Malayalam
സഹായം തേടിയെത്തുന്നവരെ ആരും കൈവിടാതിരുന്ന കലാഭവന്‍ മണി നന്മയുടെ നിറകുടമായിരുന്നു; മാണിയുടെ ഓർമ്മയിൽ കടകംപള്ളി .
സഹായം തേടിയെത്തുന്നവരെ ആരും കൈവിടാതിരുന്ന കലാഭവന്‍ മണി നന്മയുടെ നിറകുടമായിരുന്നു; മാണിയുടെ ഓർമ്മയിൽ കടകംപള്ളി .
കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് അഞ്ചാണ്ട് തികയുകയാണ്. ഒരു ഇടതുപക്ഷ സഹയാത്രികൻ കൂടിയായ കലാഭവൻ മണിയെ ഓർക്കുകയാണ് മന്ത്രി കടകംപളളി സുരേന്ദ്രൻ. മണി ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഈ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും നാടന്‍ പാട്ടുകളും, തമാശകളും, ഗൗരവമേറിയ രാഷ്ട്രീയ പ്രസംഗങ്ങളുമൊക്കെയായി ഒപ്പമുണ്ടായേനെ എന്ന് കടകംപളളി ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റ പൂർണ്ണ രൂപം
മണിയുടെ വിയോഗം അവിശ്വസനീയമായിരുന്നു. ആ വിയോഗത്തിന് ഇന്ന് 5 വര്‍ഷമായെന്നത് എന്തോ മനസിന് അംഗീകരിക്കാനാകുന്നില്ല. ഇവിടെ എവിടെയോ മണി നമുക്കിടയില്‍ ഉണ്ടെന്ന് തോന്നുന്നു ഇപ്പോഴും. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ ഹാസ്യനടനും, നായകനും, വില്ലനുമൊക്കെയായി ഓടി നടന്നു അഭിനയിക്കുമ്പോഴും സ്റ്റേജിനോടുള്ള തന്റെ പ്രണയം മണി മറച്ചുവെച്ചില്ല. മണിയുടെ അത്തരം സന്തോഷങ്ങളും, വൈകാരികതയും, സങ്കടങ്ങളുമെല്ലാം അദ്ദേഹം തുറന്ന് പ്രകടിപ്പിക്കുമായിരുന്നു. സഹായം തേടിയെത്തുന്നവരെ ആരും കൈവിടാതിരുന്ന കലാഭവന്‍ മണി നന്മയുടെ നിറകുടമായിരുന്നു.
ജീവിതത്തിന്റെ കയ്പ് നിറഞ്ഞ യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുവന്ന മണി പിന്നിട്ട വഴിത്താരകള്‍ മറന്നില്ല. നാടന്‍പാട്ടുകളുടെയും നാട്ടിന്‍പുറത്തെ നന്മയുടെയും സംരക്ഷകനും വക്താവുമായിരുന്നു മണി. ചാലക്കുടി ടൗണിലെ ഓട്ടോറിക്ഷക്കാരന് മലയാളത്തിലും മറ്റ് ഭാഷകളിലും തിരക്കേറിയ നടനായി മാറിയ ആ ജീവിതകഥ പ്രചോദനമേകുന്നതായിരുന്നു.
അടിമുടി കലാകാരനായിരുന്നു അദ്ദേഹം.
ഒരു മിന്നാമിനുങ്ങിനെ പോലെ തിടുക്കത്തില്‍ എങ്ങോ പോയി മറഞ്ഞ മണി ഇന്നും നമ്മുടെ ഓര്‍മ്മകളില്‍ ജീവിക്കുന്നുണ്ട്. വാസന്തിയും ലക്ഷ്മിയും ഞാനും, കരുമാടിക്കുട്ടന്, സല്ലാപം, അനന്തഭദ്രം തുടങ്ങി എത്രയോ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ചു.
ഇടതുപക്ഷത്തോടുള്ള തന്റെ സ്നേഹവും അടുപ്പവും മണി എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സാംസ്കാരിക സന്ധ്യയില്‍ അദ്ദേഹത്തെ ഞാൻ ക്ഷണിച്ചപ്പോള്‍ “എപ്പോള്‍ വന്നു എന്ന് ചോദിച്ചാല്‍ മതി സഖാവേ” എന്നായിരുന്നു മറുപടി. നേരത്തെ തന്നെ പരിപാടിക്ക് എത്തി. സഖാവ് ഇ.പി ജയരാജന് മൊമന്റോ നല്കി ആദരിച്ചപ്പോള്‍ മുഷ്ടി ചുരുട്ടി ആവേശം പ്രകടിപ്പിക്കുന്ന മണിയുടെ ചിത്രം എന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നത് ഓര്‍ക്കുന്നു.
ഇടതുപക്ഷ പ്രസ്ഥാനത്തിനായി എല്ലാ തെരഞ്ഞെടുപ്പുകളിലും മണി മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. നമുക്കൊപ്പം ഇപ്പോഴുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഈ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും നാടന്‍ പാട്ടുകളും, തമാശകളും, ഗൗരവമേറിയ രാഷ്ട്രീയ പ്രസംഗങ്ങളുമൊക്കെയായി ഒപ്പമുണ്ടായേനെ.
സിനിമകളിലും മണ്ണിന്റെ മണമുള്ള നാടന്‍പാട്ടുകളിലും മിമിക്സ് വേദികളിലും മണി ഒരേ പോലെ തിളങ്ങി. പിന്നിട്ട വഴിത്താരകളും, അനുഭവിച്ച കഷ്ടപ്പാടുകളുമാണ് മണിയെ കലാഭവന്‍ മണിയായും മുന്‍നിര നായകനായുമെല്ലാം മാറ്റിതീര്‍ത്തത്. സാധാരണ മനുഷ്യന്റെ ജീവിതവും കഷ്ടപ്പാടുകളും ആശങ്കളും പ്രതിസന്ധികളും മണിയുടെ ചര്‍ച്ചാ വിഷയമായിരുന്നു എന്നും. പച്ച മനുഷ്യനായിരുന്നു മണിയെന്ന് പരിചയപ്പെട്ട് നിമിഷങ്ങള്‍ക്കകം എല്ലാവര്ക്കും മനസിലാക്കാനാകും. അത് മണിക്ക് ഒത്തിരി ദോഷവും ചെയ്തിട്ടുണ്ട്.ഇന്നും മണിയുടെ വേര്‍പാട് വിശ്വസിക്കാനാകുന്നില്ല. ആ ചിരിയും നാടന്‍പാട്ടുകളും മുഴക്കമുള്ള ശബ്ദവുമെല്ലാം എന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ഇവിടെ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയാണ് മണിയുടെ നാടായ ചാലക്കുടി. എങ്കിലും തിരുവനന്തപുരം നഗരത്തില്‍ മണിയുടെ പേരില്‍ ഒരു റോഡ് വരെ നാമകരണം ചെയ്തിട്ടുണ്ട്. അത്രയധികം നഷ്ടബോധമാണ് മണിയുടെ വിയോഗത്തിലൂടെ ഇന്നാട്ടിലാകെ ഉണ്ടായതെന്ന് തെളിയിക്കുന്നതാണത്.
നമ്മുടെ സംസ്ഥാനത്തെയും അയല്‍ സംസ്ഥാനങ്ങളിലെയും കലാസ്വാദകരെയെല്ലാം മണിയുടെ മരണ വാര്‍ത്ത ഇന്നും ദുസ്വപ്നം പോലെ നൊമ്പരപ്പെടുത്തുന്നുണ്ട്. കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല. നിലപാടുകളുണ്ടായിരുന്ന, മനുഷ്യസ്നേഹിയായ നല്ല മനുഷ്യനെയാണ് നമുക്ക് നഷ്ടമായത്.
കലാഭവൻമണി കൾച്ചറൽ ഫോറം ഓഫ് കേരള സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.
