നൂറു കണക്കിന് പ്രതികൾ ജയിലിലുള്ളപ്പോൾ എന്ത് കൊണ്ടാണ് ദിലീപിന് മാത്രം കരിക്കിൻ വെള്ളം വാങ്ങിച്ചു കൊടുത്തത്….ഞാനാണെങ്കിൽ ചെയ്യില്ല, ജയിലിനകത്ത് എല്ലാവരും തുല്യരാണ്; ആർ ശ്രീലേഖയ്ക്കെതിരെ എവി ജോർജ്
ജയിലിൽ കഴിയവേ നടൻ ദിലീപിന് ചില സൗകര്യങ്ങൾ ചെയ്തുകൊടുത്തുവെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ശ്രീലേഖയുടെ പ്രസ്താവനയെ വിമർശിച്ച് മുൻ ഐജി എ വി ജോർജ്.
ജയിലിൽ എല്ലാവർക്കും തുല്യ പരിഗണനയാണ് നൽകുക. ദിലീപിന് മാത്രം പ്രത്യേക സൗകര്യം നൽകാൻ പറ്റില്ല. എന്തിന് അത്തരം സൗകര്യം ദിലീപിന് നൽകിയെന്ന് ശ്രീലേഖ തന്നെ വ്യക്തമാക്കണമെന്നും എവി ജോർജ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
‘ജയിലിൽ എല്ലാവർക്കും തുല്യമായ പരിഗണന അല്ലേ കൊടൂക്കൂ. സാധാരണക്കാർക്കുള്ള സൗകര്യം മാത്രമേ ദിലീപിനവിടെ ലഭിക്കൂ. 80 ദിവസത്തിലധികം അദ്ദേഹമവിടെ ജയിലിലുണ്ടായിരുന്നല്ലോ. ഒരു ഫൈവ് സ്റ്റാർ ലൈഫ് നയിച്ചിരുന്ന വ്യക്തി ജയിലിൽ കിടക്കുന്ന സമയത്ത് മാനസികവും ശാരീരികവുമായ വിഷമതകളും നേരിടും. അതിനപ്പുറത്തേക്ക് ഒന്നുമില്ല. പൊലീസ് ഉപദ്രവിച്ച് അവിടെ കൊണ്ട് തള്ളിയതൊന്നുമല്ലല്ലോ. അത് സംബന്ധിച്ച് ദിലീപിനൊരു പരാതിയുമില്ലായിരുന്നല്ലോ,’ എവി ജോർജ് പറഞ്ഞു.
എന്ത് കൊണ്ടാണ് ദിലീപിന് പ്രത്യേക സൗകര്യം നൽകിയതെന്ന് അവരോട് ചോദിക്കണം. നൂറു കണക്കിന് പ്രതികൾ ജയിലിലുള്ളപ്പോൾ എന്ത് കൊണ്ടാണ് ദിലീപിന് മാത്രം കരിക്കിൻ വെള്ളം വാങ്ങിച്ചു കൊടുത്തത്. ഞാനാണെങ്കിൽ ചെയ്യില്ല. ജയിലിനകത്ത് എല്ലാവരും തുല്യരാണ്,’ എവി ജോർജ് കൂട്ടിച്ചേർത്തു.
ജയിലിൽ ദിലീപ് ദുരിതമനുഭവിക്കുന്നത് കണ്ട് താൻ ചില സൗകര്യങ്ങൾ ദിലീപിന് നൽകിയിരുന്നുവെന്നാണ് ശ്രീലേഖ പറഞ്ഞത്. ”ഞാന്‍ ജയില്‍ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതല്‍ സൗകര്യം ഏര്‍പ്പാടാക്കി എന്ന തരത്തില്‍ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാല്‍ അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലില്‍ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു.
വെറും തറയില്‍ മൂന്ന് നാല് ജയില്‍ വാസികള്‍ക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയില്‍ പിടിച്ച് എഴുന്നേല്ക്കാന് ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്ക്രീനില്‍ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ. എനിക്ക് പെട്ടെന്ന് മനസ്സലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും, ബ്ലാങ്കറ്റും നല്കാന് പറഞ്ഞു. ചെവിയുടെ ബാലന്‍സ് ശരിയാക്കാന്‍ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാന്‍ ഏര്‍പ്പാടാക്കി
