Malayalam
പുലര്‍ച്ചെ 4.27 ന് നടക്കാന്‍ ബുദ്ധിമുട്ടുന്ന സൊനാലിയെ താങ്ങിപ്പിടിച്ച് ടേബിളിലെത്തിച്ച് സഹായി; ഗോവയിലെ പബില്‍ നിന്നുളള സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
പുലര്‍ച്ചെ 4.27 ന് നടക്കാന്‍ ബുദ്ധിമുട്ടുന്ന സൊനാലിയെ താങ്ങിപ്പിടിച്ച് ടേബിളിലെത്തിച്ച് സഹായി; ഗോവയിലെ പബില്‍ നിന്നുളള സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബിജെപി നേതാവും നടിയുമായ സോനാലി ഫോഗട്ട് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരം മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇപ്പോഴിതാ സോനാലി ഫോഗട്ട് മരിക്കുന്നതിന് മുന്പുളള ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഗോവയിലെ പബില്‍ നിന്നുളള സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നടക്കാന്‍ ബുദ്ധിമുട്ടുന്ന സൊനാലിയെ സഹായി ടേബിളിലെത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സൊനാലി മരണപ്പെടുന്ന ദിവസം പുലര്‍ച്ചെ 4.27നുളള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരുമിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുളള വീഡിയോയില്‍ ചുവപ്പ് നിറത്തിലുള്ള ടോപ്പും നീല ഷോട്സും ധരിച്ചിരിക്കുന്ന സൊനാലി ഫോഗട്ടിനെ വ്യക്തമായി കാണാം. കൂടെയുളളത് സൊനാലിയുടെ കേസില്‍ കുറ്റാരോപിതനും സൊനാലിയുടെ സഹായിയുമായ സുധീര്‍ സാങ്വാനാണെന്നാണ് സംശയിക്കുന്നത്.
കുറ്റാരോപിതനായ സുഖ്വീന്ദര് വാസിയും സ്ഥലത്തുണ്ടായിരുന്നതായാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. സൊണാലി ഫോഗോട്ടിന് സഹായികള്‍ ബലമായി മയക്കുമരുന്ന് നല്‍കിയെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സൊനാലിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് സുധീര്‍ സംഗ്വാനെയും ഇയാളുടെ സുഹൃത്ത് സുഖ്വീന്ദര് വാസിയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് മയക്കുമരുന്ന് നല്കിയ വിവരം ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. മയക്കുമരുന്നുകള്‍ അവര്‍ക്ക് ബലമായി നല്‍കിയതായാണ് മനസിലാക്കുന്നതെന്ന് ഗോവ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓംവീര്‍ സിംഗ് ബിഷ്ണോയ് മാധ്യമങ്ങളോട് പറഞ്ഞു. മയക്കുമരുന്ന് നല്‍കിയശേഷം ഇരുവരും ചേര്‍ന്ന് സൊനാലിയെ ശുചിമുറിയില്‍ കൊണ്ടുപോയി. പിന്നീടുളള രണ്ട് മണിക്കൂര്‍ അവര്‍ എന്താണ് ചെയ്തതെന്നതിന് മറുപടി ലഭിച്ചിട്ടില്ല. ഈ മരുന്നിന്റെ സ്വാധീനത്തിലാണ് സൊനാലി മരിച്ചതെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സൊനാലിയുടെ ശരീരത്തില്‍ ഒന്നിലധികം ക്ഷതമേറ്റ പാടുകളുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സോനാലിക്കൊപ്പം ഗോവയിലെത്തിയ ഇരുവരെയും അറസ്റ്റ് ചെയ്തത്. ശരീരത്തില്‍ ഒന്നിലധികം ക്ഷതമേറ്റ പാടുകളാണ് കണ്ടെത്താനായത്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള പരുക്കുകള്‍ ഒന്നും ദേഹപരിശോധന നടത്തിയ വനിതാ പൊലീസുകാര്‍ക്ക് കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു.
ഇരുവര്‍ക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. സുധീറും സുഖ്വീന്ദറും ചേര്‍ന്ന് സൊനാലിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് സഹോദരന് റിങ്കു ദാക്കയും പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ സൊനാലിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും സഹോദരന് ആരോപിച്ചിരുന്നു.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സൊണാലി അമ്മയും സഹോദരിയുമായും ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഇതിനിടെ പേഴ്സണല്‍ അസിസ്റ്റന്റിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഭക്ഷണത്തില്‍ എന്തോ ചേര്‍ത്ത് നല്‍കിയായിരുന്നു സുധീര്‍ ബലാത്സംഗം ചെയ്തതെന്നും ഇത് ചിത്രീകരിച്ച് ബ്ലാക്മെയില്‍ ചെയ്തെന്നും ആരോപിച്ചിരുന്നു. അഭിനയ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുമെന്ന് സുധീര്‍ ഭീഷണിപ്പെടുത്തി. അവര്‍ക്കെതിരെ പരാതി നല്കാന് തീരുമാനിച്ചതായി സൊനാലി പറഞ്ഞിരുന്നുവെന്നും സഹോദരന് നല്കിയ പരാതിയില്‍ പറയുന്നു.
