Malayalam
കൊച്ചിയിൽ മോഡലുകളുടെ മരണം; അന്വേഷണം സിനിമ മേഖലയിലേക്കോ?
കൊച്ചിയിൽ മോഡലുകളുടെ മരണം; അന്വേഷണം സിനിമ മേഖലയിലേക്കോ?
കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച വാർത്ത ഒരു ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. 2019ല്‍ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലംങ്കോട് സ്വദേശിനി അന്‍സി കബീര്‍, ഇതേ മത്സരത്തിലെ റണ്ണര്‍ അപ് ആയിരുന്നു ആയുര്‍വേദ ഡോക്ടര്‍ ആയ തൃശ്ശൂര്‍ ആളൂര്‍ സ്വദേശിനി അഞ്ജന ഷാജന് എന്നിവരായിരുന്നു മരിച്ചത്.
നവംബർ ഒന്നിന് രാത്രി ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോർട്ട്.
കാറുകൾ മൽസര ഓട്ടം നടത്തിയതായി ഇവരെ പിന്തുടർന്ന കാർ ഡ്രൈവർ എറണാകുളം സ്വദേശി സൈജു മൊഴി നൽകിയിരുന്നു . ഇത് എന്തിനു വേണ്ടിയായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പ്രതികൾ പങ്കെടുത്ത പാർട്ടിക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ സൂചനകൾ പുറത്തു വന്നിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉടമ ഇടപെട്ട് നീക്കി. ഇതും പൊലീസിനു പിടികൊടുക്കാതെ ഹോട്ടൽ ഉടമ മുങ്ങിയതും ദുരൂഹത വർധിപ്പിച്ചിരുന്നു
മോഡലുകൾ മരിച്ച സംഭവത്തിൽ ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ. സൈബർ ഫൊറൻസിക് പരിശോധനയ്ക്കയക്കും. ഡി.വി.ആറിൽ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സിനിമാമേഖലയിലെ ചില പ്രമുഖർ ഈ ഹോട്ടലിൽ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാർട്ടിയിൽവെച്ച് ഇവർ തർക്കത്തിലേർപ്പെട്ടതായി പൊലീസ് സംശയിക്കുന്നു. പ്രശ്നം പറഞ്ഞുതീർക്കാനാണ് ഹോട്ടലുടമയുടെ നിർദേശപ്രകാരം ഓഡി കാർ പിന്തുടർന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
അപകടം സംബന്ധിച്ച അന്വേഷണം സിനിമാ മേഖലയിലേക്ക് എത്തിയതോടെ അന്വേഷണത്തിന് ബ്രേക്കിട്ടിരിക്കുകയാണ് പോലീസ്. നിലവിലെ അന്വേഷണം കൃത്യമായി മുന്നോട്ടുപോയാല്‍ സിനിമാരംഗത്തുള്ളവരെ ചോദ്യംചെയ്യേണ്ടിവരും. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ സിനിമാരംഗത്തുള്ളവര്‍ അടക്കം പങ്കെടുത്ത റേവ് പാര്‍ട്ടി നടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഫാഷന്‍ രംഗത്തുള്ള പ്രമുഖ കൊറിയോഗ്രാഫറാണിത് സംഘടിപ്പിച്ചത്. ദുബായില്‍നിന്ന് ഇയാള്‍ സിന്തറ്റിക് മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചെന്നാണ് വിവരം. എന്നാല്‍, ഇതിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍നിന്നുതന്നെ സമ്മര്‍ദമുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണം മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലില്‍ എത്താറുണ്ട്. അന്വേഷണം നീണ്ടാല്‍ ഇവര്‍ക്കും കുരുക്കാകും.
മോഡലുകൾ പങ്കെടുത്ത ഡി.ജെ. പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ ഇന്നലെ മണിക്കൂറുകളാണ് ചോദ്യം ചെയ്തത്. കാണാതായ ഡി വി ആറുകളും അന്വേഷണസംഘത്തിന് മുന്നിലെത്തി. സി.സി.ടി.വി. ദൃശ്യങ്ങളുള്ള ഡി.വി.ആർ. മാറ്റിയത് എക്സൈസിനെ ഭയന്നിട്ടാണെന്ന് ഹോട്ടലുടമ റോയി പൊലീസിന് മൊഴി നൽകി. എന്നാൽ ഹോട്ടലിന് പുറത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡി കാറിലെ ഡ്രൈവർ സൈജു സുഹൃത്താണ്. അപകടം നടന്ന വിവരം ഇയാൾ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നെന്നും റോയി മൊഴി നൽകി.
രാത്രി വൈകിയും മദ്യം വിളമ്പിയതിന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് നവംബര്‍ രണ്ടിന് എക്സൈസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപുറമേ മറ്റൊരു കേസുകൂടിവന്നാല്‍ ലൈന്‍സന്‍സ് പൂര്‍ണമായി നഷ്ടമാകുമെന്ന് ഭയന്നാണ് ഡി.വി.ആര്. മാറ്റിയതെന്നാണ് മൊഴിനല്‍കിയത്.
ഹോട്ടലിലെ ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് ടെക്നീഷ്യന്റെ സഹായം തേടിയതായി പൊലീസിന് വിവരം ലഭിച്ചു. വാട്സപ്പ് കോളിൽ ടെക്നീഷ്യനെ വിളിച്ചതിന്റെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിൽ തർക്കമുണ്ടായപ്പോൾ റോയിയും സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഡിജെ പാർട്ടി നടന്ന ഹാളിലും പാർക്കിങ് ഏരിയയിലും വച്ച് വാക്കുതർക്കം ഉണ്ടായിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു. അപകടത്തിൽ മരിച്ച അൻസി കബീറിന്റെ പിതാവ് അബ്ദുൽ കബീറും ബന്ധുക്കളും കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടിരുന്നു. മരണത്തിലെ ദുരൂഹത നീക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം.
