അന്ന് ഉണ്ടായത് അനാവശ്യ വിവാദം; അര്‍ത്ഥമാക്കിയത് മറ്റൊന്നായിരുന്നു
ഈ അടുത്തിടയായി ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ താരമാണ് ദേവന്. ഒരു അഭിമുഖത്തിലൂടെ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ദേവന് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തുടര്‍ന്ന് താരത്തിനെതിരെ വ്യാപകമായ സൈബര്‍ അക്രമണവും നടന്നിരുന്നു. എന്നാല്‍
താന്‍ അര്‍ത്ഥമാക്കിയത് മറ്റൊരു കാര്യമാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ദേവന്. മലയാള സിനിമയിലെ രണ്ട് നെടും തൂണുകള്‍ കാരണമാണ് തനിക്ക് ഉയര്‍ന്ന് വരാന്‍ കഴിയാതിരുന്നതെന്നും അവര്‍ അടിച്ചമര്‍ത്തിയതാണ് എന്നുമായിരുന്നു ദേവന് ആദ്യം പറഞ്ഞിരുന്നത്.
ലോകസിനിമയില്‍ ഞാന്‍ കാണുന്ന ഏറ്റവും മഹാന്മാരായ നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ലോകസിനിമയിലെ മികച്ച നടന്മാരുടെ പട്ടിക എടുത്താല്‍ അതില്‍ ഒരാള്‍ മമ്മൂട്ടി ആയിരിക്കും. മോഹന്‍ലാലിന്റെ ലെവല്‍ ഇതില്‍ നിന്നെല്ലാം വേറെയാണ് എന്നുമാണ് ദേവന് ഒരു അഭിമുഖത്തിലൂടെ പറഞ്ഞത്. ഉദാഹരണത്തിന് രജനീകാന്തിനെ എടുത്താല്‍, രജനികാന്തിനെയും അദ്ദേഹത്തിന്റെ ജനപ്രീതിയും നമുക്ക് ആരോടെങ്കിലും താരതമ്യം ചെയ്യാന്‍ പറ്റുമോ? പറ്റില്ല. രജനികാന്തിനെ പോലെ തന്നെ സംവിധായകന് രാജമൗലിയെയും ആരുമായിട്ടും താരതമ്യപ്പെടുത്താന്‍ പറ്റില്ല.
അതുപോലെയാണ് മോഹന്‍ലാലും. താരതമ്യങ്ങള്‍ക്കും അപ്പുറമാണ്. അദ്ദേഹത്തിന്റെ ചലനങ്ങളും ഭാവചലനങ്ങളും ഫ്ളെക്സിബ്ലിറ്റിയും ഏത് കഥാപാത്രത്തെയും യോജിപ്പിച്ച് കൊണ്ട് പോകാന്‍ പറ്റുന്നതാണ്. അത് പറയാന്‍ സമ്മതിച്ചില്ല. മോഹന്‍ലാല്‍ അതുല്യനായ നടനാണെന്നതില്‍ സംശയമില്ല. അനാവശ്യ വിവാദമാണ് തനിക്കെതിരെ ഉണ്ടായത് എന്നും ദേവന് വ്യക്തമാക്കി.
