അന്ന് ‘തലയണമന്ത്രം’ ചെയ്തത് ആ ഒരു പ്രത്യേക കാരണം കൊണ്ടു മാത്രം; തുറന്ന് പറഞ്ഞ് ഉര്‍വശി
സൂരറൈ പോട്ര് എന്ന സൂര്യയുടെ ഹിറ്റ് ചിത്രത്തിലൂടെ ഉര്‍വശി നേടിയെടുത്ത അഭിനന്ദനങ്ങള്‍ ചെറുതല്ല. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച താരത്തിന്റെ അഭിനയജീവിതത്തില്‍ ഓര്‍ത്തിരിക്കാവുന്ന കഥാപാത്രം തന്നെയാണ് സൂരറൈ പോട്രിലെ പേച്ചി. ചിത്രം ഹിറ്റ് ആയതിന് ശേഷം നിരവധി പേരാണ് എങ്ങനെയാണ് ഇങ്ങനെ മികച്ച കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്ന് ചോദിച്ച് രംഗത്തെത്തിയത്. അതിനുള്ള മറുപടിയും, തന്റെ കരിയറിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട തലയണമന്ത്രത്തിലെ കാഞ്ചന എന്ന കഥാപാത്രം തിരഞ്ഞെടുക്കാനുള്ള പ്രത്യേക കാരണം കൂടി പറഞ്ഞിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍.
ആദ്യമൊക്കെ അച്ഛനും അമ്മയുമായിരുന്നു കഥ കേട്ടിരുന്നത്. വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നമ്മുടെ ആത്മവിശ്വാസം ഇരട്ടിക്കും. അപ്പോഴാണ് നമ്മള് പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത് . നായിക ആയിരിക്കുമ്പോള്‍ നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രങ്ങള്‍ ചെയ്യരുതെന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു.
എന്നാല്‍ വെറും ഒരു മിനിറ്റ് ആണെങ്കില്‍ പോലും എനിക്ക് ചെയ്യുവാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ആ കഥാപാത്രം തീര്‍ച്ചയായും ചെയ്തിരിക്കും. തലയണമന്ത്രത്തിലെ നായിക കഥാപാത്രത്തിന് വില്ലത്തി സ്വഭാവമുണ്ടെന്നു സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞപ്പോള്‍ ആ കഥാപാത്രം ചെയ്യുവാനുള്ള ആഗ്രഹം ഇരട്ടിച്ചു. ഭര്‍ത്താവും മകളും മാത്രമുള്ള ഒരു ലോകം, ആ ലോകത്തില്‍ മറ്റുള്ളവരെപ്പോലെ ആര്‍ഭാടത്തോടെ ജീവിക്കണമെന്ന ആഗ്രഹമുള്ള നിഷ്കളങ്കയായ സ്ത്രീയാണ് യഥാര്‍ഥത്തില്‍ തലയണ മന്ത്രത്തിലെ കാഞ്ചന എന്നും ഉര്‍വശി പറഞ്ഞു നിര്‍ത്തി.
