News
രജനികാന്ത് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു, വിവരം പങ്കുവെച്ച് സൗന്ദര്യ രജനീകാന്ത്
രജനികാന്ത് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു, വിവരം പങ്കുവെച്ച് സൗന്ദര്യ രജനീകാന്ത്
തെന്നിന്ത്യയുടെ പ്രിയ താരം രജനികാന്ത് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. താരത്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്താണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധരെ അറിയിച്ചത്.
‘നമ്മുടെ തലൈവര്‍ തന്റെ വാക്സിന്‍ സ്വീകരിച്ചു. കോറോണ വൈറസിന് എതിരെയുള്ള ഈ യുദ്ധത്തില്‍ നമുക്ക് ഒരുമിച്ച് പൊരുതി വിജയിക്കാം’, സൗന്ദര്യ രജനികാന്ത് ട്വിറ്ററില്‍ കുറിച്ചു. ഒപ്പം രജനികാന്ത് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രവും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ ചിത്രമായ അണ്ണാത്തേയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി രജനികാന്ത് തിരികെ ചെന്നൈയില്‍ എത്തിയത്. ഹൈദരാബാദ് രാമൂജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം രജനികാന്ത് ചിത്രത്തിനായുള്ള ഡബ്ബിങ് ആരംഭിക്കും. അതിനുപുറമേ ജൂണില്‍ മെഡിക്കല്‍ ചെക്കപ്പിനായി യുഎസ്എയിലേക്കും താരം പോകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഈ വര്‍ഷത്തെ ദീപാവലിക്കാണ് അണ്ണാത്തെ റിലീസിനെത്തുന്നത്. 2021 നവംബര്‍ നാലാണ് റിലീസ് തീയതി എന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
സണ്‍ പിക്ച്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്.