‘ഷൂട്ട് തുടങ്ങുന്നതിന് നാല് ദിവസം മുൻപ് ദിലീപ് ജയറാമിന്റെ കത്തുമായി കമലിനെ വന്ന് കണ്ടിരുന്നു, പക്ഷെ കമൽ ആദ്യം ഒഴിവാക്കി; വെളിപ്പെടുത്തി പ്രൊഡക്ഷൻ കൺട്രോളർ!
മിമിക്രയിൽ നിന്ന് വന്ന മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ് . 1992ലാണ് ദിലീപിന്റെ സിനിമാ അരങ്ങേറ്റം. അന്നത്തെ കാലത്ത് മലയാള സിനിമ കൽപിച്ചിരുന്ന ഒരു നായകന് വേണ്ട യാതൊരു ശരീര പ്രകൃതിയോ സൗന്ദര്യമോ ഒന്നുമില്ലാതെ എത്തിയ ഗോപാലകൃഷ്ണൻ എന്ന സാധാരണ യുവാവാണ് ഇന്ന് കാണുന്ന ദിലീപ് ആയത്.
. ആദ്യം കമലിന്റെ സഹസംവിധായകനായി ദിലീപ് പിന്നീട് പിന്നീട് അഭിനയത്തിലും കൈവെക്കുകയായിരുന്നു. ഒടുവിൽ കഠിനധ്വാനം കൊണ്ട് മലയാള സിനിമാ ലോകത്ത് തന്റെതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുക്കാൻ ദിലീപിനായി. ഇന്ന് മലയാളത്തിലെ മുൻനിര നടനും, നിർമാതാവും, ഡിസ്ട്രിബൂട്ടറും ഒക്കെയാണ് ദിലീപ്.
1991 ൽ പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത വിഷ്ണു ലോകം എന്ന സിനിമയിലാണ് ദിലീപ് ആദ്യമായി സഹസംവിധായകനാകുന്നത്. സഹസംവിധായകനാകാൻ ജയറാമിന്റെ കത്തുമായി വന്ന ദിലീപിനെ കമൽ ആദ്യം പറഞ്ഞുവിട്ടെന്നും രണ്ടാം തവണ വന്നപ്പോൾ തന്റെ വാക്കിന്റെ പുറത്ത് താരത്തിന് അവസരം കൊടുക്കുകയാണ് ഉണ്ടായതെന്നും പറയുകയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായ കെ രാധാകൃഷ്ണൻ.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഷൂട്ട് തുടങ്ങുന്നതിന് നാല് ദിവസം മുൻപ് ദിലീപ് ജയറാമിന്റെ കത്തുമായി കമലിനെ വന്ന് കണ്ടിരുന്നു. ആവശ്യത്തിന് അസിസ്റ്റന്റ് ഡയറക്ടർമാർ ഉണ്ട്. പോയിട്ട് വരൂ. അടുത്ത സിനിമയിൽ നോക്കാം എന്ന് പറഞ്ഞു കമൽ പറഞ്ഞയച്ചു. അന്നും ലാൽ ജോസ് ആയിട്ട് ദിലീപ് കമ്പനിയാണ്. ലാൽ ജോസ് ഇവിടെ നിൽക്കൂ. എന്തെങ്കിലും വഴിയുണ്ടാകും എന്ന് പറഞ്ഞതിനെ തുടർന്ന് ദിലീപ് പാലക്കാട് തന്നെ ഒരു ലോഡ്ജിൽ നിൽക്കുകയായിരുന്നു.,’
‘ഒരു ദിവസം പാലക്കാട് ഫോർട്ട് പാലസ് ഹോട്ടലിൽ സിനിമയുമായി ബന്ധപ്പെട്ട ചർച്ച കഴിഞ്ഞു ഇറങ്ങുമ്പോൾ ഇവൻ വീണ്ടും വന്നു. എന്റെ ഗോപാലകൃഷ്ണ ആളുണ്ട് അടുത്ത സിനിമയ്ക്ക് നോക്കാമെന്ന് കമൽ ആവർത്തിച്ചു. ഞങ്ങളെ കാണിച്ചിട്ട് പ്രൊഡക്ഷൻ ആൾക്കാരാണ് ഇവർ. ഇനി ഇവർ പറഞ്ഞാൽ നോക്കാമെന്ന് പറഞ്ഞു. എനിക്ക് എന്താണ് പറ്റിയതെന്ന് അറിയില്ല. ഞാൻ പറഞ്ഞു യൂണിറ്റിൽ പത്ത് അമ്പത് പേർ ഉണ്ടല്ലോ, അയാൾ കൂടി നിക്കട്ടെയെന്ന്,’
‘പ്രൊഡക്ഷൻ ടീമിന് കുഴപ്പമില്ലെങ്കിൽ പിന്നെ എനിക്കെന്താണെന്ന് കമലും പറഞ്ഞു. അങ്ങനെയാണ് ദിലീപ് പടത്തിൽ ജോയിൻ ചെയ്യുന്നത്. ഷൂട്ട് തുടങ്ങി ഒരാഴ്ചക്കുള്ളിൽ മുഴുവൻ യൂണിറ്റും ദിലീപായിട്ട് കമ്പനിയായി. മിമിക്രി ഒക്കെ ചെയ്ത് എല്ലാവരും ആയിട്ട് അടുത്തു. അവിടെ നിന്ന് പിന്നെ മൂന്ന് നാല് പടം ചെയ്ത ശേഷമാണ് നടനായത്. നിർമാതാവ് സുരേഷ് കുമാർ എന്റെ തീരുമാനത്തിന് എതിരെ ഒന്നും പറയില്ല എന്ന ഉറപ്പിലാണ് ഞാൻ അന്ന് ഒരാൾ കൂടി നിന്നോട്ടെ എന്ന് പറഞ്ഞത്. അതായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള ആദ്യ എൻട്രി,’ കെ രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം, വോയ്സ് ഓഫ് സത്യനാഥനാണ് അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ദിലീപ് സിനിമ. കൂടാതെ രാമലീലയ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിട്ടുണ്ട്. ഉദയ് കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി തമന്നയാണ് നായികയായി എത്തുന്നത്. റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് ചിത്രത്തിൽ.
