Malayalam
അത്തരം കാര്യങ്ങള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത് കൊണ്ട് തനിക്ക് ഭ്രാന്താണോ എന്ന് പലരും ചോദിച്ചു തുടങ്ങി; ഫേസ്ബുക്ക് കുറിപ്പിമായി സനല്‍കുമാര്‍ ശശിധരന്‍
അത്തരം കാര്യങ്ങള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത് കൊണ്ട് തനിക്ക് ഭ്രാന്താണോ എന്ന് പലരും ചോദിച്ചു തുടങ്ങി; ഫേസ്ബുക്ക് കുറിപ്പിമായി സനല്‍കുമാര്‍ ശശിധരന്‍
കേരളത്തിന്റെ ക്രമസമാധാനപാലനം അടിമുടി അട്ടിമറിക്കപ്പെടുകയാണെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത് കൊണ്ട് തനിക്ക് ഭ്രാന്താണോ എന്ന് പലരും ചോദിച്ചുതുടങ്ങിയെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു;
കേരളത്തിന്റെ ക്രമസമാധാനപാലനം അടിമുടി അട്ടിമറിക്കപ്പെടുകയാണെന്ന് നിരന്തരം നിലവിളിക്കുന്നതുകൊണ്ട് എനിക്ക് ഭ്രാന്താണോ എന്ന് ആളുകള്‍ ചോദിച്ചുതുടങ്ങി. ഭ്രാന്തില്ല എന്ന് പറയുന്നത് ഭ്രാന്തുണ്ട് എന്നതിന്റെ ഏറ്റവും വലിയ ലക്ഷണമായി കണക്കാക്കുന്ന നാടായതിനാല്‍ മൗനം പാലിക്കുകയല്ലാതെ മറ്റു വഴിയില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ മനസ്സില്‍ വരുമ്പോള്‍ അത് ഒരു ക്രൈമിന്റെ ലക്ഷണമാണെന്ന് തോന്നുമ്പോള്‍ സമൂഹത്തോട് പറയാനുള്ള ത്വര കാക്കയ്ക്ക് പോലും ഉള്ളതാണ്. അതുകൊണ്ടാണല്ലോ അനാഥമായ ഒരു കറുത്ത തൂവല്‍ കണ്ടാല്‍ പോലും കാക്കകള്‍ കൂട്ടം കൂടുന്നത്.
ആരോഗ്യമുള്ള ഒരു സമൂഹം കാക്കകളെ കണ്ടു പഠിക്കണം. പക്ഷെ പുരോഗമിക്കുന്തോറും അവനവനിലേക്ക് ചുരുങ്ങുന്ന പ്രതിഭാസം കാരണം മനുഷ്യന്‍ ചോദ്യങ്ങളില്‍ നിന്ന് ഓടി ഒളിക്കാറും ചോദ്യം ചോദിക്കുന്നയാളെ ഭ്രാന്തനാക്കുകയുമാണ് ചെയ്യാറ്. വാര്‍ത്തകള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഇന്നലെ മുന്നില്‍ വന്ന വാര്‍ത്തയാണിത്. കൊല്ലത്ത് മലബാര്‍ എക്സ്പ്രസില്‍ യാത്രക്കാരന്‍ ഓടുന്ന തീവണ്ടിയില്‍ തൂങ്ങിമരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷെ ആളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഫോട്ടോയോ അടയാളങ്ങളോ ഇല്ലാതെയും മുഖം ബ്ലര്‍ ചെയ്തുമാണ് വിഷ്വല്‍ കൊടുത്തിട്ടുള്ളത്.
എനിക്കത് അസ്വാഭാവികമായി തോന്നി. പ്രഗത്ഭനായ പത്രപ്രവര്‍ത്തകന്‍ ശ്രീ നികേഷ്‌കുമാര്‍ ആണ് വാര്‍ത്ത അവതരിപ്പിച്ചിരിക്കുന്നത്. പക്ഷെ അദ്ദേഹത്തിന് അതില്‍ അസ്വാഭാവികത തോന്നാത്തതെന്ത് എന്നെനിക്കറിയില്ല. തൂങ്ങിമരിക്കാനായി ഒരാള്‍ ഓടുന്ന തീവണ്ടിയില്‍ കയറുമോ? തീവണ്ടിയുടെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ കഴിയുമോ? മുഖം കാണാതെ അയാള്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയുമോ? എന്നൊന്നും നികേഷ്‌കുമാറിലെ പത്രക്കാരന്‍ ആലോചിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അത്ഭുതം തോന്നി. കേരളത്തില്‍ ദൈനം ദിനം പുറത്തുവരുന്ന അസ്വാഭാവിക മരണവാര്‍ത്തകളില്‍ പലതും ആസൂത്രിത കൊലപാതകങ്ങളാണ്.
ബുദ്ധിമാന്മാരായ ക്രിമിനലുകള്‍ ദുഷിച്ച വ്യവസ്ഥിതിയെ ഉപയോഗിച്ചുകൊണ്ട് അവയൊക്കെ നിസ്സാര മരണങ്ങളായി മാറ്റുന്നു എന്നാണ് തോന്നിയിട്ടുള്ളത്. ഈ ചിത്രത്തില്‍ കാണുന്ന ആളുടെ വസ്ത്രം അയാള്‍ ഒരു സന്യാസിയാണെന്ന് സൂചിപ്പിക്കുന്നു. ഒരു സന്യാസി ആത്മഹത്യചെയ്യാനുള്ള സാധ്യത തീരെയില്ല. സന്യാസിയാവുമ്പോള്‍ ബന്ധുക്കളും അധികം ഉണ്ടാകില്ല. അലഞ്ഞു നടക്കുന്ന ആളായതുകൊണ്ട് അയാളെ അന്വേഷിച്ചാല്‍ ‘എങ്ങോട്ടോ പോയി’ എന്ന ഉത്തരമേ അറിയാവുന്നവര്‍ക്ക് പോലും ഉണ്ടാകൂ.
തിരിച്ചറിയാത്ത മൃതദേഹമായി മോര്‍ച്ചറിയില്‍ ഉറങ്ങിയാല്‍ അതില്‍ ക്രൈം ഉണ്ടെങ്കില്‍ പുറത്തുവരികയുമില്ല. ക്രൈം, അത് എത്ര ചെറുതാണെങ്കിലും ജാഗരൂഗരായിരിക്കുക എന്നതാണ് ഒരു സമൂഹത്തിന്റെ ആരോഗ്യത്തിനും സ്വതന്ത്രമായ നിലനില്പിനും ഏറ്റവും അത്യാവശ്യമായ കാര്യം. ഇന്നത്തെ കാലത്ത് അതാണ് ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തനം. ഈ വാര്‍ത്തകണ്ടപ്പോള്‍ പെട്ടെന്ന് സ്വാമി ഗംഗേശാനന്ദ ജീവനോടെ ഇരിപ്പുണ്ടോ എന്ന് ഓര്‍ത്തുപോയി. തന്റെ ലിംഗം മുറിച്ചത് ഗൂഡാലോചന ആണെന്നും അതില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്നും അദ്ദേഹം ഈയിടെ ആരോപിച്ചുകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
