Malayalam
ചലച്ചിത്ര- നാടക നടന് കൈനകരി തങ്കരാജ് വിടവാങ്ങി; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍
ചലച്ചിത്ര- നാടക നടന് കൈനകരി തങ്കരാജ് വിടവാങ്ങി; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍
പ്രശസ്ത ചലച്ചിത്ര- നാടക നടന് കൈനകരി തങ്കരാജ് അന്തരിച്ചു. 77 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ, ഹോം, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരുന്നത്.
നാടകത്തില്‍ നിന്നും സിനിമയിലേയ്ക്ക് എത്തിയ താരത്തിന്റെ മിക്ക കഥാപാത്രങ്ങളും ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു സിനിമയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ വരവ്. പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന് ആയിരുന്നു ആദ്യ ചിത്രം. ചിത്രത്തില്‍ പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്.
ഈ ചിത്രത്തിനുശേഷം അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. അതിനുശേഷം വീണ്ടും കെപിഎസിയുടെ നാടകഗ്രൂപ്പില്‍ ചേര്‍ന്നു. എന്നാല്‍ ഏറെ നാള് കഴിയുന്നതിനു മുന്‍പു തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി.
പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില് ഒരാളായിരുന്നു അദ്ദേഹം. താരത്തിന്റെ വിയോഗം താങ്ങാനാകാത്ത അവസ്ഥയിലാണ് സഹപ്രവര്‍ത്തകര്‍. ഇതിനോടകം നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
