Malayalam
നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികളും പ്രതികളുമായി ബന്ധമുള്ള സാക്ഷികളും അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ല, അധിക സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍
നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികളും പ്രതികളുമായി ബന്ധമുള്ള സാക്ഷികളും അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ല, അധിക സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍
നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിന് വിചാരണക്കോടതിയോട് കൂടുതല്‍ സമയം തേടാനൊരുങ്ങി പ്രോസിക്യൂഷന്‍. ഏപ്രില്‍ 18ന് കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ മൂന്നുമാസം സമയം തേടിയ വിവരം ചൂണ്ടിക്കാട്ടി അധിക സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. കേസ് പരിഗണിക്കുമ്പോള്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം പുരോഗമിക്കുമ്‌ബോള്‍ കൂടുതല്‍ വഴികള്‍ തെളിഞ്ഞുവരുന്നത് ചൂണ്ടിക്കാട്ടിയാവും കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടുക.
പ്രതികളും പ്രതികളുമായി ബന്ധമുള്ള സാക്ഷികളും അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്നതും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. നോട്ടീസ് നല്‍കിയിട്ടും സമയത്ത് ഹാജരാകാത്തത് അന്വഷണത്തെ പിന്നോട്ടടിക്കുന്നുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് തീരുമാനം.
പ്രതികളില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നതും ഗൂഢാലോചനക്കേസ് പ്രതികള്‍ സാക്ഷിക്കെതിരെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന വിവരങ്ങളും എല്ലാം കോടതിയില്‍ ചൂണ്ടിക്കാട്ടും. സി.ആര്‍.പി.സി 160 പ്രകാരമുള്ള ചോദ്യം ചെയ്യലിനു കാവ്യ മാധവന്‍ ഉപാധി വെച്ചതും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും നോട്ടിസ് കൈപ്പറ്റാത്തതും ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം ചോദിക്കാനാണ് തീരുമാനം.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവനെ ബുധനാഴ്ച ചോദ്യം ചെയ്യാനായിട്ടില്ല. ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ ഇവിടെയെത്തി ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് ചില തടസങ്ങളുണ്ട്. ഇരുവിഭാഗത്തിനും സാധ്യമായ സ്ഥലം അറിയിക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു.
ചോദ്യം ചെയ്യലിന് അനിയോജ്യമായ സ്ഥലം കാവ്യ മാധവന്‍ ഏപ്രില്‍ 18 വരെ അറിയിച്ചില്ലെങ്കില്‍ പത്മസരോവരം വീട്ടില്‍ അന്വേഷണ സംഘമെത്തും. പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വച്ചാകും ചോദ്യം ചെയ്യല്‍. മാത്രമല്ല, സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കാവ്യയ്‌ക്കൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലും അന്വേഷണ സംഘത്തിന്റെ ആലോചനയിലുണ്ട്. മഞ്ജുവാര്യയെ ചോദ്യം ചെയ്ത പോലെ ഏതെങ്കിലും ഹോട്ടല്‍ തിരഞ്ഞെടുക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ ആലോചന.
2017ല്‍ ഈ കേസിന്റെ ആദ്യ ഘട്ടത്തില്‍ മാഡം എന്ന സ്ത്രീ സാന്നിധ്യം ഉയര്‍ന്നു വന്നു എങ്കിലും സംഭവങ്ങളില്‍ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മൂന്ന് മാസമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം കേസില്‍ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പള്‍സര്‍ സുനി എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോള്‍ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പള്‍സര്‍ സുനിയായിരുവെന്നും വിവരമുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡില്‍ എന്ന് അറിയാമെന്ന തരത്തിലായിരുന്നു ലക്ഷ്യയില്‍ അന്ന് കാവ്യയുടെ പെരുമാറ്റമെന്ന് ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയിലുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഈ ലക്ഷ്യയില്‍ തീപിടിച്ചിരുന്നു. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.
അതിനിടെ, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വധഗൂഢാലോചനാക്കേസില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വേണ്ടിയുള്ള നോട്ടീസ് ക്രൈംബ്രാഞ്ച് ഇന്ന് നല്‍കും. അഡ്വ ഫിലിപ് ടി.വര്‍ഗീസ്, അഡ്വ സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. ദിലീപിന്റെ ഫോണിലെ സുപ്രധാന തെളിവ് രേഖകള്‍ നശിപ്പിക്കാന്‍ അഭിഭാഷകര്‍ കൂട്ടുനിന്നെന്നാണ് ആരോപണം. ഇവര്‍ പറഞ്ഞിട്ടാണ് ദിലീപിന്റെ ഫോണിലെ ചിത്രങ്ങളും രേഖകളും ഇല്ലാതാക്കിയതെന്നാണ് അറസ്റ്റിലായ സൈബര്‍ ഹാക്കര്‍ സായി ശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്.
കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ മൂന്ന് അഭിഭാഷകര്‍ക്ക് കേരള ബാര്‍ കൗസില്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്. അതിജീവിത നല്‍കി പരാതിയിലാണ് നടപടി. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മോനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നടിയുടെ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.
