യുവനടിമാര്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം ;നടപടിക്ക് ഒരുങ്ങി പോലീസ് ; പരാതി നല്‍കി നിര്‍മാതാവ് !
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന യുവ നടിമാരുടെ പരാതിയില്‍ പോലീസ് നടപടിക്ക് ഒരുങ്ങുന്നു. നടിമാരുടെ മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. സംഭവത്തില്‍ നിര്‍മാതാവ് പരാതി നല്‍കിയിട്ടുണ്ട്.
സിനിമ പ്രമോഷൻ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവനടിമാർക്കു നേരെ ലൈംഗികാതിക്രമം നടന്നത് . യുവ നടിമാരുടെ മൊഴി എടുക്കാന്‍ വനിത പോലീസ് കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വിശദമായ മൊഴി എടുത്ത ശേഷമാകും.
പന്തീരാങ്കാവ് പോലീസിന് സിനിമയുടെ നിര്‍മാതാക്കള്‍ ഇമെയില്‍ വഴി പരാതി അയച്ചതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. തന്നെ കയറിപിടിക്കാന്‍ ശ്രമിച്ചയാളെ യുവനടി തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
നടിമാരില്‍ ഒരാള്‍ കണ്ണൂരും മറ്റേയാള്‍ എറണാകുളത്തുമാണ്. അതാണ് പോലീസ് ഈ രണ്ടിടത്തേക്കും മൊഴി എടുക്കാനായി പോകുന്നത്. മാളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സിനിമയിലെ പ്രധാന താരങ്ങളെല്ലാവരും വരുന്നത് കൊണ്ട് നല്ല തിരക്കായിരുന്നു ഈ സമയം മാളിലുണ്ടായിരുന്നത്.
പ്രചാരണ പരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങുന്ന സമയത്താണ് രണ്ട് നടിമാര്‍ക്കും ആള്‍ക്കൂട്ടത്തില്‍ നിന്ന് മോശം അനുഭവമുണ്ടായത്. രണ്ടാമത്തെ നടി കഴിഞ്ഞ ദിവസം സംഭവത്തെ കുറിച്ച് ഫേസ്ബുക്കില്‍ അനുഭവം പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എല്ലാവരും അറിഞ്ഞത്. അതിക്രമം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഇവരെ വേഗത്തില്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും. സാറ്റര്‍ഡേ നൈറ്റ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് നടിമാര്‍ കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയത്.
രാത്രി ഒന്‍പത് മണിയോടെ പരിപാടി അവസാനിച്ച് സംഘം തിരിച്ച് പോകുന്നതിനിടയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന യുവാവ് കയറിപ്പിടിച്ചത്. ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിന്‍വശത്തുള്ള ലിഫ്റ്റ് വഴി ഇറങ്ങാനായിരുന്നു പോലീസ് നിര്‍ദേശിച്ചത്. ഇതുവഴി പോകുന്നതിനിടയില്‍ വരാന്തയില്‍ നിന്നാണ് കൈയ്യേറ്റം ഉണ്ടായത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബൗണ്‍സേഴ്‌സ് ബലം പ്രയോഗിച്ച് ഇവിടെ നിന്ന ആരാധകരെ മാറ്റാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് യുവനടി കൈയ്യേറ്റം ചെയ്്ത വ്യക്തിയുടെ മുഖത്തടിച്ചത്. അതേസമയം ഹൈലൈറ്റ് മാളില്‍ ഇത്തരം സിനിമാ പ്രചാരണം നടക്കാറുണ്ടെങ്കിലും അധികൃതര്‍ വിവരം അറിയിക്കാറില്ലെന്ന് പോലീസ് വ്യക്തമാക്കി
