ജോര്‍ജുകുട്ടി വേറെ ലെവൽ! വന്‍ വരവേല്‍പ്പ്…. ചിത്രത്തിന് മൂന്നാം ഭാഗമോ?
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ദൃശ്യം 2 കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസായി. സാധാരണ ഗതിയിൽ ഒരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു വരാൻ എടുക്കുന്ന സമയം വേണ്ടി വന്നില്ല, ഒന്ന് നേരം ഇരുട്ടി വെളുത്തതും ചിത്രത്തിന് സ്വീകാര്യത ലഭിക്കാൻ. കണ്ടവരിൽ എതിരഭിപ്രായം പറയുന്നവരെ കണ്ടെത്തുക ശ്രമകരം തന്നെ. ദൃശ്യത്തിന്റെ ആദ്യ ഭാഗം പോലെ തന്നെ ഈ ചിത്രവും പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്തുന്നുെവന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ദൃശ്യത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച രണ്ടാം ഭാഗം തന്നെയാണ് ചിത്രമെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ പറയുന്നത്. ജീത്തു ജോസഫിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ലായി വിലയിരുത്തപ്പെടുന്നത്. ദൃശ്യത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമയും തിരക്കഥയുമാണ് ദൃശ്യം 2. അത്യുഗ്രൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നും രണ്ടരമണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്
ജോർജ്ജുകുട്ടിയായുള്ള മോഹൻലാലിന്റെ അഭിനയപ്രകടനവും ജീത്തു ജോസഫിന്റെ സംവിധാനമികവും ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളാണ്. മലയാളത്തിൽ നിന്നു മാത്രമല്ല തമിഴിലെ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും ചിത്രത്തെ പ്രശംസിച്ച് എത്തുന്നുണ്ട്. ഒടിയന് ശേഷം മോഹന്‍ലാലിലെ നടനെ തിരികെ ലഭിച്ച സിനിമയായാണ് സോഷ്യല്‍ മീഡിയ ചിത്രത്തെ വിലയിരുത്തുന്നത്. ഈ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലല്ലായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നതെന്നും തീയേറ്ററില്‍ തന്നെ ഇറങ്ങേണ്ടിയിരുന്ന സിനിമയായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്താന്‍ സാധിക്കുമായിരുന്നുവെന്നാണ് അവരുടെ അഭിപ്രായം.
അതിനിടെ സംവിധായകനും തിരക്കഥാകൃത്തുമായ ജീത്തു ജോസഫിനെയും അഭിനന്ദിച്ചുകൊണ്ട് സിനിമാസ്വാദകർ രംഗത്തെത്തി. ജീത്തുവിനെ അഭിനന്ദിച്ചു കൊണ്ടുള്ള ട്രോളുകളും വീഡിയോകളും വരാന്‍ തുടങ്ങിയിട്ടുണ്ട്. റിലീസിന് മുന്‍പ് അദ്ദേഹം നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങള്‍ വെച്ചുകൊണ്ടുള്ള വീഡിയോകളാണ് പലരും ചെയ്തിരിക്കുന്നത്. ‘ഇയാള്‍ സംവിധായകന്‍ അല്ലായിരുന്നെങ്കില്‍ ലോകം അറിയുന്ന ഒരു വലിയ ക്രിമിനല്‍ ആയേനെ,’ എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ജീത്തു ജോസഫ് എന്നെങ്കിലും ഒരു ക്രൈം ചെയ്താല്‍ കണ്ടുപിടിക്കാന്‍ കേരള പൊലീസ് ശരിക്കും ബുദ്ധിമുട്ടുമെന്നും ഇത്രയും ട്വിസ്റ്റൊക്കെ എങ്ങനെ ചിന്തിക്കാന്‍ കഴിയുന്നുവെന്നുമാണ് ചിലരുടെ കമന്റ്.
മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം.
എന്നാല്‍ റിലീസ് ദിവസം തന്നെ ചിത്രത്തിനൊരു വെല്ലുവിളിയും നേരിടേണ്ടി വന്നിരിക്കുകയാണ്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ദൃശ്യ 2വിന്റെ വ്യാജന്‍ ടെലഗ്രാമിലൂടെ ലീക്കായിരിക്കുകയാണ്. ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകളിലൂടെ ചിത്രം ഇപ്പോള്‍ പ്രചരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോഴേക്കും ചിത്രം ടെലഗ്രാമിലൂടെ ലീക്കാവുകയായിരുന്നു. നേരത്തേയും സമാനമായ രീതിയില്‍ സിനിമകള്‍ ലീക്കായിരുന്നു.
