Malayalam
പേടി ഇല്ലാതെ ജീവിക്കണം, ഈ പ്രതിസന്ധികള്‍ എല്ലാം മാറണം; അതാണ് ഇപ്പോഴത്തെ തന്റെ ആഗ്രഹമെന്ന് നിഷ സാരംഗ്
പേടി ഇല്ലാതെ ജീവിക്കണം, ഈ പ്രതിസന്ധികള്‍ എല്ലാം മാറണം; അതാണ് ഇപ്പോഴത്തെ തന്റെ ആഗ്രഹമെന്ന് നിഷ സാരംഗ്
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നിഷ സാരംഗ്. ബിഗ്സ്ക്രീനിനേക്കാള് താരത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചത് മിനിസ്ക്രീന്‍ പ്രേകഷകര്‍ ആയിരുന്നു. ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. സാധാരണ സീരിയലില്‍ നിന്നും വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയും സ്വതസിദ്ധമായ നര്‍മ്മ രംഗങ്ങളിലൂടെയും പ്രേക്ഷകരെ കീഴ്പ്പെടുത്താന്‍ ഉപ്പും മുളകിനും ആയിരുന്നു.
സോഷ്യല്‍ മീഡിയ വഴി നടി പങ്കുവെക്കാറുള്ള ഓരോ ഫോട്ടോസും വൈറലാവാറുണ്ട്. അടുത്തിടെ നിഷ രണ്ടാമതും വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താനിനി വിവാഹം കഴിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് നടി വ്യക്തമാക്കി.
ഇപ്പോഴിതാ പേടി ഇല്ലാതെ ജീവിക്കാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്നതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നിഷ സാരംഗ്. ഒരു അഭിമുഖത്തിലൂടെയാണ് തന്റെ പ്രിയപ്പെട്ട യാത്രകളെ കുറിച്ചും ഇനി പോവാന്‍ ഇഷ്ടമുള്ള സ്ഥലത്തെ കുറിച്ചും നടി പറയുന്നത്.
പേടി ഇല്ലാതെ ജീവിക്കണം. അതാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്ത് ആഘോഷത്തോടെയാണ് നമ്മള് ജീവിച്ചത്. ജോലിക്ക് ഉള്‍പ്പെടെ ഒരിടത്തും പോകാനാവാതെ എല്ലാവരും വീടിനുള്ളിലാണ്. മിക്കവരും പഴയ യാത്രകളുടെ ഓര്മ പുതുക്കിയാണ് ഓരോ ദിവസവും ഇപ്പോള്‍ കടന്ന് പോവുന്നത്. സുരക്ഷിത യാത്ര എന്നാണ് ഇനി സാധ്യമാവുക.
ഇനിയെങ്കിലും ഭയക്കാതെ ജീവിക്കണം. യാത്ര ചെയ്യണം ഈ പ്രതിസന്ധികള്‍ എല്ലാം മാറണം. ഇതൊക്കെയാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം. 2021 പകുതിയോടെ എങ്കിലും എല്ലാം പഴയനിലയിലാകണം എന്ന് തന്നെയാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്.
ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും ഭൂട്ടാനില്‍ താമസിക്കണം എന്നാണ്. വ്ളോഗിലൂടെയും ചിത്രങ്ങളിലൂടെയും എന്നെ ഒരുപാട് കൊതിപ്പിച്ച സ്ഥലമാണ് ഭൂട്ടാന്. എന്ത് രസമുള്ള നാടാണ്. ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതി ഭൂട്ടാനുണ്ട്. യാത്ര ചെയ്യാന്‍ ഇഷ്ടമാണെങ്കിലും ടൂര്‍ എന്ന രീതിയില്‍ ഒരു യാത്രയും ഇതുവരെ ഉണ്ടായിട്ടില്ല. മക്കളും കസിന്‍സുമൊക്കെ ചേര്‍ന്ന് യാത്ര പ്ലാന്‍ ചെയ്യാറുണ്ട്. കൃത്യസമയത്ത് എനിക്ക് ഷൂട്ട് വരും.
അങ്ങനെ പ്ലാന്‍ ചെയ്ത യാത്രയില്‍ നിന്ന് ഞാന്‍ ഒഴിവാകും. ഇതാണ് സ്ഥിരം നടക്കുന്നത്. ഷൂട്ടിന്റെ ഭാഗമായി കേരളത്തിലും വിദേശത്തും നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. പ്രോഗ്രാമിന് ശേഷം ആ യാത്രയൊക്കെ ആസ്വദിക്കാറുണ്ട്. ഒഫിഷ്യല്‍ യാത്ര ട്രിപ്പായി മാറ്റും. പോയ യാത്രയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ദുബായ് ആണ്.
വല്ലാത്തൊരു ഭംഗിയാണ് ദുബായിയ്ക്ക്. അമേരിക്ക, ന്യൂയോര്‍ക്ക് സിറ്റി എന്റെ യാത്രയിടങ്ങള്‍ അങ്ങനെ നീളുന്നു. അമേരിക്കയില്‍ നാഫ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ജീവിതത്തിലെ മറക്കാനാവാത്ത യാത്ര. ബെസ്റ്റ് കോമേഡിയന്‍ ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് എനിക്ക് ലഭിച്ചു. വളരെയധികം സന്തോഷം തോന്നി. എന്നാല്‍ ഇത്തവണത്തെ യാത്ര അതിലും മനോഹരമായിരുന്നു.
അവിടെ സുഹൃത്തുക്കളും പരമ്പരയുടെ ആരാധകരും ചേര്‍ന്ന് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷമാണ് എനിക്കായി ഒരുക്കിയത്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്രയും അടിച്ച് പൊളിയായി പിറന്നാള്‍ ആഘോഷം. മനസ് നിറഞ്ഞ് സന്തോഷിച്ച് ഉല്ലസിച്ച നിമിഷങ്ങളായിരുന്നു.
ഇനി പേടിക്കാതെ എല്ലാവര്ക്കും യാത്ര ചെയ്യണം. കൊറോണ എന്ന മഹാമാരി ഈ ലോകത്ത് നിന്ന് തന്നെ ഇല്ലാതാകണം. എന്നാല്‍ മാത്രമേ സന്തോഷത്തോടെ എല്ലാവര്ക്കും ജീവിക്കാന്‍ പറ്റുകയുള്ളു. സന്തോഷം ഉണ്ടായാല്‍ അല്ലേ നമുക്ക് സന്തോഷം നിറഞ്ഞ് യാത്ര ചെയ്യാനും സാധിക്കുകയുള്ളു എന്നും നിഷ പറയുന്നു.
