News
വിവേകിന്റെ മരണം കോവിഡ് വാക്സിന് മൂലമെന്ന് പറഞ്ഞ നടന് മന്‍സൂര്‍ അലി ഖാനെതിരെ കേസ്
വിവേകിന്റെ മരണം കോവിഡ് വാക്സിന് മൂലമെന്ന് പറഞ്ഞ നടന് മന്‍സൂര്‍ അലി ഖാനെതിരെ കേസ്
കോവിഡ് വാക്സിന് കാരണമാണ് തമിഴ് നടന് വിവേകിന്റെ മരണം സംഭവിച്ചതെന്ന് ആരോപിച്ച് നടന് മന്‍സൂര്‍ അലി ഖാന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വന്നിരുന്നു.
ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. ഇതേ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുകയാണ് താരം. ചെന്നൈ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
വാക്സിനെ കുറിച്ചുള്ള ഗുരുതര ആരോപണത്തെ തുടര്‍ന്ന് ബിജെപി നേതാവ് രാജശേഖരന് ചെന്നൈ പൊലീസ് കമ്മീഷ്ണര്‍ക്ക് നല്കിയ പരാതിയിലാണ് കേസെടുത്തത്.
കോവിഡ് വാക്സിനെതിരെ തെറ്റായ പരാമര്‍ശം നടത്തിയിട്ടില്ലെന്നും. നിര്‍ബന്ധപൂര്‍വ്വം വാക്സിന് എടുപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് താന്‍ പറഞ്ഞതെന്നും മന്‍സൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
രാജ്യത്ത് കോവിഡില്ലെന്ന് താന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. കോവിഡ് ടെസ്റ്റ് അവസാനിപ്പിക്കുന്ന നിമിഷം രാജ്യത്ത് കോവിഡ് ഇല്ലാതാകും. താന്‍ മാസ്ക് പോലും ധരിക്കാറില്ല. ഭിക്ഷക്കാര്‍ക്കും തെരുവ് നായ്ക്കള്‍ക്കുമൊപ്പം കിടിന്ന് ഉറങ്ങിയിട്ട് പോലും തനിക്ക് കോവിഡ് വന്നിട്ടില്ല.
മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുകയാണെന്നും താരം അഭിപ്രായപ്പെട്ടു. കോവിഡ് കാരണം സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച് കൊടുക്കണമെന്നുമാണ് മന്‍സൂര്‍ വിവേകിന്റെ മരണത്തിനു പിന്നാലെ സംസാരിച്ചത്.
