Malayalam
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗള്‍ഫിലുള്ള നടിയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്!?, ദുബായിലിരുന്നു സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചിരുന്നതായി വിവരം
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗള്‍ഫിലുള്ള നടിയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്!?, ദുബായിലിരുന്നു സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചിരുന്നതായി വിവരം
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍മായക നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഇതിനോടകം തന്നെ പ്രതിയായ ദിലീപിനെയടക്കം നിരവധി പേരെയാണ് ചോദ്യം ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയല്‍ നടിയെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ചോദ്യം ചെയ്തത്. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്ന് വിവരമുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ നടി മീരാ ജാസ്മിനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മീരാജാസ്മിന് പങ്കുണ്ടെന്നും ഈ ക്രൂരകൃത്യം അറിയാമായിരുന്നുവെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍. അതുമാത്രമല്ല, ദുബായിലിരുന്നു സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ദിലീപിനോടും കാവ്യാ മാധവനോടും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തി കൂടിയായിരുന്നു മീര ജാസ്മിന്‍. ഇവരുടെ വിവാഹത്തിനും സജീവ സാന്നിധ്യമായിരുന്നു മീരാ ജാസ്മിന്‍.
ദിലീപിന്റെ പല ബിസിനസിലും മീരാ ജാസ്മിന് പങ്കുളളതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. മീര ജാസ്മിനുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ ദിലീപ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് വീണ്ടെടുക്കാന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടുണ്ട്. 2016ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന മീരാ ജാസ്മിന്‍ ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധായനത്തില്‍ ജയറാം നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യുമ്പോള്‍ അത് ഈ രണ്ടാം വരവിനെയും സാരമായി തന്നെ ബാധിക്കും.
ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടക്കുകയാണ്. ഏപ്രില്‍ 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. ദിലീപിനെ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ഫോണ്‍ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ചില രേഖകള്‍ ഇതില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട യാതൊരു രേഖകളും നീക്കിയിട്ടില്ലെന്ന് ദിലീപ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ നീക്കം ചെയ്ത രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനാണ് രണ്ടു വനിതകളെ ചോദ്യം ചെയ്തത്. തിരുവനന്തപുരത്തുള്ള രണ്ടു വനിതകളെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. ഇവര്‍ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വമുള്ള സംഘമാണ് മൊഴി എടുത്തത്.
കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണ സംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ അന്വേഷണത്തിന്റെ പൂര്‍ണ്ണ വിവരം നല്‍കുകയും തെളിവുകള്‍ എല്ലാം തന്നെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടര മാസം പിന്നിടുമ്പോഴാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചനയാണ് ദിലീപും മറ്റ് അഞ്ചുപേരും കൂടി നടത്തിയത്. ഇതിന്റെ കൃത്യമായ തെളിവുകള്‍ ആണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടതും അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തതെന്നും കോടതിയില്‍ അന്വേഷണം സംഘം വ്യക്തമാക്കിയതായാണ് സൂചന.
വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്‌സൂചന. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെയും പ്രതി ചേര്‍ത്തു. ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചതിനുമാണ് കേസ്. സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
