News
മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ പി.സി ജോര്‍ജ് അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകം
മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ പി.സി ജോര്‍ജ് അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകം
മലയാള സിനിമയില്‍ വില്ലത്തരത്തിലൂടെ തിളങ്ങിയ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 74 വയസായിരുന്നു. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് സജീവമല്ലായിരുന്നു.
മമ്മൂട്ടി ചിത്രത്തിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രത്തിലൂടെയാണ് പി.സി ജോര്‍ജ് ശ്രദ്ധേയനായത്. ചാണക്യന്‍, അഥര്‍വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കെ.ജി ജോര്‍ജ്, ജോഷി തുടങ്ങിയ നിരവധി സംവിധായകര്‍ക്കൊപ്പം പി.സി ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥനായിക്കെയാണ് പി.സി ജോര്‍ജ് സിനിമയില്‍ അഭിനയിക്കുന്നത്. പ്രൊഫഷനല്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന നടന്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റമുണ്ടായപ്പോള്‍ മെറിലാന്‍ഡ് സുബ്രഹ്മണ്യനെ (പി. സുബ്രഹ്മണ്യം) പോയി കാണുകയും, അദ്ദേഹം ജോര്‍ജിനോട് ഒരു വേഷം ചെയ്യാമോ എന്ന് ചോദിക്കുകയും ആയിരുന്നു.
അംബ അംബിക അംബാലിക എന്ന ചിത്രത്തില്‍ ജോര്‍ജ് വേഷമിട്ടു. ആ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ദ്വീപ്, വിടരുന്ന മൊട്ടുകള്‍, ശ്രീമുരുകന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പൊലീസുകാരനായും, വില്ലനായും, ക്യാരക്ടര്‍ റോളുകളിലുമെല്ലാം ജോര്‍ജ് സ്‌ക്രീനിലെത്തി. 68 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: കൊച്ചു മേരി മക്കള്‍: കനകാംബലി, കാഞ്ചന, സാബന്റിജോ.
