Malayalam
അശ്വിൻ ഒരു “ഗേ” ആണ്; ബിഗ് ബോസ് വേദിയിൽ അഭിമാനത്തോടെ വിളിച്ചു പറഞ്ഞു; ആ രാത്രി ഏറെ പേടിച്ചു; സമൂഹം അംഗീകരിച്ചു തുടങ്ങിയോ?; ബിഗ് ബോസ് ഷോയിൽ നിന്നിറങ്ങിയ അശ്വിൻ പറയുന്നു!
അശ്വിൻ ഒരു “ഗേ” ആണ്; ബിഗ് ബോസ് വേദിയിൽ അഭിമാനത്തോടെ വിളിച്ചു പറഞ്ഞു; ആ രാത്രി ഏറെ പേടിച്ചു; സമൂഹം അംഗീകരിച്ചു തുടങ്ങിയോ?; ബിഗ് ബോസ് ഷോയിൽ നിന്നിറങ്ങിയ അശ്വിൻ പറയുന്നു!
ബിഗ് ബോസ് സീസണ്‍ നാലിലെ മികച്ചൊരു മത്സരാര്‍ത്ഥിയായിരുന്നു അശ്വിന്‍ വിജയ്. തന്റെ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളും അതില്‍ നിന്നുള്ള ഒറ്റയാള്‍ പോരാട്ടവുമാണ് അശ്വിനെ പ്രിയങ്കരനാക്കിയത്. തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് ബിഗ് ബോസ് ഷോയിലൂടെ അശ്വിന് ലഭിക്കുന്ന സ്വീകാര്യത.
ബിഗ് ബോസ് ഹൗസില്‍ 28 ദിവസം മാത്രമേ അശ്വിന് നില്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. അശ്വിന് ബിഗ് ബോസ് എന്നത് കേവലം റിയാലിറ്റി ഷോയ്ക്ക് അപ്പുറം തന്റെ വ്യക്തിത്വം തുറന്ന് പറയാനുള്ള വേദി കൂടിയായിരുന്നു. താനൊരു ‘ഗേ’ ആണെന്ന് ഷോയിലൂടെ സമൂഹത്തിന് മുന്നില്‍ തുറന്ന് പറഞ്ഞിരുന്നു. ഹൗസിലുള്ളവരും പുറത്തുളളവരും അത് കയ്യടിയോടെയാണ് സ്വീകരിച്ചത്.
നമ്മുടെ സമൂഹത്തിൽ നിന്നും ഇന്നും മാറ്റിനിർത്തപ്പെടുന്ന വിഭാഗമാണ് ഗേ ലെസ്ബിയൻ ലൈംഗികത. ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ Sexual orientation… ലിംഗതന്മയോ Gender Identity ഉള്ള വിഭാഗമാണിവർ. ഇതിന് ജനതികവും ജൈവികവുമായ അടിസ്ഥാനമുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു.
പക്ഷെ നമ്മുടെ സമൂഹം മതത്തിന്റെയും സംസ്കാരത്തിന്റെയും പേര് പറഞ്ഞ് പലപ്പോഴും ഒരു തെറ്റായിട്ട് , അല്ലെങ്കിൽ ശപിക്കപ്പെട്ടവർ എന്നൊക്കെ പറഞ്ഞ് ഈ മനുഷ്യരെ മാറ്റി നിർത്തുകയാണ്. അവരും സാധാരണ മനുഷ്യർ തന്നെയാണ്. ജാസ്മിനും അപർണ്ണയും ലെസ്ബിയയൻസ് ആയിത്തന്നെ ബിഗ് ബോസ് വേദിയിൽ എത്തിയവരാണ്. അത് ശരിക്കും വലിയ മാറ്റത്തിന്റെ തുടക്കം ആയിട്ടാണ് കാണേണ്ടത്.
ഇപ്പോഴിതാ ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോയിലൂടെ തന്റെ വ്യക്തിത്വം തുറന്ന് പറയാനുളള കാരണം വെളിപ്പെടുത്തുകയാണ് അശ്വിന്‍.
അശ്വിന്റെ വാക്കുകളിലൂടെ… ‘ഷോയില്‍ എത്തുന്നതിന് മുന്‍പ് ഒരു ‘ഗേ’ ആണെന്ന് പറയാന്‍ ഒരുപാട് പേടിച്ചിരുന്നു. വ്യക്തിത്വം വെളിപ്പെടുത്തി കഴിഞ്ഞാല്‍ എങ്ങനെ ബാധിക്കുമെന്നുള്ള ആശങ്കയുണ്ടായിരുന്നു. ഒരിക്കലും ഇത് പറയണം എന്ന് വിചാരിച്ചിട്ടല്ല ബിഗ് ബോസ് ഷോയിലേയ്ക്ക് പോയത്. എന്നാല്‍ അവിടെ ചെന്നപ്പോഴാണ് തന്റെ അതേ കമ്മ്യൂണിറ്റിയിലുള്ള അപര്‍ണ്ണയേയും ജാസ്മിനേയും കണ്ടത്.
ആദ്യം അവര്‍ രണ്ട് പേരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നിട്ട് പുറത്ത് പറയണോ എന്ന് അവരോട് അഭിപ്രായം ചോദിച്ചു. പൂര്‍ണ്ണ പിന്തുണയായിരുന്നു നല്‍കിയത്. പുറത്ത് പറയണമെന്ന് അപര്‍ണ്ണ ചേച്ചിയും ജാസ്മിനും എന്നോട് പറഞ്ഞു’; അശ്വിന്‍ വ്യക്തിത്വം തുറന്ന് പറയാനുള്ള സാഹചര്യം വ്യക്തമാക്കി.
‘ഈ സമയത്ത് എല്ലാം തുറന്ന് പറയാനുള്ള അവസരം ബിഗ് ബോസായി ഉണ്ടാക്കി തന്നു. ഈ സംസാരം നടന്നതിന്റെ തൊട്ട് പിന്നാലെയാണ് ആദ്യ പ്രണയം പറയാനുള്ള ടാസ്‌ക്ക് നല്‍കിയത്. അപ്പോള്‍ പറയണോ വേണ്ടയോ എന്ന് വീണ്ടും പലതവണ ആലോചിച്ചു. ഒടുവില്‍ പുറത്ത് പറയാമെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.
കാരണം ഇനിയൊരിക്കലും വ്യക്തിത്വം തുറന്ന് പറയാനുള്ള ഇതുപോലൊരു എനിക്ക് വേദി ലഭിക്കില്ല. രണ്ടാമത് ഒരു ‘ഗേ’ ആയതില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍. ഇതുപോലെ ഐഡന്റിറ്റി തുറന്ന് പറയാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരേയും സമൂഹം അംഗീകരിക്കണം. നമ്മുടെ തെറ്റ് കൊണ്ടല്ല ഇങ്ങനെ ആകുന്നത്. എന്നെ അംഗീകരിച്ചവര്‍ മറ്റുള്ളവരേയും അംഗീകരിക്കണം. മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകട്ടെ’ എന്ന് കരുതിയാണ് ബിഗ് ബോസ് ഷോയിലൂടെ വ്യക്തിത്വം വെളിപ്പെടുത്തിയത്.
‘ഷോയിലൂടെ തുറന്ന് പറഞ്ഞപ്പോള്‍ ചെറിയ ഭയമുണ്ടായിരുന്നു. എന്നാല്‍ എന്റെ സുഹൃത്തുക്കള്‍ എല്ലാ അറിഞ്ഞതിന് ശേഷം ചേര്‍ത്തു പിടിക്കുകയായിരുന്നു. അവര്‍ക്ക് ഓക്കെയാണെങ്കില്‍ ഞാന്‍ എന്തിന് പേടിക്കണം. ‘ഗേ’ ആണെന്ന് വെളിപ്പെടുത്തിയതിന്റെ അന്ന് രാത്രി ഏറെ പേടിച്ചിരുന്നു. സമൂഹം എങ്ങനെയെടുക്കുമെന്നാണ് ചിന്തിച്ചത്. എന്നാല്‍ ഇനി ഭാവിയില്‍ എന്റെ വ്യക്തിത്വത്തിലൂടെ ജീവിക്കണമെന്നാണ് ആഗ്രഹം. ഇതുവരെ എത്തി. ഇനി ഞാന്‍ ഞാനായിട്ടു തന്നെ ജീവിക്കും’; അശ്വിന്‍ ഉറപ്പിച്ചു പറഞ്ഞു.
about bigg boss
