മലയാള സിനിമകള്‍ക്ക് ഒരു കമ്മ്യുണിസ്റ്റ് പശ്ചാത്തലം ഉണ്ട് ; അംബേദ്കറിന്റെയും ഐഡിയോളജിയും വരണമെന്ന് ആഗ്രഹിക്കുന്നു; പാ രഞ്ജിത്ത് പറയുന്നു !
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, വിനായകന്, ദിലീഷ് പോത്തന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്ത ചിത്രമാണ് ‘പട’. കേരളത്തിൽ 25 വർഷങ്ങൾക്കു മുൻപ് അയ്യങ്കാളിപ്പട നടത്തിയ ഒരു യഥാർത്ഥ സമരത്തെ ആസ്പദമാക്കിയാണ് ‘പട’ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സമീപ കാലത്ത് ഇറങ്ങിയതില്‍ ഇഷ്ടപ്പെട്ട മലയാള സിനിമ ‘പട’യെന്ന് തെന്നിന്ത്യന്‍ സംവിധായകന് പാ രഞ്ജിത്ത്. പട വളരെ ലളിതമായി അവതരിപ്പിച്ച ചിത്രമാണ്.
സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തിലും ഒരു വിധത്തിലുള്ള വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ പുരോഗമനപരമായ നിരവധി സിനിമകള്‍ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം ‘നച്ചത്തിരം നഗര്‍ഗിരത്ത്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാ രഞ്ജിത്തിന്റെ പ്രതികരണം.
‘അടുത്തായി ഇറങ്ങിയ ‘പട’ എന്ന സിനിമ എനിക്ക് വളരെ ഇഷ്ടമാണ്. അതിനെപ്പറ്റി ഞാന്‍ സംസാരിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി സംവിധായകരുമായി സംസാരിക്കാറുണ്ട്. പട എനിക്ക് ഇഷ്ടപ്പെടാന്‍ കാരണം, വളരെ ലളിതമായ ചിത്രത്തിന്റേത് പ്രമേയമാണ്. ഭൂമിയേക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ്. നാല് അഭിനേതാക്കളെ വച്ച് സിനിമയെടുത്ത വിധം എനിക്ക് ഇഷ്ടമാണ്.
സിനിമയുടെ രാഷ്ട്രീയത്തില്‍ ഒരു വിധത്തിലുള്ള വിട്ടുവീഴ്ച ചെയ്തിട്ടില്ല. ‘കമ്മ്യുണിസ്റ്റും കോണ്‍ഗ്രസും മാറി മാറി ഭരിച്ചിട്ടും ആദിവാസികള്‍ക്ക് ഭൂമി ലഭിച്ചില്ല’ എന്നൊരു ഡയലോഗ് ഉണ്ട് സിനിമയില്‍. ഈ സിനിമയുടെ ഡയറക്ടര്‍ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ആളാണ്. അങ്ങനൊരാള് ഇങ്ങനെയുള്ള ഒരു വിമര്‍ശനം നടത്തി, അതിലൊരു സത്യസന്ധതയുണ്ട്, അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ആ ഡയലോഗിലുള്ള സത്യസന്ധത ആ സിനിമയിലുടനീളമുണ്ട്’ പാ രഞ്ജിത്ത് വ്യക്തമാക്കി.
മലയാള സിനിമകള്‍ക്ക് ഒരു കമ്മ്യുണിസ്റ്റ് പശ്ചാത്തലം ഉണ്ടെന്നും അതേസമയം അംബേദ്കറിന്റെയും ഐഡിയോളജിയും വരണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സംവിധായകന് അഭിപ്രായപ്പെട്ടു. തമിഴില്‍ അത്തരത്തിലുള്ള സിനിമകള്‍ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാടം’ തനിക്ക് ഇഷ്ടമുള്ള മറ്റൊരു ചിത്രമാണെന്നും അദ്ദേഹത്തിന്റെ അടുത്ത സിനിമ ‘തുറമുഖ’ത്തിനായി കാത്തിരിക്കുകയാണെന്നും പാ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
