അന്ന് വാപ്പച്ചി ഒരു വാക്കുപോലും പറയാതെ ആ സ്റ്റേജ് വിട്ടിറങ്ങി; ഓര്‍മ്മകള്‍ പങ്ക് വെച്ച് ഷെയിന്‍
മിമിക്രി വേദികളില്‍ സ്ഥിരസാന്നിധ്യമായിരുന്ന കലാഭവന്‍ അബി പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യതയുള്ള താരങ്ങളില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ മൂന്നാം ചരമവാര്‍ഷിക ദിനമായ ഇന്ന് അബിയുമായുള്ള ഓര്‍മ്മകള്‍ പങ്കിട്ട് എത്തിയിരിക്കുകയാണ് മകനും നടനുമായ ഷെയ്ന് നിഗം. ‘ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. ഒരാള്‍ക്ക് മറ്റൊരാള്‍ക്ക് നല്കാവുന്നതില് ഏറ്റവും വലിയ സമ്മാനം അദ്ദേഹം എനിക്കേകി. അദ്ദേഹം എന്നില്‍ വിശ്വസിച്ചു. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വാപ്പിച്ചി ആദ്യമായി ഒരു വാക്ക് പോലും സംസാരിക്കാതെ സ്റ്റേജ് വിട്ട് ഇറങ്ങി എന്ന പ്രത്യേകത.’ എന്നും ഷെയ്ന് കുറിച്ചു. ഖത്തറിലെ ദോഹയില്‍ വച്ചുനടന്ന യുവ അവാര്‍ഡ് ചടങ്ങില്‍ അബിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്ക് വെച്ചായിരുന്നു ഷെയിനിന്റെ കുറിപ്പ്.
രക്തസംബന്ധമായ അസുഖത്തെതുടര്‍ന്ന് 2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. ഹബീബ് അഹമ്മദ് എന്നായിരുന്നു യാഥാര്‍ത്ഥ പേര്. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയില്‍ സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു അബി. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
ആമിനാ താത്തയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത താരമാണ് അബി. മിമിക്രിയില്‍ നിറഞ്ഞു നിന്ന പല കലാകാരന്മാരും സിനിമയില്‍ മുന്‍നിര നായകന്മാരായപ്പോള് അദ്ദേഹം പലപ്പോഴും ശ്രദ്ധിക്കപ്പെട്ടില്ല. ഒരിടവേളയ്ക്കു ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ പോലീസ് ഓഫീസറായി അബി മടങ്ങിയെത്തിയിരുന്നു.
