അച്ഛനുമായുള്ള ഭിന്നതയ്ക്കിടെ നിര്‍ണ്ണായക നീക്കവുമായി വിജയ്
ആരാധക സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛന് എസ് എ ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെ നിര്‍ണ്ണായക നീക്കവുമായി വിജയ്. ആരാധക സംഘടനകളുടെ പ്രവര്‍ത്തനം നവമാധ്യമങ്ങളില്‍ സജീവമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് താരം. വിജയ് മക്കള്‍ ഇയക്കത്തിന്റെ പേരില്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കാനാണ് തീരുമാനം. വിജയ്യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകര്‍ക്കുള്ള നിര്‍ദേശവുമൊക്കെ ഈ ചാനലിലൂടെ അറിയിക്കും. ആരാധക സംഘടനയുടെ ചുമതല വഹിക്കുന്ന എന്‍ ആനന്ദ് ആണ് ഇക്കാര്യം അറിയിച്ചത്. യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വിഴുപുരത്ത് എന്‍ ആനന്ദ് വിജയ് മക്കള്‍ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി ചര്‍ച്ചനടത്തി. ചന്ദ്രശേഖറിന് പകരം സംഘടനയുടെ പ്രവര്‍ത്തനം പൂര്‍ണമായും വിജയ്യുടെ നിയന്ത്രണത്തിലാക്കുക എന്നതാണ് ലക്ഷ്യം. സംഘടനയുടെ പേരില്‍ കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ചന്ദ്രശേഖര്‍ സജീവമായിരുന്നു. ആനന്ദാണ് താരത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന ആരോപണവും ചന്ദ്രശേഖര്‍ ഉന്നയിച്ചിരുന്നു.
ഇടയ്ക്കിടെ പിതാവ് വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചന നല്കാറുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം വിജയ്യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയത്. അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ചന്ദ്രശേഖര്‍ ശ്രമിച്ചത്. വിജയുടെ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടി ആക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിനോട് വിജയ് സഹകരിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത് തന്റെ അറിവോടെ അല്ല എന്നാണ് വിജയ് ആരാധകരെ അറിയിച്ചത്. തന്റെ പേരോ ചിത്രമോ പാര്‍ട്ടി കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ അച്ഛനും മകനും പിണക്കത്തിലാണെന്നും പരസ്പരം മിണ്ടാറില്ലെന്നും അമ്മ ശോഭ വെളിപ്പെടുത്തിയതും വലിയ ചര്‍ച്ചയായിരുന്നു.
