ന്നാ താൻ കേസ് കൊട് ഇടതുപക്ഷത്തെ വല്ലാതെ കടന്നാക്രമിക്കുന്ന സിനിമയായിട്ട് തോന്നിയിട്ടില്ല, സിനിമയെ കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുമ്പോഴെല്ലാം ഇടതുപക്ഷത്തുള്ള ആള്‍ക്കാരുണ്ടായിരുന്നു; മനസ്സ് തുറന്ന് സംവിധായകൻ !
കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിന് തിയേറ്ററില്‍ വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഒരു സോഷ്യോ- പൊളിറ്റക്കൽ ഡ്രാമയാണ് ചിത്രം. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ രസിപ്പിക്കുന്ന ദൃശ്യവിരുന്നാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.. അതേസമയം ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി പുറത്തിറക്കിയ പോസ്റ്ററിലെ റോഡിലെ കുഴി പരാമർശത്തിന്റെ പേരില്‍ ചില്ലറ വിവാദങ്ങളിലും പടം ഇടം പിടിച്ചിരുന്നു.
ഒരുവിഭാഗം ഇടത് സൈബർ അനുകൂലികള്‍ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി രംഗത്ത് എത്തുകയായിരുന്നു. പിന്നീട് മന്ത്രിയും സി പി എം പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെയും ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോഴിതാ അന്നത്തെ വിവാദങ്ങളിലും സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിലും കൂടുതല്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍.പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദം ഉയർന്ന് വന്നപ്പോള്‍ പ്രശ്നമുള്ളവർ ചിത്രം കാണാന്‍ തിയേറ്ററിലേക്ക് വരേണ്ടതില്ലെന്ന നിലപാടായിരുന്നു സംവിധായകന്‍ സ്വീകരിച്ചത്. ഇത് അദ്ദേഹം മാധ്യമങ്ങളിലൂടെ പരസ്യമായി തന്നെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നോക്കുമ്പോള്‍ അത്തരം ഒരു പ്രതികരണം വേണ്ടതില്ലായിരുന്നുവെന്നും തോന്നുണ്ടെന്നാണ് ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നത്. അതേസമയം തന്നെ അക്കാര്യം ആലോചിക്കുമ്പോള്‍ മറ്റൊരു തരത്തില്‍ ചിരി വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പുറത്ത് നടക്കുന്ന ഒരു കാര്യങ്ങള്‍ ഒന്നും എനിക്ക് അറിയില്ലായിരുന്നു. എന്താണ് പ്രശ്നങ്ങള്‍, ആരൊക്കെ എതിർപ്പുമായി രംഗത്ത് എത്തി, മന്ത്രി എന്ത് പറഞ്ഞു എന്നൊന്നും അറിയില്ലായിരുന്നു. തിയേറ്ററിലിരിക്കുമ്പോള്‍ പല ചാനലുകളില്‍ നിന്നും വിളി വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പരസ്യം പ്രശ്നമായി എന്ന് മാത്രമാണ് അറിഞ്ഞത്. നല്ലതിന് വേണ്ടി ചെയ്ത ഒരു കാര്യത്തിലൂടെ പണി കിട്ടിയല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്. ആകെ വിഷമമായി.
തിയേറ്ററിന് പുറത്ത് വന്നപ്പോള്‍ നിർമ്മാതാവും പറഞ്ഞു പരസ്യം പ്രശ്നമായെന്നും ബഹിഷ്കരണ ആഹ്വാനം ഉണ്ടെന്നും. അതോടെ ആകെ തളർന്നു. ആ സമയത്തെ ഒരു മാനസികാവസ്ഥയിലാണ് എന്നാല്‍ പിന്നെ അവർ കാണേണ്ടതില്ലെന്ന് പറഞ്ഞത്. മാറി നിന്ന് അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ചിരുവരുമെന്നും അഭിമുഖത്തില്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ വ്യക്തമാക്കുന്നു.
ഈ വിവാദങ്ങള്‍ക്ക് ശേഷം ഡോക്ടർ പ്രേമുമായി സംസാരിച്ചിരുന്നു. അദ്ദേഹവും പടം കണ്ടു. പ്രശ്നമൊന്നും ഇല്ല. ആ വിവാദം അനാവശ്യമായിരുന്നു. അതില്ലായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. സിനിമ റിലീസ് ചെയ്തത് കുഴിയുടെ ചർച്ചകള്‍ സജീവമായിരിക്കുന്ന സമയത്താണ് എന്നതിനാല്‍ അത് കൂടുതല്‍ ചർച്ചയായി. വീടിന് സമീപത്തുള്ള ഒരു യുവാവ് തമിഴ്നാട്ടിലെ അപകടത്തില്‍ മരിച്ച കാര്യവും സിനിമയില്‍ പരാമർശിക്കുന്നുണ്ട്.
ഇടതുപക്ഷത്തെ വല്ലാതെ കടന്നാക്രമിക്കുന്ന സിനിമയായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഈ സിനിമയെ കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുമ്പോഴെല്ലാം ഇടതുപക്ഷത്തുള്ള ആള്‍ക്കാരുണ്ടായിരുന്നു. കൂറെക്കൂടി വിശദമായി നോക്കിയാല്‍ ഇടതിനെ പിന്തുണയ്ക്കുന്ന സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. ഒരു നാട് ഭരിക്കുന്ന മുഖ്യമന്ത്രി സ്ത്രീയാണ്. അവർ ഇടതുപക്ഷമാണ്. അതിനുള്ള ആർജ്ജം അവർക്കേയുള്ളു. അതിനെ അങ്ങനേയും കാണാമെന്നും സംവിധായകന്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ വീടായിട്ട് നമ്മള്‍ കാണിക്കുന്നത് കല്യാശേരിയാണ്. അത് ഇകെ നായനാരുടെ നാടാണ്. അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരിയാണ് ഇത്രയും ആർജ്ജവുമുള്ള ഒരു മുഖ്യമന്ത്രിയായി നിന്നുകൊണ്ട് സഖ്യകക്ഷിയിലുള്ള മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം എടുക്കുന്നത്. നമ്മള്‍ ഇതിനെ കാണുന്നത് പോസിറ്റിവായിട്ടാണ്. ഈ ഒരു മുന്നേറ്റത്തിന് സാധ്യതയുള്ള സ്ഥലം അതാണെന്നുള്ളതുകൊണ്ടാണ് അങ്ങനെ കാണുന്നത്.
സമയദൈർഘ്യം കാരണം പ്രേമന്‍ എന്ന മന്ത്രിയുമായി ബന്ധപ്പെട്ട ഒരു കാര്യം എടുത്ത് കളഞ്ഞിട്ടുണ്ട്. പ്രേമന്‍ എന്നയാള്‍ ഇടത് നിന്നും വലതുമുന്നണിയിലേക്ക് മാറി വീണ്ടും തിരഞ്ഞെടുപ്പില്‍ നിന്ന് ജയിക്കുന്നിടത്തായിരുന്നു സിനിമ അവസാനിക്കേണ്ടിയിരുന്നത്. അതുപോലുള്ള, ഇന്ന മുന്നണി എന്നൊന്നും ഇല്ലാതെ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി തിരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിയായ ഒരു രാഷ്ട്രീയക്കാരന്റെ കാര്യമാണ് പറഞ്ഞതെന്നും സംവിധായകന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.