Connect with us

കേരളത്തിലെ പുരോഹിതർക്കും കോൺഗ്രസ് നേതൃത്വത്തിനുമുള്ള മറുപടിയാണ് കേരളത്തിലെ ജനങ്ങൾ പി.ടിയുടെ ഭൗതിക ശരീരത്തെ അനുയാത്ര ചെയ്തു കൊണ്ട് നല്കിയത്..പി ടി തോമസിയോട് പുരോഹിതർ മാപ്പ് പറയണമെന്ന് ആന്റോ ജോസഫ്

Malayalam

കേരളത്തിലെ പുരോഹിതർക്കും കോൺഗ്രസ് നേതൃത്വത്തിനുമുള്ള മറുപടിയാണ് കേരളത്തിലെ ജനങ്ങൾ പി.ടിയുടെ ഭൗതിക ശരീരത്തെ അനുയാത്ര ചെയ്തു കൊണ്ട് നല്കിയത്..പി ടി തോമസിയോട് പുരോഹിതർ മാപ്പ് പറയണമെന്ന് ആന്റോ ജോസഫ്

കേരളത്തിലെ പുരോഹിതർക്കും കോൺഗ്രസ് നേതൃത്വത്തിനുമുള്ള മറുപടിയാണ് കേരളത്തിലെ ജനങ്ങൾ പി.ടിയുടെ ഭൗതിക ശരീരത്തെ അനുയാത്ര ചെയ്തു കൊണ്ട് നല്കിയത്..പി ടി തോമസിയോട് പുരോഹിതർ മാപ്പ് പറയണമെന്ന് ആന്റോ ജോസഫ്

അന്തരിച്ച എംഎല്‍എ പി.ടി. തോമസിനോട് മാപ്പ് പറയാന്‍ ക്രൈസ്തവ സഭാ മേലധികാരികള്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്. ജീവിച്ചിരിക്കെ പി ടിയുടെ പ്രതീകാത്മക ശവ ഘോഷ യാത്ര നടത്തിയതിന് പുരോഹിതർ മാപ്പ് പറയണമെന്ന് പി ടിയുടെ സുഹൃത്തും നിർമാതാവുമായ ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. മതത്തിന്റെ പേരിലുള്ള സീറ്റ് വീതം വെപ്പ് നിർത്തി കോൺഗ്രസ് പി ടിയോട് നീതി പുലർത്തണമെന്നും ആന്റോ ജോസഫ് ആവശ്യപ്പെട്ടു.

ആന്റോ ജോസഫിന്റെ കുറിപ്പ്:

ഇന്ന് തിരുപ്പിറവി ദിനം. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ക്രൈസ്തവ പുരോഹിത സമൂഹത്തോട് ചില വസ്തുതകള്‍ പറയാന്‍ ഈ ദിവസം തന്നെയാണ് ഉചിതം. പി.ടി തോമസിനെക്കുറിച്ചു തന്നെയാണ്. ആ മനുഷ്യനോട് ‘മാപ്പ്’ എന്നൊരു വാക്ക് ഇനിയെങ്കിലും പറയാന്‍ ക്രൈസ്തവ സഭാ മേലധികാരികള്‍ തയ്യാറാകണം. അത് നിങ്ങളുടെ മഹത്വമേറ്റുകയേ ഉള്ളൂ. ഞാന്‍ ഒരു വിശ്വാസിയാണ്. നിത്യവും മുടങ്ങാതെ പളളിയില്‍ പോയി പ്രാര്‍ഥിക്കുന്നയാളാണ്.

തെറ്റ് സംഭവിച്ചാല്‍ അത് ഏറ്റു പറയണമെന്ന് കുട്ടിക്കാലം തൊട്ടേ അള്‍ത്താര പ്രസംഗങ്ങളില്‍ കേട്ടു വളര്‍ന്നയാളാണ്. വാക്കും പ്രവൃത്തിയും ഒന്നാകുമ്പോഴാണ് നന്മയുണ്ടാകുന്നതും മനസ് വിശുദ്ധമാകുന്നതുമെന്നാണ് പഠിച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ പി.ടിയോട് തെറ്റ് ഏറ്റുപറയാന്‍ പുരോഹിതര്‍ ഇനിയും വൈകരുത്. ഒരു പക്ഷേ കേരളത്തില്‍ അധികമാര്‍ക്കും അറിയാത്തൊരു പി.ടി.യുണ്ട്. ഡിജോ കാപ്പനെ പോലെ അടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം അറിയാവുന്ന ആ പി.ടി. ഉപ്പുതോട്ടിലെ കല്ലുവഴികളിലൂടെ എല്ലാ ഞായറാഴ്ചയും പള്ളിയിലേക്ക് നടന്നു പോയിരുന്ന ബാലനാണ്.

അന്ന് ഇടുക്കി രൂപതയില്ല. കോതമംഗലം രൂപതയാണ്. സണ്‍ഡേ സ്‌കൂളിലെ ഏറ്റവും മിടുക്കനായ കുട്ടിയായിരുന്നു പി.ടി. വേദപാഠ പരീക്ഷകളില്‍ കോതമംഗലം രൂപതയില്‍ തന്നെ ഒന്നാമന്‍. ആ പി.ടിയെയാണ് ജനിച്ച മണ്ണിനും അവിടത്തെ മലയ്ക്കും മനുഷ്യര്‍ക്കും വേണ്ടി പില്‍ക്കാലം നിലപാട് എടുത്തതിന്റെ പേരില്‍ പുരോഹിത സമൂഹം ക്രൂശിച്ചത്. അതിലും ക്രൂരമായി പ്രതീകാത്മക ശവഘോഷയാത്ര നടത്തി അപമാനിച്ചത്.

എന്നിട്ട് മനസുകളില്‍ തെമ്മാടിക്കുഴി കുത്തി അടക്കം ചെയ്യാന്‍ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. എത്ര ക്രൂരം! പി.ടി ചെയ്ത തെറ്റ് എന്തായിരുന്നു? എന്ത് ഉത്തരം നല്കാനുണ്ട് ഈ ചോദ്യത്തിന്? ഒരു ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കോ മൃതദേഹത്തിന് മുന്നിലുള്ള ഒപ്പീസു ചൊല്ലലിനോ മായ്ച്ചു കളയാനാകില്ല പി.ടിയോട് ചെയ്ത ക്രൂരതയുടെ കളങ്കം. അതു ഇല്ലാതാകണമെങ്കില്‍ പി.ടിയോട് മാപ്പു പറഞ്ഞേ തീരൂ.

അഭിവന്ദ്യ പുരോഹിതരേ… പി.ടി മരിച്ചിട്ടില്ല. ഇനിയും പലരിലൂടെ പുനര്‍ജനിക്കും. അവര്‍ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയും. നിങ്ങള്‍ തെമ്മാടിക്കുഴികള്‍ കല്പിക്കുമ്പോള്‍ അവര്‍ ചിതയായി ആളും. അവര്‍ക്കരികേ പ്രണയഗാനങ്ങള്‍ അലയടിക്കും… അതു കൊണ്ട് വൈകരുത്. നിങ്ങളുടെ ഓര്‍മയിലേക്കായി ഒരു ബൈബിള്‍ വാക്യം കുറിക്കട്ടെ: ‘ഞാന്‍ എന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു. എന്റെ പാപത്തെ പറ്റി അനുതപിക്കുന്നു’.(സങ്കീര്‍ത്തനങ്ങള്‍ 38:18)

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോടും ഒരഭ്യര്‍ഥന : ദയവായി മതത്തിന്റെ പേരിലുള്ള സീറ്റ് വീതം വയ്ക്കലുകള്‍ അവസാനിപ്പിക്കുക. ഇടുക്കിയും കോട്ടയവും ക്രൈസ്തവനും മലപ്പുറവും കോഴിക്കോടും മുസ്ലിമിനും തിരുവനന്തപുരവും കൊല്ലവും ഹിന്ദുവിനുമെന്ന നിലയില്‍ നിങ്ങള്‍ വീതം വയ്ക്കുന്നതുകൊണ്ടാണ് പുരോഹിതര്‍ വാളെടുത്തപ്പോള്‍ നിങ്ങള്‍ക്ക് തല കുനിക്കേണ്ടി വന്നത്. പി.ടിയെപ്പോലൊരു നേതാവിനെ പടിയിറക്കി വിടേണ്ടി വന്നത്.

ലോക്‌സഭയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച എം.പിയായി ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത് മൂന്നു മാസം കഴിഞ്ഞപ്പോഴാണ് പി.ടി.ക്ക് സീറ്റ് നിഷേധിക്കപ്പെട്ടത്. അത് പുരോഹിത ശ്രേഷ്ഠര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയതിന്റെ ഫലമായിരുന്നുവെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. പക്ഷേ തിരസ്‌കൃതനായ പി.ടി. ഒന്നും പറയാതെ കാസര്‍കോട്ടേക്ക് വണ്ടി കയറി; ടി.സിദ്ദിഖിന്റെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍. അതായിരുന്നു പി.ടി.തോമസ്. കോണ്‍ഗ്രസ് നേതൃത്വം മറ്റു പാര്‍ട്ടികളെ കണ്ടു പഠിക്കുക.

മതത്തിനനുസരിച്ചാണോ അവിടെ സ്ഥാനങ്ങള്‍ നല്കുന്നതെന്ന് നോക്കുക. അവസാനിപ്പിക്കാറായി ഈ ‘മദപ്പാട്’. കേരളത്തിലെ പുരോഹിതര്‍ക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമുള്ള മറുപടിയാണ് കേരളത്തിലെ ജനങ്ങള്‍ പി.ടിയുടെ ഭൗതിക ശരീരത്തെ അനുയാത്ര ചെയ്തു കൊണ്ട് നല്കിയത്. ഇനിയെങ്കിലും ഒന്നു മനസിലാക്കുക. മതം മതത്തിന്റെ വഴിക്കും രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും പോകട്ടെ. പി.ടിയുടെ ആത്മാവിനോട് നിങ്ങള്‍ക്ക് ചെയ്യാനാകുന്ന ഏറ്റവും വലിയ പുണ്യമാകും അത്. ഒപ്പം യേശു എന്ന സ്‌നേഹസ്വരൂപനോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നീതിയും…

Continue Reading
You may also like...

More in Malayalam

Trending

Recent

To Top