Malayalam
മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്; മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്; മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിവസങ്ങളാണ് കടന്ന് പോകുന്നത്. ഇപ്പോഴിതാ വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരിക്കുകയാണ് എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. ക്രൈം ബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചു എന്നാണ് സൂചന.
ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകളും ഓഡിയോ സംഭാഷണവും ഉള്‍പ്പെടുത്തിയായിരുന്നു മൊഴിയെടുക്കല്‍. ദിലീപ് ഡിലീറ്റ് ചെയ്ത പല ഫോണ്‍ നമ്പറുകളേകുറിച്ചും മഞ്ജുവിന്റെ മൊഴിയെടുപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തിയതായി വിവരമുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്ന ഭാഗ്യലക്ഷ്മി ഒരു മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കവെ നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തത തേടിയാണ് അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴിയെടുത്തത്.
ഇന്നലെ നടന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് വീണ്ടും മഞ്ജുവിന്റെ മൊഴിയെടുക്കാനുള്ള തീരുമാനമെടുത്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ നൃത്ത വേദികളില്‍ തിരികെ വരാനുണ്ടായ സാഹചര്യമാണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്. മഞ്ജു ഡാന്‍സ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് വിളിച്ചെന്നും ആക്രോശിച്ചെന്നും ഭാഗ്യലക്ഷ്മി തുറന്നുപറഞ്ഞിരുന്നു.
സ്റ്റേജില്‍ കയറുന്നതിന് മുന്നേ അനുഗ്രഹം ചോദിച്ച് വിളിച്ച മഞ്ജുവിനോട് വളരെ മോശമായ ഭാഷയില്‍ ദിലീപ് സംസാരിച്ചു. തന്റെ കൈയില്‍ പൈസ ഇല്ലെന്നും ഡാന്‍സ് കളിച്ചേ പറ്റൂ എന്നും മഞ്ജു പറഞ്ഞിരുന്നു. തന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തതും മഞ്ജു പറഞ്ഞു. കുപ്രചരണങ്ങള്‍ ഏറെ ഉണ്ടായിട്ടും ദിലീപില്‍ നിന്നും അകലാനുള്ള കാരണങ്ങളേക്കുറിച്ച് മഞ്ജു ഇത്രയും കാലം മൗനം പാലിക്കുകയായിരുന്നു. മഞ്ജു വാര്യരുടെ അനുവാദം വാങ്ങിയാണ് താനീ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
