ആളുകളുടെ മനസ്സില്‍ പതിഞ്ഞുപോയ തെറ്റുകളാണ് അവരെക്കൊണ്ട് ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്! വേദനിപ്പിക്കുന്ന കാര്യമാണ് ബോഡി ഷെയ്മിംഗ്; ലുഖ്മാന് പറയുന്നു
ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയ നടനാവുകയായിരുന്നു ലുഖ്മാന്. അടുത്തിടെയായിരുന്നു നടൻ വിവാഹിതനായത്. വിവാഹ റിസപ്ഷന്റെ ഫോട്ടോകളും ചിത്രങ്ങളും വൈറലായതോടെ നടനെ അധിക്ഷേപിച്ചു കൊണ്ടുള്ള നിരവധി കമന്റുകള്‍ വന്നിരുന്നു. ഒരു വിഭാഗം ആളുകള്‍ നിറത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ അധിക്ഷേപവര്‍ഷവുമായി രംഗത്തെത്തിയത്.
ഇപ്പോഴിതാ തനിയ്ക്ക് എതിരെ ബോഡിഷെയ്മിങ് നടത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.
വളരെ ചെറിയൊരു മോശം ആളുകളാണ് മോശം കമന്റുമായി വന്നത്. ബാക്കിയുള്ളവരൊക്കെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. അത്തരം മോശം ചിന്താഗതിയുള്ളവരോട് മനപൂര്‍വമാണ് പ്രതികരിക്കാതിരുന്നത്. കാരണം അവരൊന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ല എന്നതാണ് മാത്രമല്ല പ്രതികരിച്ചാല്‍ ആ ആളുകള്‍ക്ക് വിസിബിലിറ്റി കിട്ടുമെന്നും ലുഖ്മാന് പറഞ്ഞു.
‘വേദനിപ്പിക്കുന്ന കാര്യമാണ് ബോഡി ഷെയ്മിംഗ്. ആളുകളുടെ മനസ്സില്‍ പതിഞ്ഞുപോയ തെറ്റുകളാണ് അവരെക്കൊണ്ട് ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. അത് മാറാന്‍ സമയമെടുക്കും. ഞാനും പണ്ട് ഇങ്ങനെ കളിയാക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ടാവും. പക്ഷെ ഇപ്പോള്‍ അതൊക്കെ തെറ്റാണെന്ന് അറിയാം. തലമുറമാറ്റം അറിയാത്ത ആളുകളോട് തല്ക്കാലം പ്രതികരിക്കാന്‍ സമയമില്ല’, ലുഖ്മാന് പറഞ്ഞു.
