കണ്ണടച്ച് തുറക്കുന്നതിന് മുന്നേ രശ്മി യാത്രയായി, യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാതെ രശ്മി പോലും മനസ്സിലാക്കുന്നതിന് മുന്നേ; നടി രശ്മിയുടെ മരണത്തെ കുറിച്ച് സീമ ജി നായര്‍ !
നടി രശ്മിയുടെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ വേദനയിലാണ് പ്രേക്ഷകരും സഹപ്രവര്‍ത്തകരും. സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു രശ്മി. വളരെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നിത്.
നേരത്തെ സൂചനകളൊന്നുമില്ലെങ്കിലും പെട്ടെന്നാണ് രശ്മി അവശതയിലേക്ക് എത്തുന്നത്. രോഗബാധിതയായി ഒരാഴ്ചയ്ക്കുള്ളില്‍ വേര്‍പിരിയുകയും ചെയ്തു. രശ്മിയുടെ വേര്‍പാടിനെ കുറിച്ചറിഞ്ഞ നിമിഷത്തെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.
നടി ശരണ്യ ശശിയുടെ അടക്കം ചികിത്സയ്ക്ക് മുന്നില്‍ നിന്ന് ശ്രദ്ധേയായ നടിയാണ് സീമ ജി നായര്‍. രശ്മിയുടെ വിയോഗത്തിന് ശേഷമാണ് അസുഖത്തെ കുറിച്ച് താനറിഞ്ഞതെന്നാണ് സീമയിപ്പോള്‍ പറയുന്നത്.ഇന്നലെ രാത്രി ഏകദേശം 11.30 ആയപ്പോള്‍ ദേവികയുടെ മെസ്സേജ് വന്നു.. ചേച്ചീ, ഈ ചേച്ചിക്ക് എന്തു പറ്റിയെന്ന് ചോദിച്ചു.ഷൂട്ട് കഴിഞ്ഞ് റൂമില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു. ഞാന്‍ പറഞ്ഞു എനിക്കൊന്നും അറിയില്ലയെന്ന്. ദേവിക പറഞ്ഞു കിഷോറേട്ടന്റെ (കിഷോര്‍ സത്യ) ഫേസ്ബുക്ക് പോസ്റ്റ് വന്നെന്ന്. അപ്പോള്‍ 11.45 ആയിരുന്നു. രാത്രി വൈകിയെങ്കിലും അപ്പോള്‍ തന്നെ കിഷോറിനെ വിളിച്ചു. കേട്ടത് സത്യം ആവരുതേയെന്ന്’.
അങ്ങനെ ഒരു മറുപടി അപ്പുറത്തു നിന്നും വരുമെന്ന് കരുതി. നിരാശയും ദു:ഖവും ആയിരുന്നു ഫലം. കഴിഞ്ഞ ദിവസം ഓണത്തിന്റെ ഷൂട്ടും കഴിഞ്ഞ് വളരെ സന്തോഷത്തോടെ വിദേശത്ത് നിന്ന് വരുന്ന ബന്ധുവിനെ കാണാന്‍ തിരുവനന്തപുരത്ത് പോയ രശ്മിക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയി. ചില സംശയത്തെ തുടര്‍ന്ന് ആര്‍സിസി യിലേക്ക് റഫര്‍ ചെയ്യുകയും അവിടുന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
രോഗം അതിന്റെ മൂര്ധന്യാവസ്ഥയില് എത്തിയിരുന്നു. കണ്ണടച്ച് തുറക്കുന്നതിന് മുന്നേ രശ്മി യാത്രയായി. യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാതെ രശ്മി പോലും മനസ്സിലാക്കുന്നതിന് മുന്നേ. എനിക്കു വിശ്വസിക്കാന്‍ പറ്റിയില്ല. എനിക്കെന്നല്ല ആര്‍ക്കും.
കുറച്ചു നാള് മുന്നേ സ്വന്തം സുജാത സീരിയലിന്റെ സെറ്റില്‍ ഒരു ഫങ്ങ്ഷന് ഉണ്ടായിരുന്നു. അതിന് വേണ്ടി എനിക്ക് പോകേണ്ടി വന്നു. അന്ന് രശ്മി എന്റെയടുത്തു വന്ന് എന്നെ ഒരുപാടിഷ്ടം ആണെന്നും കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞു.
കുറെ ഫോട്ടോസും എടുത്തു. കുറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു അവര്‍ക്ക്. പക്ഷെ വിധി വൈപരീത്യം ഇത്രയും ചെറുപ്പത്തില്‍ സ്വപ്നങ്ങള്‍ ബാക്കി വെച്ച് അസുഖം ഉള്ളില്‍ ഉണ്ടായിരുന്നതിന്റെ ഒരു സൂചന പോലും ഇല്ലാതെ യാത്രയാവുമ്പോള്‍ രശ്മിയുടെ കുടുംബത്തിന്റെ കാര്യം എനിക്കോര്‍ക്കാന്‍ കൂടി പറ്റുന്നില്ല.
ഒന്നിനും ഗ്യാരണ്ടി ഇല്ലാത്ത ഈ ജീവിതത്തില്‍ ഉള്ള സമയം സന്തോഷത്തോടെ ജീവിക്കു എന്ന് മാത്രമേ പറയാനുള്ളു. ഇന്നലെ കിട്ടിയ ഷോക്കില്‍ നിന്നും ഇപ്പോളും ഞാന്‍ മുക്തി നേടിയിട്ടില്ല. വിട എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റുന്നുള്ളു.. സീമ കുറിപ്പ് അവസാനിപ്പിക്കുന്നു..മിനിസ്ക്രീനിലെ പല താരങ്ങളും രശ്മിയുടെ സഹപ്രവര്ത്തകരായിരുന്നവരുമൊക്കെ ഈ വിയോഗം ഉള്‍കൊള്ളാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. കിഷോര്‍ സത്യ, ചന്ദ്ര ലക്ഷ്മണ്, ടോഷ് ക്രിസ്റ്റി തുടങ്ങി സീരിയലിലെ പ്രമുഖരെല്ലാം രശ്മിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു.
