സിനിമയിൽ രക്ഷപ്പെട്ടില്ല; കാരണം ആ രണ്ട് നെടും തൂണുകള്‍! സംവിധായകർ അവർക്ക് വേണ്ടി ഒത്തു കളിയ്ക്കുന്നു
സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശോഭിച്ചിരുന്ന ദേവന് അഭിനയരംഗത്ത് നിന്ന് താത്കാലികമായി ഇടവേളയെടുത്ത് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയാണ്. തന്റെ രാഷ്ട്രീയപരമായ കാഴ്ചപാടുകളും അഭിപ്രായങ്ങളും ഒരു അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞ താരം തനിക്ക് സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും തുറന്നു പറയുകയുണ്ടായി.
ഞാന്‍ നല്ലൊരു നടന് എന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നെ സംബന്ധിച്ച് എനിക്കും അങ്ങനെ തന്നെയാണ്. പക്ഷെ, നല്ല റോളുകള്‍ ചെയ്യാന്‍ സാധിച്ചില്ല. പലപ്പോഴും കഴിവുള്ള നടന്മാര് ടൈപ്കാസ്റ്റില്‍ പെട്ടു പോവുന്നതിന് കാരണം മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ നെടുംതൂണുകള്‍ കാരണമാണ്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കുന്ന നടന്മാര് അവരെക്കാള്‍ നന്നായി അഭിനയിക്കാന്‍ പാടില്ല എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരുടെയും നേരിട്ടുള്ള ഇടപെടല്‍ ഉണ്ടെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അവര്‍ക്ക് വേണ്ടി സംവിധായകരും നിര്‍മാതാക്കളും ഒത്ത് കളിക്കുകയാണ്. അവര്‍ ലക്ഷ്യമിടുന്നത് ഫാന്‍സിനെ മാത്രമാണ്. ഫാന്‍സുകാര്‍ക്ക് വേണ്ടിയാണ് സിനിമ ചെയ്യുന്നതും.
മുമ്പ് സിനിമാ രംഗത്തുള്ള ഒരാള്‍ ദേവനെ പോലൊരു നടനോട് ഇങ്ങനെ ചെയ്യാമോ എന്ന് മമ്മൂട്ടിയോട് നേരിട്ട് ചോദിച്ചപ്പോള്‍, ‘ഇത് പ്രൊഫഷണലല്ലേടോ’ എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ പ്രതികരിച്ചത്. മമ്മൂട്ടിയോട് തന്നെ നേരിട്ട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നു. പക്ഷെ അപ്പോള്‍ വളരെ ഡിപ്ലോമാറ്റിക്കായ ഉത്തരമാണ് അദ്ദേഹം നല്‍കിയത്. ചിലര്‍ക്ക് വേണ്ടി അങ്ങനെ ആയിപ്പോവുന്നതാണെന്നാണ് പറഞ്ഞത്. എന്നാല്‍ മോഹന്‍ലാലിനോട് ചോദിക്കാന്‍ ഒരു അവസരം ലഭിച്ചിട്ടില്ല.
അന്യഭാഷയിലൊക്കെ അഭിനയിക്കുമ്പോള്‍ അവിടെയുള്ളവര്‍ നമ്മളോട് സംസാരിക്കുന്നത് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചാണ്. തെലുങ്കിലുള്ള മുന്‍നിര സംവിധായകരൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട് ‘ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി സിനിമകള്‍ ചെയ്യുന്നതാണ്’ എന്ന്. അതൊക്കെ കേള്‍ക്കുമ്പോള്‍ ഇവര്‍ക്കൊപ്പം അഭിനയിച്ച നടന് എന്ന നിലയില്‍ അഭിമാനം തോന്നാറുണ്ടെന്നും ദേവന് പറയുന്നു. അതേസമയം, താന്‍ ബഹുമാനിക്കുന്ന രണ്ട് പേരാണ് ഇവരെന്നും ദേവന് കൂട്ടിച്ചേര്‍ത്തു. കൂടുതലും വില്ലന്‍ റോളുകളാണ് കൈകാര്യം ചെയ്തത്. എന്നാല്‍ അതില്‍ മടുപ്പ് ഒന്നും തന്നെ തോന്നിയിട്ടില്ല. എന്നാല്‍ അത് വിട്ട് കോമഡി റോളുകള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ദേവന് വ്യക്തമാക്കി.
