News
അവസാന നിമിഷം ഖത്തറിലെ താരനിശ റദ്ദാക്കി; കാരണം വ്യക്തമാക്കി സംഘാടകര്‍
അവസാന നിമിഷം ഖത്തറിലെ താരനിശ റദ്ദാക്കി; കാരണം വ്യക്തമാക്കി സംഘാടകര്‍
വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മലയാള സിനിമാതാരങ്ങളുടെ താരനിശ റദ്ദാക്കി. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നയന്‍ വണ്‍ ഇവെന്റ്സും ചേര്‍ന്ന് ഖത്തറില്‍ നടത്താനിരുന്ന പരിപാടിയായിരുന്നു ഇത്.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്, ഹണി റോസ്, അപര്‍ണ ബാലമുരളി, നീത പിള്ള, കീര്‍ത്തി സുരേഷ് തുടങ്ങി മലയാള സിനിമാതാരങ്ങളിലെ വലിയൊരു വിഭാഗവും പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയാണ് ഇത്.
ഷോ എന്തുകൊണ്ട് റദ്ദാക്കി എന്നതിനുള്ള വിശദീകരണം സംഘാടകരായ നയന്‍ വണ്‍ ഇവെന്റ്സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
മാര്‍ച്ച് 7 ന് നടക്കേണ്ടിയിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടി റദ്ദാക്കിയെന്ന് അറിയിക്കാന്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. സാങ്കേതികമായ കാരണങ്ങളും കാലാവസ്ഥയുമാണ് ഇതിനുള്ള കാരണങ്ങള്‍. ഈ പരിപാടി നിങ്ങള്‍ എത്ര ആകാംക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, എന്ന് നയന്‍ വണ്‍ ഇവെന്റ്സിന്റെ കുറിപ്പില്‍ പറയുന്നു.
ടിക്കറ്റ് റീഫണ്ട് കാലതാമസം വരാതെ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ആദ്യം നവംബറില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഷോ ആണിത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘാടകര്‍ പരിപാടി മാര്‍ച്ച് 7 ലേക്ക് മാറ്റിവച്ചത്. 2022 ഫിഫ ലോകകപ്പിനായി ഖത്തര്‍ നിര്‍മ്മിച്ച ദോഹയിലെ സ്റ്റേഡിയമായിരുന്നു താരനിശയുടെ വേദി ആവേണ്ടിയിരുന്നത്.
പരിപാടിയില്‍ പങ്കെടുക്കാനായി മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ ഖത്തറില്‍ എത്തിയിരുന്നു. താരങ്ങളുടെ അവിടെനിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിപാടിക്കായുള്ള പരിശീലനത്തിലായിരുന്നു താരങ്ങള്‍. ദോഹയിലെ സ്റ്റേഡിയത്തില്‍ വച്ച് ഫൈനല്‍ റിഹേഴ്സലും അവര്‍ നടത്തിയിരുന്നു.
