News
തെലുങ്ക് സിനിമകള്‍ തിയേറ്റര്‍ റിലീസ് കഴിഞ്ഞ് എപ്പോള്‍ മുതല്‍ ഒടിടിയില്‍ കാണാനാകും..?; ടോളിവുഡ് നിര്‍മ്മാതാക്കളുടെ തീരുമാനം ഇങ്ങനെ
തെലുങ്ക് സിനിമകള്‍ തിയേറ്റര്‍ റിലീസ് കഴിഞ്ഞ് എപ്പോള്‍ മുതല്‍ ഒടിടിയില്‍ കാണാനാകും..?; ടോളിവുഡ് നിര്‍മ്മാതാക്കളുടെ തീരുമാനം ഇങ്ങനെ
ഇന്ന് മിക്ക ഭാഷാ ചിത്രങ്ങളെല്ലാം തന്നെ ഒടിടി പ്ലാറ്റ്ഫോമിലേയ്ക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ തെലുങ്ക് സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് എട്ട് ആഴ്ചകള്‍ക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാന്‍ ടോളിവുഡ് നിര്‍മ്മാതാക്കള്‍ ഏകകണ്ഠമായി തീരുമാനിച്ചു എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ഒടിടി പ്ലാറ്റ്ഫോം ഉടമകളുമായി കരാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചതായും നിര്‍മ്മാതാവ് ദില്‍ രാജു പങ്കുവെച്ചു.
വ്യാഴാഴ്ച ഹൈദരാബാദില്‍ ഫിലിം ചേംബര്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ ഷൂട്ടിംഗ് മുടങ്ങിയതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ദില്‍ രാജു വിശദമായി ചൂണ്ടിക്കാട്ടി. നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും, ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്താനും, കര്‍മപദ്ധതി നടപ്പാക്കുന്നതിലെ പുരോഗതി പങ്കുവെക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. സിനിമാ നിര്‍മ്മാണച്ചെലവ് കുറയ്ക്കുന്നതിനായി മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ പ്രേക്ഷകര്‍ക്ക് മിതമായ നിരക്കില്‍ ടിക്കറ്റും ലഘുഭക്ഷണവും ലഭ്യമാക്കണമെന്ന നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥനയോട് മള്‍ട്ടിപ്ലക്സുകളുടെ മാനേജ്മെന്റ് അനുകൂലമായി പ്രതികരിച്ചതായി ദില്‍ രാജു പറഞ്ഞു. എന്നിരുന്നാലും, എക്സിബിറ്റര്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വെര്‍ച്വല്‍ പ്രിന്റ് ഫീ ചാര്‍ജുകളെക്കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തു.
ഫിലിം ചേംബര്‍ പ്രസിഡന്റ് ബാസി റെഡ്ഡി, ജനറല്‍ സെക്രട്ടറി ദാമോദര പ്രസാദ്, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് സി. കല്യാണ്‍, സെക്രട്ടറി ടി. പ്രസന്നകുമാര്‍, സംവിധായകന് തേജ, നിര്‍മ്മാതാക്കളായ ‘ശ്രാവന്തി’ കിഷോര്‍, അഭിഷേക് നാമ, ആര്.കെ., ആനി രവി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
