സുചിത്രയാണ് മക്കളോട് ഫ്രീയായി സംസാരിക്കാറുള്ളത്, അവരുടെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കുന്ന ആളല്ല ഞാന്‍;മക്കളെ കുറിച്ച് മോഹൻലാൽ !
മലയാള സിനിമയുടെ നിത്യവിസ്മയമാണ് മോഹൻലാൽ .നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം തുടരുകയാണ്. . ഇപ്പോഴിതാ മക്കളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
മോഹന്‍ലാലിനെ പോലൊരു താരരാജാവിന്റെ മക്കള്‍ താരപദവിയിലാണ് ജീവിക്കേണ്ടത്. എന്നാല്‍ മറ്റുള്ള താരപുത്രന്മാരില്‍ നിന്നും വ്യത്യസ്തമായിട്ടാണ് പ്രണവ് മോഹന്‍ലാലും സഹോദരി വിസ്മയ മോഹന്‍ലാലും ജീവിക്കുന്നത്. കാടും മലയും കയറി ഇറങ്ങി യാത്ര ചെയ്യാനാണ് പ്രണവ് ആഗ്രഹിക്കുന്നത്. സഹോദരനെ പോലെ സ്വതന്ത്രമായി ജീവിക്കാന്‍ മായ എന്ന് വിളിക്കുന്ന വിസ്മയയും ആഗ്രഹിക്കുന്നു.
മക്കള്‍ക്ക് അവരുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വതന്ത്ര്യം താനും ഭാര്യ സുചിത്രയും നല്‍കിയിട്ടുണ്ടെന്നാണ് മോഹന്‍ലാലിപ്പോള്‍ പറയുന്നത്. തിരുവോണത്തിന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. മക്കളെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനാണ് താരരാജാവ് മനസ് തുറന്നത്.
വിസ്മയയും പ്രണവും വലിയ രീതിയില്‍ ഒന്നും ആയിട്ടില്ല. സിനിമയില്‍ ഒരുപാട് അഭിനയിക്കണമെന്ന് ആഗ്രഹമുള്ള ആളല്ല പ്രണവ്. നമ്മളെല്ലാം നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുന്നതാണ്. ഒരു പക്ഷേ മാറ്റം ആയാള്‍ക്കും ഉണ്ടായേക്കാം. ചിലപ്പോള്‍ സിനിമയെ ഇഷ്ടപ്പെട്ടിട്ടുണ്ടാവും. ശരിക്കും അതൊരു പറിച്ച് നടലായിരുന്നു. പ്രണവ് സ്വതന്ത്രനായി നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അതില്‍ നിന്നും പെട്ടെന്ന് സിനിമയിലേക്ക് എത്തിയൊരു അവസ്ഥയിലാണ്. അതുമായിട്ട് കൂടി ചേരേണ്ട സമയമാണ്. അതിന് സമയം എടുക്കും.
മായ ഒരു കവിയത്രിയൊന്നുമല്ല. അവര്‍ പണ്ടെഴുതിയ കുറേ കളക്ഷന്‍സ് നമ്മള്‍ കണ്ടപ്പോള്‍ അതൊരു ബുക്ക് ആക്കാമെന്ന് കരുതി. ഇനിയൊരു ബുക്കൊക്കെ അവള്‍ക്ക് എഴുതാന്‍ പറ്റുമോന്ന് എനിക്ക് അറിയില്ല. രണ്ടാളും സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. അതിനുള്ള സ്വതന്ത്ര്യം നമ്മള്‍ കൊടുത്തിട്ടുമുണ്ട്.
ഹൃദയം ഹിറ്റായപ്പോള്‍ അപ്പുവിന് സമ്മാനമായി എന്ത് കൊടുത്തു എന്ന ചോദ്യത്തിന് അങ്ങനെ സമ്മാനമൊന്നും കൊടുത്തിട്ടില്ല. എന്റെ ഹൃദയം തന്നെയാണ് കൊടുത്തതെന്ന് മോഹന്‍ലാല്‍ പറയുന്നു.വീട്ടില്‍ സിനിമയുമായിട്ടുള്ള ചര്‍ച്ചകളൊന്നും പ്രണവുമായി നടത്താറില്ല. ഇടയ്ക്ക് അത് ഷൂട്ടിങ് നടക്കുന്ന കോളേജില്‍ പോയിരുന്നു. അതും നിര്‍ബന്ധിച്ചത് കൊണ്ട് പോയതാണ്. അത് അയാളുടെ ഇഷ്ടമാണ്. അതല്ലാതെ നമ്മളവിടെ പോയിരുന്ന് അഭിനയിപ്പിക്കുക ഒന്നുമല്ല ചെയ്തത്. ഹൃദയത്തില്‍ അവന്‍ വളരെ നന്നായി അഭിനയിച്ചു. ആദ്യത്തെ സിനിമ പ്രണവിനെ നിര്‍ബന്ധിപ്പിച്ച് ചെയ്യിപ്പിച്ചതാണെന്ന് മോഹന്‍ലാല്‍ വീണ്ടും പറയുന്നു.
എന്നെക്കാളും കൂടുതല്‍ ഭാര്യ സുചിത്രയാണ് മക്കളോട് ഫ്രീയായി സംസാരിക്കാറുള്ളത്. അവരുടെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കുന്ന ആളല്ല ഞാന്‍. സുചി കുറച്ചൂടി അവരുമായി സംസാരിക്കാനും സിനിമയുടെ കഥ ചര്‍ച്ച ചെയ്യുകയുമൊക്കെ ചെയ്യാറുണ്ട്. സുചിത്ര കഥ ചര്‍ച്ച ചെയ്യുന്ന സിനിമയുടെ ആളൊന്നുമല്ല. എങ്കിലും അവര്‍ക്ക് തോന്നിയ അഭിപ്രായം പറയാറുണ്ട്. അങ്ങനെ മക്കള്‍ക്ക് ബന്ധം കൂടുതല്‍ അമ്മയോടാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു
ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി അഭിനയിക്കാൻ പ്രണവ് മോഹൻലാലിന് താൽപര്യമില്ലായിരുന്നു. എന്നാൽ ജിത്തു ജോസഫിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദി എന്ന ചിത്രത്തിലൂടെ പ്രണവ് വീണ്ടും വെള്ളിത്തിരയിലേക്ക് എത്തി. ഈ വർഷം റിലീസ് ചെയ്ത ഹൃദയം എന്ന ചിത്രം ഹിറ്റായതോടെ പ്രണവിന് ആരാധക പിൻബലം കൂടി.
