News
ആർക്കും വിദ്യാഭ്യാസം നഷ്ടപ്പെടില്ല, മൊബൈൽ ടവർ സ്ഥാപിക്കാനായി ഒരു സംഘത്തെ അയക്കുന്നു; വയനാട്ടിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ ഒരുങ്ങി സോനു സൂദ്
ആർക്കും വിദ്യാഭ്യാസം നഷ്ടപ്പെടില്ല, മൊബൈൽ ടവർ സ്ഥാപിക്കാനായി ഒരു സംഘത്തെ അയക്കുന്നു; വയനാട്ടിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ ഒരുങ്ങി സോനു സൂദ്
കൊവിഡിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച താരമാണ് സോനു സൂദ്.
താരത്തിന്റെ സഹായമനസ്കതയെയും പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ രംഗത്തെത്തിയിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിലും പൊതുപ്രവർത്തനങ്ങളിൽ സജീവമായി തന്നെ നിൽക്കുകയാണ് താരം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല തമിഴ്നാട്ടിലും ആന്ധ്രയിലും എല്ലാം സോനു സൂദ് പല രീതികളിലായി സഹായം എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രശ്നത്തിലാണ് താരം ഇടപ്പെട്ടിരിക്കുന്നത്.
കൊവിഡ് കാരണം വിദ്യാർത്ഥികളെല്ലാം ഓൺലൈൻ ക്ലാസ് വഴിയാണ് തങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. എന്നാൽ കേരളത്തിലെ വയാനാട് ജില്ലയിലെ കുട്ടികൾക്ക് റേഞ്ച് ഇല്ലാത്തത് വിലയൊരു വെല്ലുവിളിയാണ്.
വയനാട്ടിലെ തിരുനെല്ലിയിലാണ് ഇന്റർനെറ്റ്, മൊബൈൽ നെറ്റ്വർക്ക് ലഭ്യമല്ലാത്തതു കാരണം നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ പ്രയാസമനുഭവിക്കുന്നത്. വീടുകളിൽ റേഞ്ചില്ലാത്തതിനാൽ ഒരുപാട് ദുരം യാത്ര ചെയ്താൽ മാത്രമെ കുട്ടികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
വയനാട്ടിലെ ഈ പ്രതിസന്ധിയെ കുറിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സോനു സൂദ് സഹായം ചെയ്യാൻ തീരുമാനിച്ചത്. പൂർണ്ണമായും വന പ്രദേശമായ ഈ മേഖലയിൽ കൂടുതലും ആദിവാസി വിഭാഗങ്ങളിലുള്ള കുട്ടികളാണ്. സാമ്പത്തികമായി വളരെ പിന്നോട്ട് നിൽക്കുന്ന ഇവർക്ക് ഓൺലൈൻ ക്ലാസിനായി സ്മാർട്ട് ഫോൺ വാങ്ങുന്നത് തന്നെ ചിന്തിക്കാനാവില്ല. അപ്പോഴാണ് സ്വന്തമായി ഫോണുള്ളവർക്ക് ഇത്തരത്തിൽ റേഞ്ചിന്റെ പ്രശ്നം നേരിടേണ്ടി വരുന്നത്. ഇതിന് പരിഹാരമായി പ്രദേശത്ത് മൊബൈൽ ടവർ സ്ഥാപിക്കാനാണ് താരം ഒരുങ്ങുന്നത്.
സംഭവത്തെ തുടർന്നുള്ള വാർത്തകൾ സമൂഹമാധ്യമത്തിൽ ചർച്ചയായതോടെ താരം ട്വിറ്ററിലൂടെ മൊബൈൽ ടവറിന്റെ കാര്യം അറിയിക്കുകയായിരുന്നു. ആർക്കും വിദ്യാഭ്യാസം നഷ്ടപ്പെടില്ല. മൊബൈൽ ടവർ സ്ഥാപിക്കുന്നതിൽ വയനാട്ടിലേക്ക് ഒരു സംഘത്തെ അയക്കുന്നുണ്ടെന്ന് എല്ലാവരോടും പറയുക എന്നാണ് താരം ട്വീറ്റ് ചെയ്തത്. ട്വീറ്റിൽ റിപ്പോർട്ടറേയും ടാഗ് ചെയ്തിട്ടുണ്ട്.
