എന്തെങ്കിലും പറയുന്നതിന് മുന്‍പ് അതേ കുറിച്ച് അൽപം പഠിക്കൂ, വെറുതെ ഒച്ച വെച്ച് സംസാരിക്കരുത്, എന്തറിഞ്ഞാണ് നിങ്ങൾ ഇത് ചോദിക്കുന്നത്; മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് തപ്‌സി പന്നു
ബോളിവുഡിലെ പ്രിയപ്പെട്ട നടിയാണ് തപ്‌സി പന്നു. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയാണ് തപ്സി ആരാധക മനസ്സിൽ ഇടം നേടിയത്. ഇപ്പോഴിതാ വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് സംസാരിച്ച് തപ്‌സി പന്നു. ഒടിടി പ്ലേ അവാര്‍ഡ്‌സ് 2022ന് റെഡ് കാര്‍പ്പറ്റില്‍ എത്തിയപ്പോഴായിരുന്നു സംഭവം. തപ്‌സി പന്നു നായികയായ അനുരാഗ കശ്യപ് ചിത്രം ‘ദോബാര’യ്ക്കെതിരെ നടന്ന കാമ്പയിനെ കുറിച്ച് ചോദിച്ചതാണ് താരത്തെ അലോസരപ്പെടുത്തിയത്.
ചിത്രം പരാജയമായിരുന്നില്ലേ എന്നു ചോദിച്ചപ്പോൾ എന്തെങ്കിലും പറയുന്നതിന് മുന്‍പ് അതെക്കുറിച്ച് ഗവേഷണം നടത്തണമെന്നും ഏത് സിനിമയ്‌ക്കെതിരേയാണ് നെഗറ്റീവ് കാമ്പയിന്‍ ഇല്ലാതിരുന്നത് എന്നും തപ്സി മാധ്യമ പ്രവർത്തകനോട് ചോദിച്ചു. ‘ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് മുന്‍പ് നിങ്ങള്‍ എന്റെ ചോദ്യത്തിന് മറുപടി നല്‍കണം. എന്തെങ്കിലും പറയുന്നതിന് മുന്‍പ് അതേ കുറിച്ച് അൽപം പഠിക്കൂ. വെറുതെ ഒച്ച വെച്ച് സംസാരിക്കരുത്. എന്തറിഞ്ഞാണ് നിങ്ങൾ ഇത് ചോദിക്കുന്നത്. ഒടുവില്‍ സെലിബ്രിറ്റികള്‍ക്ക് മര്യാദയില്ലെന്ന് നിങ്ങൾ പറയരുത്’ എന്നും തപ്‌സി പ്രതികരിച്ചു.
ഒടിടി പ്ലേ അവാര്‍ഡ്‌സില്‍ ‘ദില്‍രുബ’ എന്ന സിനിമയ്ക്ക് താപ്‌സിയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. നെറ്റ്ഫ്ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്തത്.’സബാഷ് മിതു’ എന്ന സിനിമയാണ് തപ്‌സിയുടേതായി പുറത്തിറങ്ങിയ ചിത്രം. ജൂലൈ 15ന് റിലീസ് ചെയ്ത സിനിമ ശ്രീജിത്ത് മുഖര്‍ജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.