ഇന്ത്യയിലെ പെൺകുട്ടികൾക്ക് ; വിദ്യാഭ്യാസ സഹായം; ഷാരൂഖിന്റെ പേരിലുള്ള സ്‌കോളർഷിപ്പ് പുനരാരംഭിച്ച് ലാ ട്രോബ് സർവകലാശാല
ബോളിവുഡിലെ ബാദ്ഷാ എന്നറിയപ്പെടുന്ന താരമാണ് ഷാരൂഖ് ഖാന് . ബോളിവുഡ് കിംഗ്, കിംഗ് ഖാൻ എന്നിങ്ങനെ അറിയപ്പെടുന്ന ആരാധകരുടെ സ്വന്തം എസ്ആർകെ 1989 ൽ പുറത്തിറങ്ങിയ ഫൗജി എന്ന സീരിയലിൽ അഭിനയിച്ച് ടെലിവിഷനിലൂടെയാണ് കലാരംഗത്തെ തന്റെ അരങ്ങേറ്റം കുറിച്ചത്.
ഇന്ത്യക്കകത്തും പുറത്തും ആരാധകർ ഏറെയുള്ള താരമാണ് ഷാരൂഖ് ഖാൻ. എന്നാൽ ഒരു നടൻ എന്നതിനപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും താരം ശ്രദ്ധേയനാണ്. ഇപ്പോഴിതാ, ഇന്ത്യയിൽ നിന്നുള്ള പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ആരംഭിച്ച സ്കോളർഷിപ്പ് പുനരാരംഭിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ ലാ ട്രോബ് യൂണിവേഴ്സിറ്റി.
തന്റെ വിശ്രമ വേളയിൽ ഓസ്‌ട്രേലിയയിൽ എത്തിയ ഷാരൂഖ് ലാ ട്രോബ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സന്ദർശിച്ചതിനിടയിലാണ് ഇന്ത്യൻ വിദ്യാർത്ഥിനികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പ് വാഗ്ദാനം ചെയ്തത്. 18 ലക്ഷത്തിനടുത്തുള്ള സ്കോളർഷിപ്പാണ് ഇപ്പോൾ പുനരാരംഭിച്ചത്. ഒപ്പം ആസിഡ് ആക്രമണത്തിന് ഇരയായവരെ സംരക്ഷിക്കുന്ന മീർ ഫൗണ്ടേഷനുവേണ്ടി ഷാരൂഖ് ഖാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും സർവകലാശാല അംഗീകരിച്ചു. 120-ലധികം ആസിഡ് ആക്രമണത്തിന് ഇരയായവരെ പരിപാലിക്കുന്നതിനു പുറമേ, അംഫാൻ ഇരകൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനങ്ങളും കൊവിഡ് കാലത്തെ താരത്തിന്റെ സംഭാവനകളും ശ്രദ്ധേയമായിരുന്നു.
ഷാരൂഖ് തന്റെ അഭിനയ ജീവിത്തിന്റെ 30-ാം വർഷത്തിലാണ്. ടെലിവിഷനിൽ ചെറിയ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച താരം 1992 ൽ ‘ദീവാന’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പിന്നാലെ നിരവധി ഹിറ്റുകളും ബോളിവുഡിന് കിങ് ഖാൻ സമ്മാമിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക് കടന്ന താരത്തിന്റെ മൂന്ന് പ്രധാന റിലീസുകളാണ് 2023 ൽ തന്നെ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
