Malayalam
അലീഫിയ’ 2053; മുപ്പത് വർഷം അപ്പുറത്തുള്ള കാഴ്ചകളിലേക്ക് ക്യാമറ പിടിച്ച ഒരു വിപ്ലവ അനിമേഷന്‍ ചിത്രം!
അലീഫിയ’ 2053; മുപ്പത് വർഷം അപ്പുറത്തുള്ള കാഴ്ചകളിലേക്ക് ക്യാമറ പിടിച്ച ഒരു വിപ്ലവ അനിമേഷന്‍ ചിത്രം!
സമൂഹ മാധ്യമങ്ങളുടെ വളർച്ച വലിയ രീതിയിൽ വ്യാപിച്ചപ്പോൾ ലോകത്തെമ്പാടുമുള്ള കാഴ്ചകൾ ഒറ്റ വിരൽ തുമ്പിലെത്തിയിരിക്കുകയാണ്. ചിന്താഗതിയും വിജ്ഞാനവും ഒരുപോലെ വളർത്തിയെടുക്കാൻ ഇവയെല്ലാം വളരെയധികം സഹായിക്കുന്നുണ്ട്. ആഹാരത്തിൽ രാഷ്ട്രീയത്തിനും പുരോഗമന ചിന്തകൾക്കും താങ്ങാവുന്ന ഒരു അറബ് ചലച്ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്.
സംഘര്‍ഷഭരിതമായ അറബ് രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ച്ചകളുൾപ്പെട്ട ചലച്ചിത്രം യൂട്യൂബിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞിരിക്കുകയാണ് . മുപ്പത് വർഷം അപ്പുറത്തുള്ള 2053-ലേക്ക് മാറ്റിപ്പകര്‍ത്തിയ ‘അലീഫിയ’ എന്ന ചലച്ചിത്രം മലയാളികൾ പോലും ഏറ്റെടുത്തിരിക്കുകയാണ് . ഇതിനകം പത്ത് മില്ല്യനിലധികം ആളുകള്‍ ചിത്രം കണ്ട് കഴിഞ്ഞു.
കോവിഡ് രൂക്ഷമായ അവസ്ഥയിലാണ് അനിമേഷന്‍ ചിത്രമായ ‘അലീഫിയ’യുടെ റിലീസ് ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമിലേക്ക് മാറ്റിയത്. അറബ് വര്‍ണ്ണവസന്തത്തിന്റെ നഷ്ടസ്മൃതികളും സമകാലിക അറബ് രാഷ്ട്രീയത്തിന്റെ നേര്‍ച്ചിത്രങ്ങളും ഈ ലബനീസ് ത്രില്ലര്‍ ശക്തമായി ആവിഷ്‌ക്കരിക്കുന്നു. ലബനീസ് സംവിധായകനും നിര്‍മ്മാതാവുമായ റാബി സ്വീഡന്‍ പറയുന്നത് ജനങ്ങളുടെ ചിന്തകളെയാണ് ചിത്രം ആവിഷ്‌ക്കരിക്കുന്നത് എന്നാണ്.
അലീഫിയ കണ്ട, ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആളുകള്‍ക്ക് ചിത്രം ആസ്വാദ്യകരമായി തീരാനുള്ള കാരണവും ചിത്രത്തിന്റെ സമകാലിക പ്രസക്തിയാണ്. ഓരോ കാഴ്ച്ചക്കാരനും താനുള്‍പ്പെടുന്ന ജീവിതത്തിന്റെയും സമൂഹത്തിന്റെയും അനുഭവമാക്കി തീര്‍ക്കുന്നതാണ് ഈ ലബനീസ് അനിമേഷന്‍ ത്രില്ലര്‍.
മുപ്പത് വര്‍ഷങ്ങള്‍ക്കപ്പുറം 2053-ല്‍ അലീഫിയ എന്ന സാങ്കല്പിക ഭൂമികയിലാണ് കഥ നടക്കുന്നത്. അലീഫിയയിലെ ഭരണാധികാരിയായ അലന്‍ ഇബിന്‍ ഇസ്മയിലിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ ജനകീയ വിപ്ലവത്തിലൂടെയാണ് ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്നത്. ബിന്‍ ഇസ്മയില്‍ അങ്ങേയറ്റം സ്വേച്ഛാധിപതിയായ ഭരണാധികാരിയാണ.് തലമുറകളായി അലീഫിയ ഭരിക്കുന്നത് ബിന്‍ ഇസ്മായേലിന്റെ കുടുംബമാണ്.
ബിന്‍ ഇസ്മായേലിന്റെ ഭരണത്തെ വിപ്ലവത്തിലൂടെ അട്ടിമറിക്കുകയാണ് ഒരു വിഭാഗം ആളുകള്‍. അതീവരഹസ്യമായി നുഴഞ്ഞുകയറി ഉയര്‍ന്ന സൈനിക സ്ഥാനങ്ങളില്‍ കയറിപറ്റുന്ന ഇവര്‍ ബിന്‍ ഇസ്മയില്‍ ഭരണകൂടത്തെ അട്ടിമറിക്കുന്നതില്‍ വിജയം കണ്ടെത്തുന്നു. ഇതോടെ ഒരു നൂറ്റാണ്ട് നീണ്ടുനിന്ന അലന്‍ ഇബിന്‍ ഇസ്മയിലിന്റെ സ്വേച്ഛാധിപത്യപരമായ കുടുബവാഴ്ച്ചയ്ക്ക് അവസാനമുണ്ടാകുന്നു.
അറബ് വര്‍ണ്ണവസന്തത്തിന്റെ ഈരടികള്‍ ഉറക്കെചൊല്ലുകയാണ് ആഹ്ളാദാരവങ്ങളില്‍് ഇളകിമറിയുന്ന ജനക്കൂട്ടം. ജനങ്ങള്‍ സ്വേച്ഛാധിപത്യ ഭരണത്തിന് അറുതി വരുത്താന്‍ ആഗ്രഹിച്ചു, അത് നടന്നുകഴിഞ്ഞു. എന്നാണ് അവര്‍ ഉറക്കെ പറയുന്നത്. ഇബിന്‍ ഇസ്മയിലിന്റെ കൂറ്റന്‍ പ്രതിമ തകര്‍ത്ത് കയറുകൊണ്ട് വലിച്ചിഴച്ച് താഴയിടുന്നതിന്ന് സാക്ഷിയാകുന്ന ജനക്കൂട്ടം വായുവില്‍ മുഷ്ട്ടിചുരുട്ടി ആഹ്ളാദ പ്രകടനം നടത്തുന്ന കാഴച്ചയിലാണ് ചിത്രം അവസാനിക്കുന്നത്.
അറബ് രാഷ്ട്രീയ ചരിത്രത്തില്‍ പലയിടങ്ങളിലും പരിചിതമാണ് ഈ കാഴ്ച്ചകള്‍. പത്ത് വര്‍ഷം മുന്‍പുള്ള ലിബിയന്‍ ചരിത്രത്തെയും ‘അലീഫിയ’ ആവര്‍ത്തിച്ചോര്‍മ്മപ്പെടുത്തുന്നു. 1969 മുതല്‍ നാലുപതിറ്റാണ്ടോളം ലിബിയയിലെ ഭരണാധികാരിയായിരുന്ന ഗദ്ദാഫിയുടെ 2011 ന്നിലെ പതനത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ അനുസ്മരിപ്പിക്കുന്നതാണ് ചിത്രത്തിലെ ഈ രംഗങ്ങള്‍. 2011ന്നിലെ മുല്ലപ്പൂ വിപ്ലവത്തിലൂടെ ലിബിയന്‍ ജനത ഗദ്ദാഫിയുടെ ഭരണത്തിന് അന്ത്യം കുറിച്ചു. ഒടുവില്‍ ഗദ്ദാഫിയെ പിടികൂടിയ ആള്‍ക്കൂട്ടത്തിന്റെ സ്വേച്ഛാധിപത്യ നടപടികളോടുള്ള പകയ്ക്കും പ്രതികാരത്തിനും അതിന്റെ തീക്ഷ്ണമായ വയലന്‍സിനും ചരിത്രം സാക്ഷിയായി.
ഈജിപ്റ്റും, സിറിയയും ലബനോണും ഉള്‍പ്പെടെയുള്ള അറേബ്യന്‍ രാജ്യങ്ങളില്‍ 2011-ല്‍ നടന്ന മുല്ലപ്പൂവിപ്ലവവും ഭരണകൂട അട്ടിമറികളും ജനകീയ വിചാരണകളും ഉള്‍ക്കൊള്ളുന്ന സംഘര്‍ഷാത്മകമായ രാഷ്ട്രീയ ചരിത്രത്തിന്റെ സാക്ഷ്യപത്രം തന്നെയാണ് ഒരു മണിക്കൂര്‍ നീണ്ട ‘അലീഫിയ’ പ്രതിപാദിക്കുന്നത്. അറേബ്യന്‍ വര്‍ണ്ണവസന്തവും വിപ്ലവവും രക്തച്ചൊരിച്ചിലുകളും കലര്‍ന്ന ചരിത്രത്തിന്റെ വഴികള്‍ തീവ്രത ഒട്ടും കുറയാതെ സംവേദിക്കുന്നതില്‍ റാബി സ്വീഡന്‍ എന്ന ഫിലീംമെയ്ക്കര്‍ വന്‍ വിജയമാണ് കൈവരിച്ചിരിക്കുന്നത്.
ഭൂതകാലം കൗതുകത്തോടെ വീക്ഷിക്കുന്നവരാണ് അറബ് ജനത. എന്നാല്‍ ‘അലീഫിയ’ കൈകാര്യം ചെയ്തതുപോലെ വര്‍ഷങ്ങള്‍ക്കു ശേഷം എന്തു സംഭവിക്കാം എന്നത് അറേബ്യന്‍ സിനിമ ഇതുവരെ വിഷയമാക്കിയിട്ടില്ലെന്ന് സംവിധായകന്‍ സ്വീഡന്‍ പറയുന്നു. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ത് സംഭവിക്കും അറബ് ലോകത്തിന് എന്ന ചിന്തയില്‍ നിന്നാണ് അലീഫിയ ഉടലെടുക്കുന്നതെന്ന് സ്വീഡന്‍ പറഞ്ഞു. വരുംകാലങ്ങള്‍ പ്രതീക്ഷയ്ക്കു വകനല്കുന്നതാണെന്നും അലീഫിയയുടെ മെയ്ക്കര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മങ്ങിയ ഫ്രെയിമുകളില്‍ തുടരുന്ന ചിത്രം അവസാന ഭാഗത്തെത്തുമ്പോള്‍ കുറെകൂടി നിറങ്ങളില്‍ കാഴ്ചകളാവിഷ്‌ക്കരിക്കുന്നു.
ഈ നിറങ്ങളിലൂടെ ഭാവികാലം നല്‍കുന്ന പ്രതീക്ഷ തന്നെയാണ് സംവിധായകന്‍ ആവിഷ്‌ക്കരിക്കുന്നത്. ജീവിതം എക്കാലവും ഇരുണ്ട ഫ്രെയിമില്‍ തുടര്‍ന്നുകൂടെന്നും റാബി സ്വീഡന്‍ പറഞ്ഞു. കഴിഞ്ഞുപോയ കാലത്തേക്കാള്‍, കടന്നുപോകുന്ന കാലത്തേക്കാള്‍ പ്രതീക്ഷാ നിര്‍ഭരമായൊരുകാലമാണ് ഇനി വരാനിരിക്കുന്നതെന്ന പ്രത്യാശയാണ് അലീഫിയയിലൂടെ നല്‍കാനുദ്ദേശിക്കുന്നതെന്ന് സംവിധാകന്‍ പറയുന്നു.
മുല്ലപ്പൂവിപ്ലവത്തിന് ഒരു ദശകം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 21 നാണ് ‘അലീഫിയ’ റിലീസ് ചെയ്തത് എന്നതും ചിത്രത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
about alifia 2053