Malayalam
കുറിച്ചു വച്ചോളൂ, ഈ പയ്യന്റെ വളര്‍ച്ച പെട്ടെന്നായിരിക്കും; മോഹന്‍ലാലിനെക്കുറിച്ച് അന്ന് നസീര്‍ പറഞ്ഞ വാക്കുകൾ പങ്കുവച്ച് നടൻ സൗബിന്റെ പിതാവ്!
കുറിച്ചു വച്ചോളൂ, ഈ പയ്യന്റെ വളര്‍ച്ച പെട്ടെന്നായിരിക്കും; മോഹന്‍ലാലിനെക്കുറിച്ച് അന്ന് നസീര്‍ പറഞ്ഞ വാക്കുകൾ പങ്കുവച്ച് നടൻ സൗബിന്റെ പിതാവ്!
മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലിന്റെ 61-ാം ജന്മദിനമാണിന്ന്. സോഷ്യൽ മീഡിയ മുഴുവനായി ലാലേട്ടന് ആശംസകൾ നേരുകയാണ് . അതോടൊപ്പം സിനിമാതാരങ്ങളും നടന്ന വിസ്മയത്തിന് ആശംസകൾ അറിയിച്ച് കുറിപ്പുകൾ ഇടുന്നുണ്ട്. ഇടയിൽ, ലാലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന് ഫാസിലിന്റെ സഹായിയും നടനും സംവിധായകനുമായ ബാബു ഷാഹിര്‍. മലയാളികളുടെ പ്രിയങ്കരനായ നടൻ സൗബിന് ഷാഹിറിന്റെ പിതാവുമാണ് ബാബു ഷാഹിര്‍.
ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് നവോദയ അപ്പച്ചന് നടന് പ്രേം നസീര്റിനേയും വിളിച്ചിരുന്നെന്ന് ബാബു പറയുന്നു.
ഷോ കണ്ടിറങ്ങിയ നസീര്‍ സാര്‍ പറഞ്ഞു, കുറിച്ചു വച്ചോളൂ, ഈ പയ്യന്റെ വളര്‍ച്ച പെട്ടന്നായിരിക്കും, ഇയാള്‍ സൂപ്പര്‍താരമാകാന്‍ അധികം സമയമെടുക്കില്ല’, ബാബു ഓര്‍മ്മിക്കുന്നു.
പിന്നാലെ മോഹന്‍ലാല്‍ നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുകയും നസീറിനൊപ്പം സിനിമകള്‍ ചെയ്യാനും തുടങ്ങി.കടത്തനാടന്‍ അമ്പാടി, പടയോട്ടം തുടങ്ങി വടക്കന്‍പാട്ട് പ്രമേയമായ കഥകളില്‍ ഇരുവരും അഭിനയിച്ചിരുന്നു. മാത്രമല്ല മലയാള സിനിമയില്‍ പ്രേം നസീറിന് ശേഷം പത്മഭൂഷണ്‍ പുരസ്കാരം നേടിയ നടനും മോഹന്‍ലാലാണ്.
അശോക് കുമാര്‍ സംവിധാനം ചെയ്ത തിരനോട്ടം ആയിരുന്നു ആദ്യ ചിത്രം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ മുഖ്യധാര സിനിമയില്‍ എത്തിയ ലാലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 40 വര്‍ഷത്തിലധികം മുന്നൂറ്റി അമ്പതോളം സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്.
അഞ്ച് ദേശീയ പുരസ്ക്കാരങ്ങളടക്കം നിരവധി പുരസ്ക്കാരങ്ങള്‍ മോഹന്‍ലാലിന് ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് 2001-ല്‍ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ബഹുമതിയും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
തന്റെ സിനിമാ ജീവിതത്തില്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനായിരിക്കുകയാണ് മോഹന്‍ലാല്‍. ലാല്‍ തന്നെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബറോസ് ആവുന്നത്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.
about mohanlal
