പതിവായി കണ്ടുകൊണ്ടിരിക്കുന്നവര്‍ ചീത്ത വിളിക്കും, കുറ്റം പറയും പക്ഷേ അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശരണ്യ
പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. റേറ്റിംഗിന്റെ കാര്യത്തില്‍ ഒന്നാമത് നില്ക്കുന്ന പരമ്പരയിലെ ഓരോ കഥാപാത്രവും മനസ്സുകളില്‍ ഇടം നേടിയവയാണ്. ബിഗ്സ്ക്രീനിലും ശരണ്യ ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബപ്രേക്ഷകര്‍ സ്നേഹത്തോടെയല്ല തന്നെ സ്വീകരിക്കുന്നത് എന്ന് അറിയാമെന്നും അതൊക്കെ മനസ്സിലാക്കി തന്നെയാണ് നെഗറ്റീവ് ക്യാരക്ടര്‍ തിരഞ്ഞെടുത്തതെന്നും പറയുകയാണ് ശരണ്യാ ആനന്ദ്. പ്രേക്ഷകര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും അത് തന്റെ ക്യാരക്ടര്‍ അവര്‍ക്കിടയില്‍ വിജയിച്ചതിന്റെ സൂചന ആണെന്നും താരം പറയുന്നു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലൂടെയാണ് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
‘എനിക്ക് എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നതാണ് ഇഷ്ടം. എന്റെ ഫീച്ചേഴ്സൊക്കെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ക്കാണ് ഇണങ്ങുന്നതെന്ന് നിരവധി സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ നിന്ന് എനിക്ക് അങ്ങനെയുള്ള വേഷങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ‘ആകാശഗംഗ 2’ സിനിമയില്‍ പ്രേതമായിരുന്നു. അല്ലെങ്കില്‍ പോലീസ് ഓഫീസര്‍. അതല്ലാതെ നെഗറ്റീവ് വേഷങ്ങളൊന്നും കിട്ടിയിരുന്നില്ല. ചില കഥാപാത്രങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളിലൊരു സന്തോഷം വരും.
കഥാപാത്രം കൊള്ളാമെന്ന വിശ്വാസവും എനിക്കുണ്ട്. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പതിവായി കണ്ടുകൊണ്ടിരിക്കുന്ന കുടുംബ പ്രേക്ഷകര്‍ ചീത്ത വിളിക്കും, കുറ്റം പറയും എന്നൊക്കെ എനിക്കറിയാം, പക്ഷേ അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. അതെല്ലാം തന്നെ എന്റെ കഥാപാത്രത്തിനുള്ള അഭിനന്ദനങ്ങളായാണ് ഞാന്‍ എടുക്കുന്നത്’. എന്നും താരം പറയുന്നു.
ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമാണ് ശരണ്യ. നിരവധി പരസ്യ ചിത്രങ്ങള്‍ക്ക് മോഡലായി. തമിഴിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും മലയാളത്തിലായിരുന്നു അവസരങ്ങള്‍ കൂടുതലും ലഭിച്ചത്. ആമേന്‍ അടക്കം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫറായും മോഹന്‍ലാല്‍ അഭിനയിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്സ്, അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളില്‍ ശരണ്യ അഭിനയിക്കുകയും ചെയ്തിരുന്നു.
