News
ഭിന്നശേഷിക്കാരെ അപമാനിക്കുന്നു, ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’യ്ക്കെതിരെ വീണ്ടും പരാതി; കൂടുതല്‍ ശക്തമായി ബഹിഷ്കരണാവശ്യം
ഭിന്നശേഷിക്കാരെ അപമാനിക്കുന്നു, ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’യ്ക്കെതിരെ വീണ്ടും പരാതി; കൂടുതല്‍ ശക്തമായി ബഹിഷ്കരണാവശ്യം
റിലീസിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന ചിത്രമായിരുന്നു ആമിര്‍ ഖാന് നായകനായി എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’. ചിത്രത്തിനെതിരെ കടുത്ത രീതിയിലുള്ള ബഹിഷ്കരണാഹ്വാനങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ ഭിന്നശേഷിക്കാരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് സിനിമയ്ക്കെതിരെ കേസെടുത്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഡോക്ടേഴ്സ് വിത്ത് ഡിസബിലിറ്റീസിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്. ഭിന്നശേഷിക്കാരില്‍ പ്രത്യേക കഴിവുള്ളവരെ ചിത്രത്തില്‍ പരിഹസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതോടെ സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവും കൂടുതല്‍ ശക്തമായിരിക്കുകയാണ്.
എന്നാല്‍ കേസ് സംബന്ധിച്ച് സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തില്‍ നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’, തപ്സി പന്നുവിന്റെ ‘ശബാഷ് മിഥു’ എന്നീ സിനിമകളുടെ സംവിധായകരില്‍ നിന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നും വികലാംഗ കമ്മീഷന് നോട്ടീസ് അയച്ച് അഭിപ്രായം തേടിയിട്ടുണ്ട്.
വിഷയത്തില്‍ കേന്ദ്ര പ്രേക്ഷപണ മന്ത്രാലയവും വിശദീകരണം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലാല്‍ സിംഗ് ഛദ്ദയ്ക്ക് എതിരെ ബംഗാള്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സമാധാന ലംഘനം നടത്തുന്നതിനാല്‍ ബംഗാളില്‍ സിനിമ പൂര്‍ണമായും നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടുന്നത്.
നിരോധനം ബംഗാളില്‍ നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ എല്ലാ തിയേറ്ററിനും പുറത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉയര്‍ത്തിയിട്ടുണ്ട്. അഭിഭാഷകയായ നാസിയ ഇലാഹി ഖാനാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സിനിമയില്‍ സൈന്യത്തെ അവതരിപ്പിച്ചത് ശരിയായല്ലെന്നും നാസിയ ഇലാഹി ഉന്നയിച്ചിരുന്നു.
നേരത്തെ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നും ഇന്ത്യന്‍ ആര്‍മിയോട് അനാദരവ് കാണിച്ചുവെന്നും ആരോപിച്ച് ലാല്‍ സിംഗ് ഛദ്ദയ്ക്ക് എതിരെ പരാതി ലഭിച്ചിരുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന് വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയ്ക്ക് പരാതി നല്‍കിയത്. ആമിര്‍ ഖാനെതിരെയും ‘ലാല്‍ സിംഗ് ഛദ്ദ’യുടെ നിര്‍മ്മാതാക്കള്‍ക്കെതിരെയുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
