Malayalam
ഇന്നലെ പറഞ്ഞത് മദ്യലഹരിയില്‍ ആണെന്ന് കരുതേണ്ട, സ്വബോധത്തോടെ തന്നെയാണ് ‘; ഗിരീഷ് പുത്തഞ്ചേരിയും സംവിധായകന്‍ കമലുമൊത്തുള്ള പഴയകാല സിനിമാ അനുഭവം പങ്കുവെച്ച് രവി മേനോന്‍!
ഇന്നലെ പറഞ്ഞത് മദ്യലഹരിയില്‍ ആണെന്ന് കരുതേണ്ട, സ്വബോധത്തോടെ തന്നെയാണ് ‘; ഗിരീഷ് പുത്തഞ്ചേരിയും സംവിധായകന്‍ കമലുമൊത്തുള്ള പഴയകാല സിനിമാ അനുഭവം പങ്കുവെച്ച് രവി മേനോന്‍!
മലയാളത്തിന് ഏറെ പ്രിയപ്പെട്ട 90സ് ഓർമ്മകൾ, കഥകളായി പുതുതലമുറയിലും വ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ അതുപോലൊരു കഥപറച്ചിലുമായി എത്തിയിരിക്കുകയാണ് രവിമേനോന്‍.. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയും സംവിധായകന്‍ കമലുമൊത്തുള്ള പഴയകാല സിനിമാ അനുഭവമാണ് രവി മേനോൻ പങ്കുവെക്കുന്നത്.
കോഴിക്കോട്ടെ ഹോട്ടല്‍ മഹാറാണിയുടെ വരാന്തയില്‍ വെച്ച് യാദൃച്ഛികമായി കണ്ടപ്പോള്‍ കമലിനെ തടഞ്ഞു നിര്‍ത്തി കൈകൂപ്പിക്കൊണ്ട് ഗിരീഷ് പറഞ്ഞ വാക്കുകളെ കുറിച്ചും അതിനോടുള്ള കമലിന്റെ പ്രതികരണത്തെ കുറിച്ചുമാണ് രവിമേനോന്‍ ഒരു പ്രമുഖ മാസികയ്ക്ക് എഴുതിയ ‘പാട്ടുവഴിയോരത്ത്’ എന്ന പംക്തിയില്‍ പങ്കുവെക്കുന്നത്.
‘നിങ്ങളോടെനിക്ക് ബഹുമാനമുണ്ട്. കാരണം ഗിരീഷ് പുത്തഞ്ചേരിയെ കൊണ്ട് പാട്ടെഴുതിക്കാതിരിക്കാന്‍ ചങ്കൂറ്റം കാണിച്ച രണ്ടേ രണ്ടു മലയാള സംവിധായകരില്‍ ഒരാളാണ് നിങ്ങള്‍. മറ്റെയാള്‍ ഭരതേട്ടന്‍. എന്നായിരുന്നു ഗിരീഷ് പറഞ്ഞത്. ഗിരീഷിന്റെ വാക്കുകളില്‍ ഒളിഞ്ഞിരുന്ന ആത്മരോഷവും പരിഹാസവും കമല്‍ ശ്രദ്ധിക്കാതിരുന്നില്ലെന്നും എന്നാല്‍ ലഹരിയുടെ സ്വാധീനം കൂടി അവയില്‍ കലര്‍ന്നിരുന്നതിനാല്‍ അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ലെന്നും രവിമേനോന്‍ ഓര്‍ക്കുന്നു.
”അഴകിയ രാവണന്‍” എന്ന സിനിമയുടെ കമ്പോസിംഗ് തിരക്കിലാണ് അന്ന് കമല്‍. ആ പടത്തില്‍ പാട്ടൊരുക്കുന്നത് കൈതപ്രം – വിദ്യാസാഗര്‍ ടീമാണ്. അതറിഞ്ഞുകൊണ്ടുള്ള പരിഭവമായിരിക്കും ഗിരീഷിന്റേത് എന്നേ അദ്ദേഹം ചിന്തിച്ചുള്ളൂ.
ഗിരീഷിന്റെ മറ്റൊരു തമാശയായേ കമല്‍ ആ പ്രതികരണത്തെ കണ്ടുള്ളൂ. പക്ഷേ കമലിനെ അമ്പരപ്പിച്ചുകൊണ്ട് പിറ്റേന്ന് കാലത്ത് ഗിരീഷ് വീണ്ടും വിളിച്ച് ഇന്നലെ പറഞ്ഞത് മദ്യലഹരിയില്‍ ആണെന്ന് കരുതേണ്ടെന്നും സ്വബോധത്തോടെ തന്നെയാണ് പറഞ്ഞതെന്നും ഉള്ളിലെ പരിഭവം അറിയിച്ചു എന്നേയുള്ളൂ എന്നും ചിരിച്ചുകൊണ്ട് ഗിരീഷ് പറഞ്ഞു. കമലിന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച വാക്കുകളായിരുന്നു അവ.
തൂവല്‍സ്പര്‍ശം (1990) തൊട്ടിങ്ങോട്ട് കൈതപ്രമാണ് കമലിന്റെ സ്ഥിരം പാട്ടെഴുത്തുകാരന്‍. പാവം പാവം രാജകുമാരന്‍, വിഷ്ണുലോകം, പൂക്കാലം വരവായി, ഉള്ളടക്കം, ആയുഷ്‌കാലം, എന്നോടിഷ്ടം കൂടാമോ, മഴയെത്തും മുന്‍പേ എല്ലാ പടത്തിലും പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായിരുന്നതിനാല്‍ മാറി ചിന്തിക്കേണ്ടി വന്നില്ല എന്നതാണ് സത്യം.
മലയാളത്തിലെ തിരക്കേറിയ പാട്ടെഴുത്തുകാരനായി ഗിരീഷ് വളര്‍ന്നപ്പോഴും ഒരു സിനിമയിലും ഗിരീഷിനെ കൊണ്ട് പാട്ടെഴുതിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം കമലിന് ഉണ്ടായിരുന്നെന്നും ആ ദുഃഖം ഗിരീഷും ഉള്ളില്‍ കൊണ്ടുനടക്കുന്നു എന്നറിഞ്ഞപ്പോള്‍ കമലിന് അടുത്ത പടത്തില്‍ ഗിരീഷിനെ കൊണ്ട് പാട്ടെഴുതിക്കണമെന്ന ഒരു ആഗ്രഹമുണ്ടായെന്നും അങ്ങനെയാണ് ഈ പുഴയും കടന്നു എന്ന ചിത്രത്തില്‍ ഗിരീഷ് ഗാനരചയിതാവായി കടന്നുവന്നതെന്നും രവി മേനോന്‍ പറയുന്നു .
ജോണ്‍സണുമായി ചേര്‍ന്ന് ഗിരീഷ് ആ സിനിമക്ക് വേണ്ടി സൃഷ്ടിച്ച പാട്ടുകളെല്ലാം ഹിറ്റായിരുന്നു. സ്വാഭാവികമായും അടുത്ത പടത്തിലും ഗിരീഷിനെ പരീക്ഷിക്കാന്‍ നിര്‍ബന്ധിതനാകുന്നു കമല്‍. അവിടെയും വിജയകഥ ആവര്‍ത്തിച്ചു. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാല”ത്തില്‍ ഗിരീഷ് – വിദ്യാസാഗര്‍ സഖ്യം ഒരുക്കിയ പാട്ടുകള്‍ എല്ലാം ഹിറ്റായി.
തുടര്‍ച്ചയായി ഗിരീഷിനെ ആശ്രയിക്കുന്നത് കൈതപ്രത്തെ വിഷമിക്കുമെന്നും എന്നാല്‍ ഗിരീഷിനേയും പിണക്കാന്‍ വയ്യെന്ന അവസ്ഥയായെന്നും ആ ആശയക്കുഴപ്പത്തില്‍ നിന്നാണ് രഞ്ജിത്ത് തിരക്കഥയും സംഭാഷണവുമെഴുതി കമല്‍ സംവിധാനം ചെയ്ത ‘കൈക്കുടന്ന നിലാവ്’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഗിരീഷ് പുത്തഞ്ചേരിയെ കൊണ്ട് എഴുതിച്ച് കൈതപ്രത്തെ കൊണ്ട് സംഗീതം ചെയ്യിച്ചതെന്നും പാട്ടോര്‍മ്മയില് രവി മേനോന്‍ പറയുന്നു.
about ravi menon
