ഒരാള്‍ ചത്താലേ ഒരാള്‍ക്ക് വളമാകൂ എന്ന് പറയുന്ന രീതിയില്‍ ചെറിയ സംഭവങ്ങളൊക്കെ ഉണ്ടായി, എന്നാല്‍ ഇതില്‍ ഒന്നും കീഴ്‌പ്പെടാന്‍ ഞാന്‍ തയ്യാറായില്ല, ഞാന്‍ ശക്തമായി ഒറ്റയ്ക്ക് നിന്ന് വാദിച്ചു ; ദിലീപുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് വിനയൻ
സിജു വിൽസണിന്റെ ‘പത്തൊൻപതാം നൂറ്റാണ്ട്’ മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വിനയൻ എന്ന സംവിധായകന്റെ ശക്തമായ തിരിച്ചുവരവുകൂടിയാണ് ഈ ചിത്രം. സിനിമയുടെ റിലീസിന് പിന്നാലെ ചലച്ചിത്ര മേഖലയിലെ നിരവധി പേരാണ് വിനയനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖങ്ങളില്‍ എല്ലാം തന്നെ അദ്ദേഹം സിനിമയില്‍ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ദിലീപുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊടുവിലായിരുന്നു സംവിധായകന്‍ വിനയന് സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് ഏറെ നാളത്തെ നിയമപോരാട്ടത്തിനൊവിലാണ് വിനയന്റെ വിലക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ നീക്കിയത്.ഇപ്പോഴിതാ വിനയന്‍ അന്ന് ദിലീപില്‍ നിന്നും നേരിട്ട കാര്യങ്ങളെ കുറിച്ച് വീണ്ടും മനസുതുറക്കുകയാണ്. ഒരു സിനിമയില്‍ ലക്ഷങ്ങല്‍ പ്രതിഫലമായി വാങ്ങിയതിന് ശേഷം ദിലീപ് പിന്മാറിയെന്നും അതിന് പിന്നാലെ താന്‍ കുടങ്ങിയെന്നും ഇതിന് ശേഷമാണ് തനിക്ക് വിലക്ക് നേരിടേണ്ടി വന്നതെന്നും വിനയന്‍ പറഞ്ഞു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനയന്‍ ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്. വിനയന്റെ വാക്കുകളിലേക്ക്
കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത കാര്യമാണ്. അതിനെ കുറിച്ച് ഇനിയും പറയേണ്ടതുണ്ടോ. അതൊരു നിലപാടിന്റെ പ്രശ്‌നമാണ്. അല്ലാതെ നമ്മള്‍ ആരെയും കൊല്ലാന്‍ പോകുകയോ, ഏതെങ്കിലും പെണ്ണിനെ പീഡിപ്പിക്കാന്‍ പോകുകയോ, അല്ലെങ്കില്‍ ആരെയെങ്കിലും ആക്രമിക്കാന്‍ പോകുകയോ ചെയ്ത കേസല്ലല്ലോ.
ഞാന്‍ സെക്രട്ടറി ആയിരുന്ന സമയത്ത് ദിലീപ് എന്ന നടന്‍, ഒരു ചിത്രത്തിന് വേണ്ടി എഗ്രിമെന്റ് ഒപ്പിട്ടു. അദ്ദേഹവുമായി ഒത്തിരി പടങ്ങള്‍ ചെയ്തതാണ്. ഞാന്‍ ഒരു അനിയനെ പോലെ കണ്ട വ്യക്തിയാണ്. പക്ഷേ, ഞാന്‍ ഒരു സംഘടനയുടെ നേതൃത്വത്തിലിരിക്കുമ്പോള്‍, എഗ്രിമെന്റ് ഒപ്പിട്ട സിനിമയുടെ സംവിധായകനെ മാറ്റണം എന്ന് ആവശ്യപ്പെട്ടു.
സംവിധായകന്‍ ഇടപെട്ടാണ് മുഴുവന്‍ പ്രതിഫലവും വാങ്ങിച്ചത്. 40 ലക്ഷം രൂപയാണെന്ന് തോന്നുന്നു വാങ്ങി നല്‍കിയത്. ആ സമയത്ത് ആ സംവിധായകന്റെ മറ്റൊരു പടം മോശമായതിന്റെ പേരില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ദിലീപ് അറിയിച്ചു. ഇവിടുത്തെ ചില സംവിധായകര്‍ എന്നെ വിളിച്ചിരുന്നു.സത്യത്തില്‍ അതൊരു ട്രാപ്പായിരുന്നു, ഞാന്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറിയാല്‍ മതിയായിരുന്നു. അന്ന് ഞാന്‍ ഒരു തമിഴ് പടം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
അവര്‍ എന്നെ വിളിച്ച് ഞാന്‍ ഇടപെടണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ഇക്കാര്യത്തില്‍ ഇന്നസെന്റിനെ വിളിച്ചു. ഞാന്‍ ദിലീപിനെയും വിളിച്ചു, ഇല്ല, ആ പടം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഞാന്‍ എഗ്രിമെന്റ് ഉള്ളതാണ്, എഗ്രിമെന്റ് വച്ചാല്‍ അത് പാലിക്കണം. അന്ന് സംഘടനയുടെ യോഗം വിളിച്ചുചേര്‍ത്തു. മൂന്ന് മാസത്തിനകം ഈ പ്രശ്‌നം തീര്‍ക്കണമെന്ന് പറഞ്ഞു. എന്നാല്‍ ആ പ്രശ്‌നം പിന്നീട് വഷളായി. ഒരാള്‍ ചത്താലേ ഒരാള്‍ക്ക് വളമാകൂ എന്ന് പറയുന്ന രീതിയില്‍ ചെറിയ സംഭവങ്ങളൊക്കെ ഉണ്ടായി. എന്നാല്‍ ഇതില്‍ ഒന്നും കീഴ്‌പ്പെടാന്‍ ഞാന്‍ തയ്യാറായില്ല. ഞാന്‍ ശക്തമായി ഒറ്റയ്ക്ക് നിന്ന് വാദിച്ചു. വലിയ ഒരു സംഘത്തിന് മുന്നില്‍ ഞാന്‍ ഒറ്റയ്ക്ക് നിന്ന് വാദിച്ചു. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ കോടതിയില്‍ പോയത്. ഈ പറഞ്ഞ ആശാന്മാര്‍ക്ക് എല്ലാം ലക്ഷക്കണക്കിന് രൂപ പിഴ മേടിച്ചു കൊടുത്തു- വിനയന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ സുപ്രീം കോടതിയില്‍ പോയി.
ലക്ഷക്കണക്കിന് രൂപ നല്‍കി വലിയ വക്കീലന്മാരെ കൊണ്ടാണ് വാദിച്ചത്. എനിക്ക് വേണ്ട ആലപ്പുഴയിലുള്ള വക്കീല്‍ ഒരു പൈസയും വാങ്ങിക്കാതെയാണ് വാദിച്ചത്. എന്നാല്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പറഞ്ഞു, വിനയന്‍ എന്ന കലാകാരനെ വിലക്കിയത് ശരിയല്ല. എല്ലാവരും പിഴയടക്കണം- വിനയന്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ വലിയൊരു വിധിയാണത്. നമ്മുടെ മാധ്യമങ്ങള്‍ എത്രമാത്രം ചര്‍ച്ച ചെയ്തു എന്ന് എനിക്ക് അറിയില്ല. അങ്ങനെ ഒരു വിധി വാങ്ങിച്ചാണ് ഞാന്‍ തിരിച്ചുവന്നത്. അന്ന് മമ്മൂട്ടി പോലെയുള്ള ആരാധ്യനായ നടന്‍ പറഞ്ഞു വിനയനെ പോലെ ഒരു സംവിധായകനെ വിലക്കിയത് ശരിയല്ല എന്ന് – വിനയന്‍ പറഞ്ഞു.
