്ത്തകന്
തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവിന് പിന്നാലെ നടന് വിജയിയെ വെല്ലുവിളിച്ച് മാധ്യമപ്രവര്ത്തകന്. തിയേറ്ററുകളിലെ മുഴുവന്‍ സീറ്റിലും കാണികളെ അനുവദിക്കണമെന്ന ആവശ്യവുമായി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരുടെ കൂടെ തിയേറ്ററിലിരുന്ന് സിനിമ കാണാന്‍ വിജയ് തയ്യാറാകുമോ എന്ന ചോദ്യവുമായി മാധ്യമപ്രവര്ത്തകന് രംഗത്ത് എത്തിയത്. ഫ്രണ്ട്ലൈനിലെ അസോസിയേറ്റ് എഡിറ്ററായ രാധാകൃഷ്ണനാണ് ട്വിറ്ററിലൂടെ വിജയിയെ വെല്ലുവിളിച്ചിരിക്കുന്നത്.
‘വിജയ്യുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. ഇനി നൂറ് ശതമാനം ആളുള്ള തീയറ്ററില്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണുമോ എന്ന് വിജയിയോട് ചോദിക്കാം. നിങ്ങള്‍ പോകുമോ വിജയ്?’, എന്നാണ് രാധാകൃഷ്ണന് ചോദിച്ചത്. ട്വീറ്റിന് രണ്ട് തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. മൂന്ന് മണിക്കൂര്‍ നേരം ആളുകള്‍ അടുത്ത് ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഈ തീരുമാനം ശരിയായില്ലെന്നുമാണ് ചിലരുടെ അഭിപ്രായം. ഇത് കോവിഡ് വ്യാപിക്കുന്നതിന് കാരണമാകുമെന്നും ഇവര്‍ പറയുന്നു. അതേസമയം, തമിഴ് നാട്ടിലെ രാഷ്ട്രീയ പരിപാടികളിലെല്ലാം തന്നെ 100 ശതമാനം ആളുകള്‍ പങ്കെടുക്കുന്നുണ്ട്. എന്നിട്ടും സിനിമ മേഖലയെ മാത്രം എന്തിനാണ് വിമര്‍ശിക്കുന്നതെന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.
ജനുവരി 11 മുതലാണ് തിയറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിടുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ നഷ്ടത്തിലായ സിനിമാ വ്യവസായത്തിന് ‘മാസ്റ്റര്‍’ റിലീസ് ചെയ്യുന്നതോടെ മാറ്റമുണ്ടാകുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ പ്രതികരണം. ‘മാസ്റ്റര്‍’ പൊങ്കല്‍ റിലീസ് ആയാണ് എത്തുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയിലാകെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘വിജയ് ദി മാസ്റ്റര്‍’ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്.
