നട്ടെല്ലില്ല; അമ്മ’ എന്ന സംഘടനയുടെ പേര് മാറ്റണം..ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
താരസംഘടനയായ എഎംഎംഎയുടെ മീറ്റിംഗ് ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച ടിനിടോമിനെതിരെ പ്രതിഷേധം. ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഫോട്ടോയ്ക്ക് കീഴിലായി നിരവധി പേരാണ് സംഘടനയോടും സംഘടനയിലെ അംഗങ്ങളോടും തങ്ങള്‍ക്കുള്ള എതിര്‍പ്പ് ശക്തമായ ഭാഷയില്‍ പ്രകടിപ്പിക്കുന്നത്. ‘അമ്മ’ എന്ന സംഘടനയുടെ പേര് മാറ്റണമെന്നും സംഘടനയ്ക്ക് നട്ടെല്ലില്ലെന്നും ഇതില്‍ ചിലര്‍ പറയുന്നത്. ‘അമ്മ’ എന്ന നാമത്തെ സംഘടന കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഇന്നലെ നടന്നത് ‘കോമഡി മീറ്റ്’ ആണെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. ഒപ്പം, ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഘടനാ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടപടി ഉണ്ടാകാതിരുന്നതിനെയും നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ട്.
അറസ്റ്റിലായ ബിനീഷ് കോടിയേരിയെ സസ്പെൻഡ് ചെയ്യേണ്ടതില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമാണ് സിനിമാ ആരാധകരെ ചൊടിപ്പിച്ചത്.
ബംഗളുരു ലഹരിമരുന്ന് കേസുമായി പങ്കുള്ള ബിനീഷ് കോടിയേരിക്കെതിരെ നടപടി സ്വീകരിക്കാത്തതിലും ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. കൊച്ചി ‘ഹോളിഡേ ഇന്‍” ഹോട്ടലില്‍ വച്ചായിരുന്നു അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നടന്നത്. മോഹന്‍ലാല്‍, ടിനിടോം, ബാബുരാജ്, രചന നാരായണന്‍കുട്ടി, മുകേഷ്, ശ്വേത മേനോന്‍, ഇടവേള ബാബു, സുധീര്‍ കരമന എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്.
ബിനീഷിനോട് തത്ക്കാലം വിശദീകരണം തേടാമെന്ന മുകേഷിന്റെ നിലപാടും ഇന്നലെ മോഹന്‍ലാല്‍ അംഗീകരിച്ചിരുന്നു. ഈ നിലപാടില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് നടന്‍ സിദ്ദിഖ് രംഗത്തുവരികയും ചെയ്തു. ദിലീപിനെതിരെ നടപടിയെടുത്ത സംഘടനയില്‍ നിന്ന് ബിനീഷ് വിഷയത്തില്‍ ഇരട്ട നീതിയുണ്ടാകരുതെന്നായിരുന്നു സിദ്ദിഖ് ആവശ്യപ്പെട്ടത്. നടന്‍ ബാബുരാജും ബിനീഷിനെ പുറത്താക്കണമെന്ന സിദ്ദിഖിന്റെ അഭിപ്രായത്തോട് യോജിച്ചു.
എന്നാല്‍ ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വ്യത്യസ്തമാണെന്നും ദിലീപിനെതിരെ സംഘടനയില്‍ അംഗമായിരുന്ന നടി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇതെന്നും മുകേഷ് പറഞ്ഞു. തുടര്‍ന്ന് തന്റെ നിലപാട് അംഗീകരിക്കാതെ വന്നതോടെ സിദ്ദിഖ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ തുടക്കം മുതല്‍ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു സിദ്ദിഖ്.
എം.എല്‍.എമാരായ മുകേഷും ഗണേഷ് കുമാറും ബിനീഷിനെതിരെ നടപടിയെടുക്കുന്നതില്‍ ശക്തമായ വിയോജിപ്പാണ് യോഗത്തില്‍ അറിയിച്ചിരുന്നു. വനിതാ അഭിനേതാക്കള്‍ അടക്കമുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ബിനീഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹത്തില്‍ നിന്നും രാജി ആവശ്യപ്പെണമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.
