Connect with us

കണ്ണീരോടെ അല്ലാതെ ഇത് കേൾക്കാനാകില്ല…; നിശബ്ദമായ ലോകത്തേക്ക് പോയെങ്കിലും നിന്റെ ശബ്ദം ഇവിടെയുണ്ടാകും..; നന്ദുട്ടന്റെ കുറിപ്പ് ഇന്ന് വായിക്കുമ്പോൾ !

Malayalam

കണ്ണീരോടെ അല്ലാതെ ഇത് കേൾക്കാനാകില്ല…; നിശബ്ദമായ ലോകത്തേക്ക് പോയെങ്കിലും നിന്റെ ശബ്ദം ഇവിടെയുണ്ടാകും..; നന്ദുട്ടന്റെ കുറിപ്പ് ഇന്ന് വായിക്കുമ്പോൾ !

കണ്ണീരോടെ അല്ലാതെ ഇത് കേൾക്കാനാകില്ല…; നിശബ്ദമായ ലോകത്തേക്ക് പോയെങ്കിലും നിന്റെ ശബ്ദം ഇവിടെയുണ്ടാകും..; നന്ദുട്ടന്റെ കുറിപ്പ് ഇന്ന് വായിക്കുമ്പോൾ !

ക്യാൻസറിനെ പുരിഞ്ചിരിയോടെ നേരിട്ട നന്ദു മഹാദേവ ജീവിതത്തിലെ വേഷം അഴിച്ചുവെച്ച് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. നിശബ്ദതയുടെ ലോകത്തേക്ക് നന്ദു പോയെങ്കിലും കാന്‍സര്‍ അതിജീവനത്തെക്കുറിച്ചുള്ള നന്ദുവിന്റെ വാക്കുകൾ എന്നും ശബ്‌ദിച്ചു കൊണ്ടിരിക്കും .

എന്നാൽ, പെട്ടെന്നുള്ള വിയോഗവാര്‍ത്ത അവിശ്വസനീയമായിരുന്നു. ജീവിതത്തില്‍ ഉണ്ടാകുന്ന ചെറിയ പ്രതിസന്ധികളിലും വിഷമങ്ങളിലും തട്ടിവീഴുന്ന പലർക്കും നല്ലൊരു പാഠമായിരുന്നു നന്ദുവിന്റെ ജീവിതം. നന്ദുവിനെ ഓർക്കുമ്പോൾ ആരും ഒന്ന് വാചാലരാകും . അത്രത്തോളം ഓർമ്മകൾ സമ്മാനിച്ചിട്ടാണ് ഇരുപത്തിയേഴാം വയസ്സിൽ നന്ദു ജീവിതത്തിന്റെ പടിയിറങ്ങുന്നത്.

നന്ദുവിന്റെ വിയോഗത്തിൽ ഏറെ വേദനിക്കുന്ന അമ്മയാകും സീമ ജി നായർ.സീമ ജി നായരും നന്ദു മഹാദേവയും തമ്മിലുള്ള ആത്മ ബന്ധം എല്ലാവര്ക്കും അറിയാവുന്നതാണ്, നന്ദുവിനെയും ശരണ്യയും സീമ തന്റെ രണ്ടു മക്കളെ പോലെയാണ് കരുതിയിരുന്നത്. നന്ദു തന്നെ വിട്ടുപോയ സങ്കടം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് സീമ.

സീമ ജി നായരുടെ പൂർണ്ണമായ കുറിപ്പ് ഇങ്ങനെ തുടങ്ങുന്നു….

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി. ഇന്ന് കറുത്ത ശനി. വേദനകൾ ഇല്ലാത്ത ലോകത്തേക്ക് എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ). എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു. ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ, പുകയരുത്, ജ്വലിക്കണം. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്. നീ എവിടെക്കാണ് പോയത്. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു. എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയതെന്നു പറഞ്ഞവസാനിക്കുന്നു ആ കുറിപ്പ്.

ഓരോ ദിവസവും ക്യാൻസർ എന്ന മഹാമാരിയോട് പൊരുതി ജീവിച്ച വ്യക്തിയായിരുന്നു നന്ദു മഹാദേവ. വേദനകൾക്കൊപ്പം ജീവിക്കുമ്പോഴും പുഞ്ചിരിച്ചുകൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമാകാറുണ്ടായിരുന്നു . അത്തരത്തിൽ നന്ദുവിന്റേതായി ശ്രദ്ധ നേടിയ ഒരു കുറിപ്പ് നമുക്ക് ഈ ദിവസം ഒന്നോർക്കാം…

വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്… അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ഇങ്ങനെ നിവർന്ന് നിന്ന് ജീവിതം പൊരുതാനുള്ളതാണെന്ന് പറയുവാൻ കഴിയുമോ സക്കീർ ഭായിക്ക്.. ഇനി പരീക്ഷിക്കുവാൻ മരുന്നുകൾ ബാക്കിയില്ല എന്ന് ഡോക്ടർമാർ പറയുമ്പോഴും സാരമില്ല സർ അവസാന നിമിഷം വരെയും നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുവാൻ കഴിയുമോ സക്കീർ ഭായിക്ക്…

But I Can…! എനിക്ക് കഴിയും… അതു തന്നെയാണ് എന്നെ ഞാനാക്കുന്നതും..!! ഇനിയുള്ള യുദ്ധം ഒറ്റയ്ക്കാണ് ചങ്കുകളേ…. മിക്കവാറും ഇനി കൂട്ടിന് കീമോ മരുന്നുകളോ സർജറിയോ ഒന്നുമുണ്ടാകില്ല..!! എന്റെ ക്യാൻസറിന്റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഞെട്ടിയത് ഞാൻ മാത്രമല്ല ഡോക്ടർമാർ കൂടിയാണ്.. ഈ ഭൂമിയിൽ ഇത്രയും കോടിക്കണക്കിന് ക്യാൻസർ രോഗികൾ ഉള്ളതിൽ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്..!!

അതുകൊണ്ട് തന്നെ നിലവിൽ ഇതിനായി മരുന്നൊന്നുമില്ലത്രേ… ഇനി എനിക്കായി ഒരു മരുന്ന് കണ്ടുപിടിക്കപ്പെടണം… എനിക്കുറപ്പുണ്ട് അത്തരമൊരു മരുന്ന് കണ്ടുപിടിക്കപ്പെടുക തന്നെ ചെയ്യും… അതിനായി കിണഞ്ഞു പരിശ്രമിക്കുന്ന എന്റെ ഡോക്ടർമാരുടെ സ്നേഹത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു…! എനിക്കറിയാം എനിക്ക് മാത്രമല്ല പ്രശ്നങ്ങളും പ്രതിസന്ധികളും.. ഈ പോസ്റ്റ് വായിക്കുന്ന എന്റെ ചങ്കുകളിൽ ഭൂരിഭാഗം പേരും എന്തെങ്കിലും പ്രശ്നങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യം ആയിരിക്കാം ഇത്..! ചിലർക്ക് സാമ്പത്തികം മറ്റു ചിലർക്ക് കുടുംബപ്രശ്നങ്ങൾ വേറെ ചിലർക്ക് ശാരീരികമോ മാനസികമോ ആയിട്ടുള്ള വിഷമതകൾ അങ്ങനെ പലതരത്തിൽ ആകുമത്…!

പക്ഷേ നമ്മൾ തോറ്റു കൊടുക്കരുത്.. ചങ്കൂറ്റത്തോടെ നേരിടണം… ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പരാജയപ്പെടും എന്നു മുൻവിധിയെഴുതി തോൽക്കാൻ സ്വയം നിന്നുകൊടുക്കരുത്… മുന്നിലുള്ള ഓരോ സാധ്യതകളും ഉപയോഗപ്പെടുത്തി പരമാവധി രക്ഷപ്പെടാൻ ശ്രമിക്കണം…!! അങ്ങനെ പൊരുതി ജയിക്കുന്നവരെ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെ സ്നേഹിക്കും…!! ഈയുള്ളവന്റെ ഏറ്റവും വലിയ നേട്ടം പേരോ പ്രശസ്തിയോ ഒന്നുമാണെന്ന് കരുതുന്നില്ല..അതിലൊന്നും വലിയ കാര്യവുമില്ല… നെഞ്ചോടു ചേർത്തുവയ്ക്കാൻ അനേകം ഹൃദയബന്ധങ്ങൾ കിട്ടി എന്നുള്ളതിനെക്കാൾ വലുതായി മറ്റൊന്നുമില്ല… അതൊരു പുണ്യമായി കരുതുന്നു.. ഓരോ ബന്ധങ്ങളും അത്രമേൽ അമൂല്യമാണെന്ന് മനസ്സിലാക്കുന്നു…!!

നമ്മളെല്ലാവരും എപ്പോഴും ഒരു സ്നേഹവലയമാകണം… ഞാനുമങ്ങനെയാണ്…. എന്നിൽ സ്നേഹം മാത്രമേയുള്ളൂ.. അപൂർവ്വം ചിലർക്കെങ്കിലും അത് അനുഭവപ്പെട്ടിട്ടില്ലെങ്കിൽ അത് നിങ്ങളെന്റെ ഹൃദയത്തിനുള്ളിലേക്ക് എത്തിനോക്കുവാൻ ധൈര്യപ്പെടാത്തത് കൊണ്ട് മാത്രമാണ്.. എൻറെയുള്ളിലേക്ക് എത്തിനോക്കുവാൻ ധൈര്യപ്പെടുന്നവരുടെ ഹൃദയത്തിലേക്ക് എന്റെയും സ്നേഹം ഒഴുകിയെത്തിയിരിക്കും.. ജീവിതം വളരെ ചെറുതാണ്… ഇനി എനിക്കും നിങ്ങൾക്കും ഒക്കെ എത്ര നിമിഷങ്ങൾ ഉണ്ടെന്നോ എത്ര ദിവസങ്ങൾ ഉണ്ടെന്നോ എത്ര മാസങ്ങളോ വർഷങ്ങളോ ഉണ്ടെന്നോ ഒന്നും നമുക്കറിയില്ല… അത് എത്ര തന്നെയായാലും കുഞ്ഞു കുഞ്ഞു തമാശകളും നല്ല നല്ല എഴുത്തുകളും പോസിറ്റീവ് ചിന്തകളും സ്നേഹാന്വേഷണങ്ങളും ഒക്കെയായി നമ്മൾ അടിച്ചു പൊളിക്കും..ഒപ്പം മതിലുകളില്ലാതെ അങ്ങട് സ്നേഹിക്കും..

ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയാതെ ജ്വലിക്കും…അല്ലപിന്നെ… ശ്വാസകോശത്തിന് ഇൻഫെക്ഷൻ ബാധിച്ചു വേദന കൂടുതൽ ആയിട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്… ഇന്നലെ മുതൽ റേഡിയേഷനും തുടങ്ങി… ഓരോ പരുങ്ങലിന് ശേഷവും പൂർവാധികം ഭംഗിയോടെയുള്ള അതിശക്തമായ തിരിച്ചുവരവാണ് എന്റെ ചരിത്രത്തിലുള്ളത് എന്ന് നിങ്ങൾക്കറിയാമല്ലോ…

ഇത്തവണയും കനലുകൾ ചവിട്ടിമെതിച്ചു ഞാൻ വരും.. ശാരീരികമായ വേദനകളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടെങ്കിലും മനസ്സുകൊണ്ട് ഞാൻ സുഖമായിരിക്കുന്നു.. സന്തോഷമായിരിക്കുന്നു… എന്റെ പ്രിയപ്പെട്ട എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു.. ഞാനെന്നെ തന്നെ സർവ്വേശ്വരന് സമർപ്പിക്കുന്നു… എല്ലാവർക്കും നന്മയുണ്ടാകട്ടെ..!! പ്രാർത്ഥിക്കുക ചങ്കുകളേ… സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം നന്ദു മഹാദേവ.. എന്നായിരുന്നു ആ കുറിപ്പ്.

about nandu mahadev

Continue Reading
You may also like...

More in Malayalam

Trending

Malayalam